രണ്ടാം തവണയും കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ പ്രസീതയ്ക്ക് സുഖപ്രസവം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ: രണ്ടാം തവണയും കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ പ്രസീതയ്ക്ക് സുഖപ്രസവം. പോയ വർഷം ആദ്യ പ്രസവം കനിവ് 108 ആംബുലൻസിനുള്ളിൽ നടന്നപ്പോൾ ഇക്കുറി പ്രസവം നടന്നത് വീട്ടിൽ വെച്ചാണ്. തൃശൂർ മലക്കപ്പാറ വാച്ച് മരം ആദിവാസി ഊരിലെ മുകേഷിൻ്റെ ഭാര്യ പ്രസീത (20)ക്കാണ് രണ്ടാം തവണയും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ പ്രസീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ട്രൈബൽ ആശ പ്രവർത്തകയായ മഞ്ജുവിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മഞ്ജുവാണ് കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടനെ ആംബുലൻസ് പൈലറ്റ് വി.എസ് വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗ്രിഷ എൻ സാമുവൽ എന്നിവർ ഊരിലെത്തി.

ഗ്രിഷയുടെ പരിശോധനയിൽ പ്രസവം എടുക്കാതെ പ്രസീതയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയില്ല എന്ന് മനസിലാക്കി വീട്ടിൽ തന്നെ അതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 4.15ന് ഗ്രിഷയുടെ പരിചരണത്തിൽ പ്രസീത ആൺ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾ കൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.

ഉടനെ ഇരുവരെയും പൈലറ്റ് വിഷ്ണു ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതയി ആശുപത്രി ബന്ധുക്കൾ പറഞ്ഞു. 3 ഓഗസ്റ്റ് 2020ലാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിന് ഉള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ പ്രസീത ആൺ കുഞ്ഞിന് ജന്മം നൽകിയത്. അന്നും ആംബുലൻസ് വളയം പിടിച്ചത് വിഷ്ണു ആണ്. രണ്ടാം തവണയും ആംബുലൻസ് സാരഥി ആയ സന്തോഷത്തിലാണ് ആംബുലൻസ് പൈലറ്റ് വിഷ്ണു.

Advertisment