തൃശൂര്‍: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നാഷണൽ ഹെഡ് ക്വാട്ടേഴ്സ് കമ്മീഷണറായി പ്രൊഫ. ഇ.യു. രാജൻ നിയമിതനായി. കേരള കാർഷിക സർവകലാശാല മുൻ ഡയറക്ടറും കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ മുൻ സംസ്ഥാന കമ്മീഷണറുമായിരുന്നു.
കേരളത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരു മലയാളി ഈ ദേശീയ ഉത്തരവാദിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് (പ്രൊഫഷണൽ അല്ലാത്ത വ്യക്തി). യുവാക്കളെ സ്കൗട്ടിംഗ് (റോവർ) പരിശീലിപ്പിക്കുന്നതിനുള്ള ലീഡർ ട്രെയിനിംഗ് ബിരുദം നേടിയിട്ടുള്ള കേരളത്തിലെ ആദ്യത്തെ വ്യക്തിയാണ്.
സ്കൗട്ട് മാസ്റ്റർ, റോവർ ലീഡർ, ജില്ല സെക്രട്ടറി, ജില്ല ട്രെയിനിംഗ് കമ്മീഷണർ, നാഷണൽ കൗൺസിൽ അംഗം, ദേശീയ റൂൾസ് കമ്മിറ്റിയംഗം, സംസ്ഥാന സ്കൗട്ട്സ് & ഗൈഡ്സിന്റെ അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള രാജൻ തൃശൂര്‍ ജില്ലയിൽ സ്കൗട്ട് പ്രസ്ഥാനത്തിന് ഒരു ആസ്ഥാനം എന്ന ചിലകാല സ്വപ്ന സാക്ഷാത്ക്കാരത്തിന് വേണ്ടി യത്നിച്ച അദ്ദേഹം എല്ലാവരുടെയും സഹകരണത്തോടെ 5000 ചതുരശ്ര അടിയിൽ മികച്ച സൗകര്യങ്ങളുള്ള ഓഫീസും പരിശീലനകേന്ദ്രവും സ്ഥാപിച്ചു. തൃശ്ശിവ പേരൂരിന്റെ പൈതൃക സ്തംഭമായി 4 നിലകളിൽ പാലസ് റോഡിൽ സ്ഥിതിചെയ്യുന്ന ഈ കെട്ടിടം ഇന്ന് ഇന്ത്യാ രാജ്യത്തുതന്നെ ഏറ്റവും വലിയ സ്കൗട്ട് കലാലയമായി പ്രശോഭിക്കുന്നു.
തൃശ്ശൂർ ജില്ല അത്ലറ്റിക് അസ്സോസിയേഷൻ ജില്ലാ പ്രസിഡണ്ട്, ജില്ലാ ഒളിബിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, 23-ാം സ്കൗട്ട് (ഓപ്പൺ) ഗ്രൂപ്പ് റോവർ ലീഡർ, ബേഡൽ പവ്വർ ട്രസ്റ്റ് ചെയർമാൻ, സീനിയർ ചേംബറിന്റെ മുൻ ദേശീയ പ്രസിഡണ്ട്, ജെ.സി.ഐ തൃശ്ശൂർ ഗവേണിംഗ് ബോർഡ് മെമ്പർ എന്നിങ്ങനെ മറ്റു സാംസ്ക്കാരിക രംഗത്തും പ്രവർത്തിച്ചുവരുന്നു.
പതിനഞ്ച് ദേശീയ ജാംബോറികളിലും, സാർക്ക്, ഏഷ്യാപസഫിക് ജാംബോറികളിലും പങ്കെടുത്ത ഇദ്ദേഹം മലേഷ്യ, സിംഗപൂർ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ സാംസ്ക്കാരിക വിനിമയ പരിപാടികളും പരിശീലനവുമായി ബന്ധപ്പെട്ടും കെനിയയിൽ സ്കൗട്ട് ഗൈഡ് സ്ഥാപ കൻ ബേഡൻ പവ്വലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന നയേരിയും സന്ദർശിച്ചിട്ടുണ്ട്. 1970 ൽ രാഷ്ട്രപതിയുടെ സ്കൗട്ട് അവാർഡും, 1972-ൽ കേരളത്തിൽ നിന്നും ആദ്യത്തെ റോവർ അവാർഡും അന്നത്തെ രാഷ്ട്രപതി വി.വി.ഗിരിയിൽ നിന്നും ഏറ്റുവാങ്ങി.
1985-ൽ മെഡൽ ഓഫ് മെറിറ്റ് അവാർഡും 2004ൽ ബാർ ടു മെഡൽ മെറിറ്റും കരസ്ഥമാക്കി. 2010-ൽ മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള സംസ്ഥാന അവാർഡും, 2013-ൽ ഇന്ത്യൻ സീനിയർ ചേംബറിന്റെ കോൺസുലേറ്റ് ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി.
1998ലും, 2003ലും യഥാക്രമം ഉപരാഷ്ട്രപതിമാരായ കൃഷ്ണകാന്ത്, ഭൈറോൺ സിംഗ് ശിഖാവത്ത് എന്നിവരിൽ നിന്നും ഉപരാഷ്ട്രപതി അവാർഡുകൾ സ്വീകരിച്ചു. 1990 ൽ അന്നത്തെ രാഷ്ട്രപതി ആർ വെങ്കിട്ടരാമനിൽ നിന്നും പ്രത്യേക അംഗീകാരം നേടി. 2007 ൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൽ നിന്നും സിൽവർസ്റ്റാർ ദേശീയ പുരസ്കാരം സ്വീകരിച്ചു.
സുദീർഘമായ അരനൂറ്റാണ്ട് കാലം സ്കൗട്ടിംഗും ജീവിതവും തമ്മിൽ ഇഴചേർത്ത് നെയ്തെടുത്ത കർമ്മ സാഫല്യത്തിന്റെ നിറവിൽ 2015 ഡിസംബർ 8ന് സ്കൗട്ട് പ്രസ്ഥാനത്തിന്റെ പരമോന്നത ദേശീയ ബഹുമതിയായ സിൽവർ എലിഫന്റ് അവാർഡ് രാഷ്ട്രപതി പ്രണാബ്കുമാർ മുഖർജിയിൽ നിന്നു ഏറ്റുവാങ്ങി.
2016ൽ ഗ്ലോബൽ ഇക്കോണമിക്സ് & റിസർച്ച് അസോസിയേഷൻ ദേശീയ തലത്തിൽ ഏർപ്പെടുത്തിയ സർവ്വകലാശാല അദ്ധ്യാപകർക്കുള്ള ഭാരത് മദർ തെരേസ്സ ഗോൾഡ് മെഡൽ ദേശീയ പുരസ്ക്കാരത്തിന് അർഹനായി.