വിൻസന്‍റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്; 3500 ൽ പരം നൂലിഴകൾ കൊണ്ട് മദർ തെരേസയുടെ ഛായചിത്രം ഒരുക്കി

New Update

publive-image

തൃശ്ശൂർ:പത്തടി നീളവും വീതിയും ഉള്ള വൃത്താകൃതിയുള്ള ക്യാൻവാസ് ബോർഡിൽ 3500 ൽ പരം നൂലിഴകൾ കൊണ്ട് മദർ തെരേസയുടെ ഛായചിത്രം തീർത്ത തൃശ്ശൂർ ജില്ലക്കാരനും അനാമോർഫിക് ആർട്ടിലൂടെ ശ്രദ്ധേയനുമായ വിൻസന്റ് പല്ലിശ്ശേരിക്ക് ലാർജ്സ്റ്റ് പിൻ & ത്രഡ് ആർട്ട് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു.

Advertisment

ഇറാഖ് സ്വദേശിയായ സയ്യിദ് ബാഷൂണിന്റെ പേരിലുണ്ടായിരുന്ന ആറര അടി വലിപ്പമുള്ള ചിത്രത്തിന്റെ റെക്കോർഡാണ് വിൻസന്റ് പത്തടിയുള്ള ക്യാൻവാസിൽ (7.544 m2, 81 ft 29 in) അളവിലുള്ള നൂൽ ചിത്രം നിർമ്മിച്ച്
മറികടന്നത്.

ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ് ) സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂർ ഗിന്നസ് സർട്ടിഫിക്കറ്റ് വിൻസന്റ് പല്ലിശ്ശേരിക്ക് കൈമാറി. 67 വർഷത്തെ ഗിന്നസിന്റെ ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ ഗിന്നസ് നേട്ടം കൈവരിക്കുന്ന അറുപതാമത്തെ മലയാളിയാണ് വിൻസന്റ് പല്ലിശേരിയെന്ന് സത്താർ ആദൂർ അറിയിച്ചു.

ജോൺസൺ പല്ലിശ്ശേരി,ജോ ഫ്രാൻസിസ്, പോൾ ആന്റണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.2022 സെപ്റ്റംബർ 9 ന് ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് സത്താർ ആദൂർ, ജില്ലാ റിട്ട.സർവേ സൂപ്രണ്ട് പി.സി. ഭരതൻ, എന്നിവരുടെ നിരീക്ഷണത്തിൽ പല്ലിശ്ശേരി ഭവനത്തിൽ തുടർച്ചയായ ഏഴുമണിക്കൂർ നേരത്തെ കഠിന പരിശ്രമമാണ് വിൻസന്റിനെ ഗിന്നസ് നേട്ടത്തിൽ എത്തിച്ചത് .

പതിനെട്ടോളം ഗിന്നസ് പ്രകടനങ്ങൾക്ക് ക്യാമറ ചലിപ്പിച്ച പീരുമേട് ഷാരോൺ സ്റ്റുഡിയോ അനീഷ് സെബാസ്റ്റ്യൻ പകർത്തിയ വീഡിയോസ് ഒക്ടോബർ രണ്ടാം വാരത്തിലാണ് ഗിന്നസിന്റെ ആസ്ഥാനമായ ലണ്ടനിലേക്ക് അയച്ചുകൊടുത്തത്.

ചിത്രകലയിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള വിൻസന്റ് പല്ലിശ്ശേരിക്ക് അനാമോർഫിക് ആർട്ടിൽ 2018 ൽ യു.ആർ.എഫ്.ഏഷ്യൻ റെക്കോർഡ് ലഭിച്ചിരുന്നു. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിലെ ചിത്രകല അധ്യാപകനായ വിൻസന്റ് തൃശ്ശൂർ ജില്ലയിലെ നെടുമ്പാൾ പല്ലിശ്ശേരി വീട്ടിൽ പരേതനായ ലോനപ്പന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ സോഫിയ. മക്കൾ ആനി (സെന്റ് തോമസ് കോളേജ്, തൃശ്ശൂർ) ആശ ( പി വി എസ് ഹയർ സെക്കൻഡറി സ്കൂൾ, പറപ്പൂക്കര) വിദ്യാർത്ഥികളാണ്.

Advertisment