തൃശ്ശൂർ: തൃശ്ശിവപേരൂരിന്റെ സാംസ്കാരിക തട്ടകത്തിൽ തലയുയർത്താനായി അമ്പത്തഞ്ചടി ഉയരമുള്ള ഹനുമാൻ പ്രതിമ ആന്ധ്രയിൽ നിന്നെത്തുന്നു. വടക്കുന്നാഥന്റെ ചുറ്റുവട്ടത്തെ പൂങ്കുന്നത്ത് പുഷ്പഗിരി അഗ്രഹാരത്തിലെ സീതാരാമസ്വാമി ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിയ്ക്കാനുള്ള പ്രതിമയുടെ നിർമ്മാണമാണ് പൂർത്തിയായത്. ഈ ഒറ്റക്കൽ ഹനുമാൻ പ്രതിമ കൊത്തിയെടുത്തത് ആന്ധ്രാപ്രദേശിലെ നന്ദ്യാൽ, അല്ലഗഡ്ഡ ഗ്രാമത്തിൽ. ഭീമാകാരമായ പാറയിൽ നിന്നും പ്രതിമ വേർപെടുത്തിയെടുത്തത് കഴിഞ്ഞ ദിവസമാണ്.
ഭക്തിനിർഭരമായ ചടങ്ങുകളോടെ യായിരുന്നു വേർപെടുത്തൽ. 35 അടി ഉയരത്തിലുള്ള പ്രതിമ, ഇരുപതടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിയ്ക്കുന്നത്. ആകെ ഉയരം 55 അടിയാകുമ്പോൾ, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഹനുമാൻ ശില്പമായി ഇതുമാറും. അല്ലഗഡ്ഡയിൽ നിന്നും 2 കൂറ്റൻ ട്രെയിലറുകൾ കൂട്ടിച്ചേർത്ത പ്രത്യേക ട്രക്കിൽ ബംഗലൂരു വഴിയാണ് പ്രതിമ തൃശ്ശൂരിലേയ്ക്കെത്തിയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ സ്വർണ്ണരഥമുള്ള സീതാരാമസ്വാമി ക്ഷേത്രസമുച്ചയത്തിലേയ്ക്ക് ഏപ്രിൽ ആദ്യവാരത്തിൽ പ്രതിമ കൊണ്ടുവരും. ഇതു നിർമ്മിക്കാൻ അനുയോജ്യമായ പാറയ്ക്കുവേണ്ടി ഏറെക്കാലം തിരഞ്ഞുനടന്നുവെന്ന് പ്രശസ്ത ശില്പി വി. സുബ്രഹ്മണ്യം ആചാര്യലു പറഞ്ഞു. അദ്ദേഹത്തിന്റെ ശ്രീഭാരതി ശില്പകലാമന്ദിരത്തിലെ നാല്പതിലേറെ ശില്പികളുടെ കഠിനപരിശ്രമത്തിലാണ് നാലുമാസമെടുത്ത് പ്രതിമ പൂർത്തിയാക്കിയത്. പുങ്കുന്നത്ത് പ്രതിമയെത്തിയശേഷം ആന്ധ്രയിൽനിന്നുള്ള പ്രത്യേകസംഘംമായിരിക്കും വലിയ ക്രെയിനുകളുടെ സഹായത്തോടെ പുഷ്പഗിരി അഗ്രഹാര പരിസരത്ത് പ്രതിമ സ്ഥാപിക്കുന്നത്.