മലയാള സിനിമ

നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു; മരണം ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെ

ന്യൂസ് ബ്യൂറോ, തൃശൂര്‍
Sunday, September 26, 2021

തൃശൂർ: സിനിമാ, നാടക, സീരിയൽ രംഗത്ത് ശ്രദ്ധേയനായിരുന്ന ചന്ദ്രൻ പാട്ടത്ത് (59) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.

മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളജിൽ ഇന്നലെയായിരുന്നു ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുണ്ടത്തിക്കോട് സ്വദേശിയായ ഇദ്ദേഹം തൃശർ ചന്ദ്രൻ എന്നാണ് അറിയപ്പെട്ടിരുന്നത്. നാടകാഭിനയത്തിന് 2002ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അദ്ദേഹം സത്യൻ അന്തിക്കാട്, പി.എൻ മേനോൻ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. നടൻ രാജൻ പി. ദേവിനൊപ്പവും നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, പഴശ്ശിരാജ, പി.എൻ മേനോൻ സിനിമകൾ എന്നിവയിൽ അഭിനയിച്ചു. തോടയം എന്ന സീരിയലിൽ തൃശൂർ ചന്ദ്രൻ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചിരുന്നു.

2012ൽ അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം മഞ്ചാടിക്കുരുവിൽ നടൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. വിജയലക്ഷ്മിയാണ് ഭാര്യ. സൗമ്യ, വിനീഷ് എന്നിവർ മക്കളാണ്.

×