Advertisment

ഈ ഓണാവധിയ്ക്ക് ചുറ്റിയടിക്കാം ഇന്ത്യയിലെ പുല്‍മേടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഹിൽ സ്റ്റേഷനുകളിൽ

author-image
admin
Updated On
New Update

publive-image

Advertisment

ഓരോ സഞ്ചാരികള്‍ക്കും യാത്രകള്‍ ചെയ്യാന്‍ ഓരോ താല്‍പര്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും പ്രകൃതിദത്ത അത്ഭുതങ്ങളാലും നിറഞ്ഞതാണ് ഇന്ത്യ. പ്രകൃതിയുമായി അസാധ്യമായ വിധത്തില്‍ ചേര്‍ന്നിരിക്കാന്‍ കഴിയുന്ന അതിമനോഹരമായ അനുഭവങ്ങളാണ് രാജ്യത്തെ ഹില്‍ സ്റ്റേഷനുകള്‍ വാഗ്ദാനം ചെയ്യുന്നത്.

സ്വദേശികളായാലും വിദേശികളായാലും, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്ക് ആവേശം പകരുന്ന മികച്ച ഹില്‍സ്‌റ്റേഷന്‍ ഡെസ്റ്റിനേഷനുകളാല്‍ അനുഗ്രഹീതമാണ് നമ്മുടെ രാജ്യം. മനോഹരമായ പര്‍വ്വതങ്ങളും പുല്‍മേടുകളും തടാകങ്ങളും അരുവികളും വെള്ളച്ചാട്ടങ്ങളും ഒക്കെ നിറഞ്ഞ പ്രകൃതിയെ ആസ്വദിക്കാന്‍ ഇന്ത്യപോലെ മറ്റൊരു സ്ഥലം ചുരുക്കമായരിക്കും.

നിങ്ങള്‍ ഒരു ഹില്‍ സ്‌റ്റേഷന്‍ പ്രേമി ആണെങ്കില്‍, ഏത് സമയത്തും യാത്ര ചെയ്യാന്‍ സാധിക്കുന്ന പ്രദേശങ്ങള്‍ രാജ്യത്ത് ഉണ്ട്. അതിശൈത്യമോ കനത്തമഴയോ ഒരു ഭാഗത്തേക്കുള്ള യാത്രയില്‍ ആശങ്ക ജനിപ്പിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു സ്ഥലം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതിനുള്ള അവസരങ്ങളും ഇവിടെയുണ്ട്.

മസ്സൂറി - ഉത്തരാഖണ്ഡ്

publive-image

'കുന്നുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന മസ്സൂറി, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ ഒരു പട്ടണമാണ്. ഹിമാലയന്‍ നിരകളുടെ താഴ്‌വരകളിലുള്ള ഈ പട്ടണം, സമുദ്രനിരപ്പില്‍ നിന്ന് 2,000 മീ (6,600 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഒരു തനത് ജിഞ്ചര്‍ ഹണി ടീ ആസ്വദിച്ചുക്കൊണ്ട് ഹിമാലയന്‍ പര്‍വ്വതനിരകളുടെ അതിശയകരമായ കാഴ്ചകളും കണ്ട് അലസമായ ഒരു അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയൊരുയിടമാണ് മസ്സൂറി. ഗംഭീരമായ വൈബുകള്‍ നിറഞ്ഞ ഒരു പ്രദേശമാണിത്.

ഹരം പകരുന്ന കഫേകള്‍ സന്ദര്‍ശിക്കാം, മാള്‍ റോഡിലെ പ്രാദേശിക പലഹാരങ്ങള്‍ പരീക്ഷിക്കാം, സൂര്യാസ്തമയ പോയിന്റുകള്‍ ആസ്വദിക്കാം കൂടാതെ കെംപ്റ്റി ഫാള്‍സ്, റസ്‌കിന്‍ ബോണ്ടിന്റെ കേംബ്രിഡ്ജ് ബുക്ക് ഷോപ്പ്, ലാന്‍ഡൂര്‍ ബേക്കറി തുടങ്ങിയവയും മസ്സൂറിയില്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്.

മസ്സൂറിയുടെ കൊളോണിയല്‍ ഭൂതകാലത്തെക്കുറിച്ച് ഇവിടെയെത്തുന്ന ആരെയും ഓര്‍മ്മപ്പെടുത്തുന്നതില്‍ വിന്റേജ് വാസ്തുവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

ഊട്ടി - തമിഴ്‌നാട്

publive-image

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് ഊട്ടി അഥവാ ഉദഗമണ്ഡലം എന്ന പ്രദേശം. കൊളോണിയല്‍ ചരിത്രമുള്ള ഈ ഹില്‍ സ്റ്റേഷന്‍, മനസ്സിനും ശരീരത്തിനും ഒരു നവോന്മേഷം പകരുന്ന ഒരുയിടമാണ്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ ഭാഗവുമായ നീലഗിരി മൗണ്ടന്‍ റെയില്‍വേയുടെ ടോയ് ട്രെയിനിലൂടെയുള്ള സവാരി, ഊട്ടിയുടെ അതിശയകരമായ കാഴ്ചകളാണ് സമ്മാനിക്കും.

1908-ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ തീവണ്ടി ഇന്നും പ്രതാപം ഒട്ടും മങ്ങാതെ തന്നെയാണ് കൂകി പായുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ വേനല്‍ക്കാല ആസ്ഥാനകേന്ദ്രമായാണ് ഈ പട്ടണത്തെ വികസിപ്പിച്ചു കൊണ്ടുവന്നത്. ഇന്ത്യയില്‍ നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വ്വം ചില പ്രദേശങ്ങളില്‍ ഒന്നാണ് ഊട്ടി.

ഈ ഹില്‍ സ്റ്റേഷനില്‍ അതിശയകരമായ സൂയിസൈഡ് പോയിന്റുകള്‍, ക്യാമ്പിംഗ് ഏരിയകള്‍, മൊട്ടകുന്നുകള്‍, പൈന്‍കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, തടാകങ്ങള്‍ തുടങ്ങിയ പലതും ആസ്വദിക്കാനുണ്ട്. ഊട്ടി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്.

ഷില്ലോങ് - മേഘാലയ

publive-image

വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രദേശങ്ങളില്‍ പലതും ഇന്നും സഞ്ചാരികളുടെ ശ്രദ്ധ അധികം പതിഞ്ഞിട്ടില്ല. എങ്കിലും മേഘാലയയിലെ ഷില്ലോങ് യാത്രികരുടെ ആവേശകരമായ ഒരു കേന്ദ്രമാണ്. സ്‌കോട്ട്‌ലന്‍ഡിലെ ഭൂപ്രകൃതികളോടും മേച്ചില്‍പ്പുറങ്ങളോടും അസാധാരണമായ സാമ്യം ഉള്ളതിനാല്‍ ഷില്ലോങിനെ 'കിഴക്കിന്റെ സ്‌കോട്ട്‌ലന്‍ഡ്' എന്ന് വിശേഷിപ്പിക്കാറുണ്ട്.

ഷില്ലോങ്ങിലെ അതിഗംഭീരമായ വെള്ളച്ചാട്ടങ്ങളും തടാകങ്ങളും സമാനതകള്‍ ഇല്ലാത്ത അതിശയങ്ങളാണ് നല്‍കുന്നത്. മേഘാലയയുടെ തലസ്ഥാനമായ ഈ പ്രദേശം, ഈസ്റ്റ് ഖാസി ഹില്‍സലാണ് ഉള്‍പ്പെടുന്നത്. 1864-ല്‍ ബ്രിട്ടീഷുകാര്‍, ഖാസി, ജയന്തിയ ഹില്‍സ് പ്രദേശങ്ങളില്‍ തങ്ങളുടെ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതുവരെ ഒരു ചെറിയ ഗ്രാമമായിരുന്നു ഇവിടം.

ബ്രഹ്‌മപുത്ര നദീതടത്തിന്റെയും സുര്‍മ നദീതടത്തിന്റെയും ഇടയിലുള്ള ഈ പ്രദേശം വളരെ സുഖകരമായ കാലാവഥയുള്ള ഒരിടമാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഷില്ലോങ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

കൂര്‍ഗ് - കര്‍ണാടക

publive-image

പശ്ചിമഘട്ടമലനിരകളിലെ ഏറ്റവും സുന്ദരമായ ഒരു പ്രദേശമാണ് കൂര്‍ഗ്. കൊടക് എന്നാണ് ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നത്. വെള്ളച്ചാട്ടങ്ങള്‍, ക്ഷേത്രങ്ങള്‍, ബുദ്ധ മൊണാസ്ട്രികള്‍, കോട്ടകള്‍ എന്നിവയാല്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ഹില്‍സ്റ്റേഷന്‍ ചരിത്രപരമായും സമ്പന്നമാണ്.

ആബി വെള്ളച്ചാട്ടം, ബ്രഹ്‌മഗിരി വന്യജീവി സങ്കേതം, മുസ്ലീം വാസ്തുവിദ്യയില്‍ പണിത ഓംകാരേശ്വര ക്ഷേത്രം, മടിക്കേരി കോട്ട, ബൈരക്കൂപ്പയിലെ ബുദ്ധക്ഷേത്രം എന്നിങ്ങനെ അവസാനിക്കാത്ത കാഴ്ചകളുടെ ഒരു കേന്ദ്രമാണ് ഈ പ്രദേശം.

പശ്ചിമഘട്ടത്തിലെ കൂര്‍ഗ് മലനിരകളില്‍ 4,100 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലായിട്ടാണ് കൊടക് ജില്ല സ്ഥിതി ചെയ്യുന്നത്. കുടക് പ്രദേശം ഭരിച്ചിരുന്നത് ഹാലെരി രാജാക്കന്മാരായിരുന്നു(1600 - 1834). കൊടക് ജില്ലയുടെ ആസ്ഥാനം മടിക്കേരി ആണ്. സമുദ്രനിരപ്പില്‍നിന്നും 1525 മീ ഉയരത്തിലുള്ള ഈ പ്രദേശങ്ങള്‍ വൈവിധ്യമാര്‍ന്ന ജന്തുസസ്യജാലങ്ങളാല്‍ സമ്പന്നമാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കൂര്‍ഗ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

ഗാങ്‌ടോക്ക് - സിക്കിം

publive-image

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക് നഗരജീവിതത്തിന്റെ തിരക്കില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഒരു പ്രദേശമാണ്. സിക്കിം പട്ടണത്തില്‍ നിന്ന് ഏതനും മീറ്ററുകല്‍ മാറിയാല്‍ താന്നെ സുന്ദരവും സമാധാനപരവുമായ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

ഗാങ്‌ടോക്ക് റോപ്വേ, മൗണ്ടന്‍ ബൈക്കിംഗ്, ട്രക്കിംഗ്, റിവര്‍ റാഫ്റ്റിംഗ്, യാക്ക് റൈഡുകള്‍, കേബിള്‍ കാര്‍ റൈഡുകള്‍ എന്നിങ്ങനെ നിങ്ങളുടെ അഡ്രിനാലിന്‍ പമ്പ് ചെയ്യിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ക്ക് ഇവിടെ അവസരമുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 1437 മീറ്റര്‍ ഉയരത്തിലുള്ള ഈ പ്രദേശം ഹിമാലയത്തിലെ സിവാലിക് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഗാങ്ങ്‌ടോക്ക് നഗരത്തിന്റെ സമീപത്തൂടെയാണ് റോറോ ചൂ അരുവിയും റാണിഖോള എന്ന അരുവിയും ഒഴുകുന്നത്.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗയുടെ അതിമനോഹരമായ ദൃശ്യം കാണാന്‍ സാധിക്കുന്ന ഒരിടമാണ് ഈ പട്ടണം. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയും ആണ്.

Advertisment