ഇനി ബഹിരാകാശ പ്രേമികള്‍ക്ക് കൂടുതല്‍ സ്വാതന്ത്രത്തോടെ ശൂന്യാകാശം നിരീക്ഷിക്കാം. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ സിറ്റുവേഷണല്‍ അവയര്‍നെസ് ഒബസര്‍വേറ്ററിക്ക് തുടക്കം കുറിക്കുന്നു.
ബഹിരാകാശ മേഖലയിലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബംഗളൂരു ആസ്ഥാനമായുള്ള ദിഗന്തര റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജീസ് ആണ് രാജ്യത്ത് ആദ്യമായി വാണിജ്യ ബഹിരാകാശ സാഹചര്യ അവബോധ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയിലാണ് എസ്എസ്എ ഒബസര്‍വേറ്ററി സ്ഥാപിക്കുക. സൈനിക ഉപഗ്രഹങ്ങളും ബഹിരാകാശ അവശിഷ്ടങ്ങളും നിരീക്ഷിക്കുന്നത് ഉള്‍പ്പെടെ ബഹിരാകാശത്തെ ഏത് പ്രവര്‍ത്തനവും നിരീക്ഷിക്കാന്‍ ഇവിടെ നിരീക്ഷകരെ അനുവദിക്കും.
വളരെ വേഗത്തില്‍, വളരെ വിദൂരതയിലുള്ള ബഹിരാകാശത്തെ സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. പ്രത്യേകിച്ച് ഭൂസ്ഥിര ഭ്രമണപഥവും, മീഡിയം എര്‍ത്ത് ഓര്‍ബിറ്റുകളും, ഹൈ എര്‍ത്ത് ഓര്‍ബിറ്റുകളും ഒക്കെ കാണാന്‍ സാധിക്കും. ബഹിരാകാശത്തേക്ക് സുസ്ഥിരമായ പ്രവേശനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദിഗന്തര റിസര്‍ച്ച്, ലോകത്തിലെ ആദ്യത്തെ ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സജീവ പരിക്രമണ നിരീക്ഷണ പ്ലാറ്റ്ഫോമാണ്.
ഏറ്റവും ചെറിയ ബഹിരാകാശ അവശിഷ്ടങ്ങള്‍ പോലും നിരീക്ഷിക്കാന്‍ ഇവിടെ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിലുള്ള പ്രവര്‍ത്തനരഹിതമായ കൃത്രിമോപഗ്രഹങ്ങള്‍, ഉപേക്ഷിച്ച വിക്ഷേപണവാഹനങ്ങള്‍, നശിപ്പിക്കപ്പെട്ട ഉപഗ്രഹ കഷ്ണങ്ങള്‍ എന്നിവയാണ് ബഹിരാകാശ അവശിഷ്ടങ്ങള്‍.
ദിഗന്തരയുടെ ഈ സംരംഭം ബഹിരാകാശ അവശിഷ്ടങ്ങള്‍ നിരീക്ഷിക്കുന്നതില്‍ യുഎസിന്റെ നിയന്ത്രണത്തിലെ സംവിധാനങ്ങളില്‍ നിന്ന് സ്വതന്ത്രമായി ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലേക്ക് ഇന്ത്യയെ ഒരു ചുവട് മുന്നോട്ട് കൊണ്ടുപോകും.
കൂടുതല്‍ സ്വാതന്ത്രത്തോടെ ലളിതമായി പൊതുജനങ്ങള്‍ക്കും ബഹിരാകാശ പര്യവേഷണവും മറ്റും അനുഭവിക്കാന്‍ കഴിയുന്ന ഈ ബഹിരാകാശ നിരീക്ഷണാലയം ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെയാണ്. ഉടന്‍ തന്നെ ഈ സംരംഭം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബഹിരാകാശ നിരീക്ഷണം ഉള്‍പ്പടെയുള്ള പല കാര്യങ്ങളിലും പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കുന്നതിനുള്ള പല സംരഭങ്ങളും ഇന്ത്യയില്‍ ഇപ്പോള്‍ ആരംഭിക്കുന്നുണ്ട്. ഉദ്ദാഹരണത്തിന് ആസ്‌ട്രോ ടൂറിസവുമായി ബന്ധിച്ച് ഇന്ത്യയുടെ ആദ്യത്തെ ഡാര്‍ക്ക് സ്‌കൈ റിസര്‍വ് ലഡാക്കില്‍ വരുകയാണ്. വളരെ മനോഹരവും ശാന്തവുമായ ചാങ്താങ് കോള്‍ഡ് ഡെസേര്‍ട്ട് വൈല്‍ഡ്ലൈഫ് സാങ്ച്വറിയുടെ കീഴിലുള്ള പ്രദേശത്തായിരിക്കും ഡാര്‍ക്ക് സ്‌കൈ റിസര്‍വ് വരുക.