തീവണ്ടി യാത്രകള്‍ എപ്പോഴും ഗൃഹാതുരത്വം സമ്മാനിക്കുന്നവയാണ്. എന്തോ ഒരു സൗന്ദര്യവും അനുഭൂതിയും ട്രെയിന്‍ യാത്രകളില്‍ അനുഭവിക്കാവുന്നതാണ്. ഇന്ത്യയിലെ പ്രദേശങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും.
ഇന്ത്യയിലൂടെ ഒരു ട്രെയിന്‍ യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നായിരിക്കും ദക്ഷിണേന്ത്യയിലൂടെയുടെയുള്ള തീവണ്ടി യാത്രകള്‍. പച്ചപ്പും മലനിരകളും കാടുകളും വയലുകളും കടലും കായലും നദികളും ഒക്കെ ആസ്വദിച്ച് നടത്താവുന്ന ഒട്ടേറെ ട്രെയിന്‍ യാത്രകള്‍ക്ക് ദക്ഷിണേന്ത്യയില്‍ അവസരമുണ്ട്.
ദക്ഷിണേന്ത്യന്‍ ട്രെയിന്‍ പര്യവേഷണങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിദൃശ്യങ്ങളിലൂടെയും മനോഹരമായ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും യാത്രക്കാരെ കൊണ്ടുപോകുന്നു. ഇന്ത്യന്‍ സിനിമകളില്‍ പശ്ചാത്തലമായത്തോടെ ദക്ഷിണേന്ത്യയിലെ പല തീവണ്ടി പാതകളും ഇപ്പോള്‍ സഞ്ചാരികളുടെ ശ്രദ്ധനേടികഴിഞ്ഞിട്ടുണ്ട്.
വളരെ ചെലവുക്കുറഞ്ഞ വാരാന്ത്യ യാത്രകള്‍ കൊതിക്കുന്നവര്‍ക്ക് ഈ ട്രെയിന്‍ യാത്രകള്‍ ആവേശകരമായിരിക്കും. നിങ്ങളുടെ ഹൃദയം കവര്‍ന്നെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചില തീവണ്ടി യാത്രകള്‍ പങ്കുവയ്ക്കുന്നു.
ഊട്ടി - കൂനൂര്‍
ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ രണ്ട് ഹില്‍ സ്റ്റേഷനുകളാണ് തമിഴ്‌നാട്ടിലെ ഊട്ടിയും കൂനൂരും. ഒരുകാലത്ത് ബ്രിട്ടീഷുക്കാരുടെ വേനക്കാല ഉല്ലാസകേന്ദ്രമായിരുന്ന ഈ പ്രദേശങ്ങള്‍ പശ്ചിമഘട്ടത്തിന്റെയും നീലഗിരി മലനിരകളുടെ അതിശയകരമായ പ്രകൃതിഭംഗി നിറഞ്ഞയിടങ്ങളാണ്. മലനിരകള്‍ക്കിടയിലൂടെ ഊട്ടിയെയും കൂനൂരിനെയും ബന്ധിച്ചുള്ള തീവണ്ടി പാതയിലൂടെയുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ അതിഗംഭീരമായ ഒരു അുഭവമായിരിക്കും.
നീലഗിരി മൗണ്ടന്‍ റെയില്‍വേയാണ് ഊട്ടിക്കും കൂനൂരിനുമിടയിലുള്ള ടോയ് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്. ചെങ്കുത്തായ താഴ്‌വരകളും ആകാശം തൊട്ടുനില്‍ക്കുന്ന പച്ചപ്പ് നിറഞ്ഞ മലനിരകളും കോടമഞ്ഞ് പുതഞ്ഞ് കിടക്കുന്ന ട്രാക്കുകളും ഒക്കെ ആസ്വദിച്ച് വളരെ പതിയെ നീങ്ങുന്ന ഈ ട്രെയിന്‍ യാത്ര പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്ന ഒന്നാണ്.
കൊല്ലം - ചെങ്കോട്ട
തമിഴ്നാട്ടിലെ ചെങ്കോട്ടയും കേരളത്തിലെ കൊല്ലവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ പാതയ്ക്ക് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. കേരളത്തിലെ ഏറ്റവും പഴയ റെയില്‍ പാതകളില്‍ ഒന്നാണിത്. വളരെ മനോഹരവും സമാധാനപരവുമായ പ്രദേശങ്ങളിലുടെയുള്ള യാത്രയാണിത്. മീറ്റര്‍ ഗേജ് പാതയായിരുന്ന ഈ ട്രാക്ക് ബ്രോഡ് ഗേജ് ആക്കി 2018-ല്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു. നിബിഡ വനങ്ങളിലൂടെയും നദികള്‍ക്ക് മുകളിലൂടെയും അവിശ്വസനീയമായ കാഴ്ചകള്‍ ഒരുക്കുന്ന കുന്നുകള്‍ക്കിടയിലൂടെയും ഈ പാത സഞ്ചാരികളെ കൊണ്ടുപോകുന്നു.
ബ്രിട്ടീഷുകാര്‍ പണിത ഈ തീവണ്ടിപാത ചെങ്കോട്ട-കൊല്ലം റൂട്ടിലെ വളരം പ്രാധാന്യമുള്ള വ്യാപാര പാതകൂടിയാണ്. ചെറുതും വലുതുമായ 196 പാലങ്ങളും അഞ്ച് തുരങ്കങ്ങളും ഒക്കെ കടന്നുള്ള തീവണ്ടി യാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.