കടൽ കാഴ്ച്ചകൾ കാണാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മൾ എല്ലാവരും. അത്തരത്തിൽ കടലിൽ നിന്നുള്ള ഒരു മനോഹര കാഴ്ച്ചയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ഈ വീഡിയോയിൽ സ്രാവാണ് താരം. ഓസ്ട്രേലിയയിലെ ഒരു കടലില്‍ നിന്നുള്ള ദൃശ്യമാണിത്, കടലിലിറങ്ങിയ ഒരു കൂട്ടം മുങ്ങൽ വിദഗ്ദർ പകർത്തിയ വീഡിയോയിലാണ് അത്ഭുതകരമായ ഈ കാഴ്ച്ച കാണാനാവുന്നത്.
ഫോട്ടോ എടുക്കുവാണോ ചേട്ടാ പറഞ്ഞിട്ടൊക്കെ എടുക്കണ്ടെ എന്ന ഭാവത്തിൽ മുങ്ങൽ വിദഗ്ദന് അടുത്തെത്തി ക്യാമറയിൽ നോക്കി ചിരിക്കുന്ന ഒരു സുന്ദരൻ സ്രാവാണ് കാഴ്ച്ചക്കാർക്ക് ഏറെ വിസ്മയമായി തീർന്നിരിക്കുന്നത്. മോണകാട്ടി ചിരിക്കുന്ന സ്രാവിന്‍റെ കാഴ്ച്ച മനം കുളുർപ്പിക്കുന്നതിനൊപ്പം ഭയവും ഉണർത്തുന്നതാണ്, എന്നാൽ അവൻ മനോഹരമായ ഒരു ചിരി സമ്മാനിച്ച് നീന്തി മറയുകയാണ്.
സ്രാവുകൾക്കൊപ്പം നിരവധി മറ്റ് ചെറുതും വലുതുമായ മത്സ്യങ്ങളെയും വീഡിയോയിൽ കാണാം. അസാധാരണമായ ഈ കാഴ്ച്ചയാണിപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആഴം കുറഞ്ഞ തീരപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഇവ ഓസ്ട്രേലിയയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ വസിക്കുന്നു.
മൂന്ന് മീറ്റര്‍ വരെ നീളം വയ്ക്കുന്ന ഗ്രേ നഴ്സ് സ്രാവ് പൊതുവേ ശാന്ത ജീവികളായി അറിയപ്പെടുന്നു. എന്നാല്‍, മൂർച്ചയുള്ള പല്ലുകളുടെ നിരകളും ഭയാനകമായ കൂർത്ത മൂക്കും ഉള്ളതിനാല്‍ തന്നെ ആദ്യ കാഴ്ചയില്‍ മനുഷ്യന്‍റെ ഉള്ളില്‍ ഒരു ഭയം സൃഷ്ടിക്കാന്‍ ഗ്രേ നഴ്സ് സ്രാവുകള്‍ക്ക് കഴിയും. എന്നാല്‍ നീന്തല്‍ക്കാര്‍ക്ക് പോലും അവ ഭീഷണിയല്ല. പക്ഷേ, കടലിന്‍റെ അടിത്തട്ട് വരെ വാരുന്ന മത്സ്യബന്ധന കപ്പലുകള്‍ വന്നതോടെ ഗ്രേ നഴ്സ് സ്രാവുകളുടെ നിലനില്‍പ്പ് പോലും ഇന്ന് അപകടത്തിലാണ്.