ഒരു നദി, പക്ഷേ ഒരേസമയം ഒഴുകുന്നത് അഞ്ചുനിറങ്ങളിൽ, കാരണമറിഞ്ഞാൽ മൂക്കത്ത് വിരൽ വച്ചുപോകും; അത്ഭുത പ്രതിഭാസം ദൃശ്യമാകുന്നത് വെറും അഞ്ചുമാസം മാത്രം

author-image
admin
Updated On
New Update

publive-image

ഒരേ ഒരു നദി, പക്ഷേ ഒരേ സമയം ഒഴുകുന്നത് മഞ്ഞ, പച്ച, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ. കമ്പ്യൂട്ടറിന്റെ സഹായത്തോടെ സൃഷ്ടിച്ചതാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് തികച്ചും ഒറിജിനൽ. കൊളംബിയയിലാണ് ഈ അത്ഭുത നദി ഒഴുകുന്നത്. കാനോ ക്രിസ്‌റ്റൈൽസ് എന്നാണ് പേര്. ലിക്വിഡ് റെയിൻബോ എന്നും അറിയപ്പെടുന്നുണ്ട്. കണ്ണാടിതോൽക്കുന്ന വെള്ളം നദിയുടെ പലഭാഗത്ത് പല നിറത്തിൽ ഒഴുകുന്നത് കാണുമ്പോൾ ആരുടെയും കണ്ണ് തള്ളും എന്ന് ഉറപ്പ്.

Advertisment

ആരെങ്കിലും നിറം കലർത്തുന്നതോ അത്ഭുത പ്രതിഭാസമോ അല്ല ഇതിന് പിന്നിൽ. 'മക്കാരീനിയ ക്ലാവിഗേര'എന്ന പായൽപോലെത്തെ ജലസസ്യമാണ് നിറങ്ങൾക്കുപിന്നിൽ. നദിയുടെ അടിത്തട്ടിലും പാറകളിലുമൊക്കെ പലനിറത്തിലുളള ഇവ ഇഷ്ടംപോലെ വളർന്നുനിൽക്കും. മാലിന്യം അല്പംപോലും ഇല്ലാത്തതിനാൽ ഏത് നിറത്തിലുള്ള പായലിന് മുകളിലൂടെയാണോ ഒഴുകുന്നത് ആ നിറമായിരിക്കും വെള്ളത്തിന്. കടുത്ത വെയിലാണെങ്കിൽ നിറങ്ങൾ കൂടുതൽ കണ്ണഞ്ചിപ്പിക്കും.

സെറാനിയ ഡി ലാ മകരീന നാഷണൽ പാർക്കിലാണ് 100 കിലോമീറ്റർ നീളമുള്ള കാനോ ക്രിസ്റ്റൽസ് നദി ഒഴുകുന്നത്. വർഷത്തിൽ അഞ്ചുമാസം മാത്രമാണ് അഞ്ചുനിറത്തിൽ നദി ഒഴുകുന്നത്. അതായത് ജൂലായ് അവസാനം മുതൽ നവംബർ വരെ. പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ് നദി കാണാൻ ആരും മോഹിക്കുമെങ്കിലും അവിടെ എത്തപ്പെടാൻ ഒത്തിരി കടമ്പകൾ കടന്നാലേ പറ്റൂ.

പ്രവേശനത്തിന് അനുമതി ലഭിക്കണമെങ്കിൽ കർശന നിബന്ധനകളാണ് പാലിക്കേണ്ടത്. ഒരു ദിവസം ഇരുനൂറുപേർക്കുമാത്രമാണ് പ്രവേശനം. സഞ്ചാരികളെ പ്രത്യേക സംഘങ്ങളാക്കി തിരിക്കും. ഒരു സംഘത്തിൽ ഒരുകാരണവശാലും ഏഴുപേരിൽ കൂടാൻ പാടില്ല. നദിയിൽ ഇറങ്ങുകയോ വെള്ളത്തിൽ സ്പർശിക്കുകയോ ചെയ്യരുത്. ഇത് ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരും. സഞ്ചാരികളെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കടുകട്ടി നിബന്ധനകൾ ഉണ്ടെങ്കിലും ഇന്ത്യക്കാരുൾപ്പടെ നിരവധിപേരാണ് ഓരോ സീസണിലും ഇവിടെ എത്തുന്നത്.

Advertisment