സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് ബേലം ഗുഹ. വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തിട്ടുള്ള രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഗുഹയാണിത്. ഇത് ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ്. ബേലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഭൂമിക്കടിയിലേയ്ക്കാണ് നമ്മെ കൂട്ടികൊണ്ടു പോവുന്നത്.
നദി ഒഴുകി ഇതുപോലെ ഒരു ഗുഹ ഉണ്ടായി എന്നു കേൾക്കുമ്പോൾ ഒരുപക്ഷേ നമുക്ക് വിശ്വസിക്കാൻ കഴിയില്ല. എന്നാൽ ഇവിടുത്തെ കാഴ്ചകൾ അതിനുള്ള തെളിവുകളാണ്. ഗുഹകളുടെ ഭിത്തികളിൽ നദിയുടെ ഒഴുക്ക് മൂലമുണ്ടായ മണ്ണൊലിപ്പിന്റെ ആഴത്തിലുള്ള അടയാളങ്ങൾ കാണാൻ സാധിക്കും. ഗുഹയ്ക്കുള്ളിലൂടെ കൂടുതൽ ദൂരം ഉള്ളിലേക്ക് സഞ്ചരിക്കുമ്പോൾ ഇരുട്ടിന്റെ തീവ്രത കൂടി വരുന്നതായി അറിയാൻ കഴിയും.
ഈ ഗുഹയിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം കാൽനടയായി യാത്ര ചെയ്താൽ ഭൂനിരപ്പിൽ നിന്ന് 150അടി താഴ്ചയിലേയ്ക്ക് നിങ്ങൾക്ക് എത്താൻ സാധിക്കും. പുറമേ നിന്ന് നോക്കിയാൽ സമതലമായി കിടക്കുന്ന പ്രദേശമാണെങ്കിലും ഭൂമിക്കടിയിൽ 150അടി താഴ്ചയിൽ ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഒളിഞ്ഞിരിക്കുന്നത്. ഇവിടെ കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കും അധികൃതർ ഒരുക്കിയിട്ടുണ്ട്.
മാലിന്യങ്ങൾ നിക്ഷേപിക്കാൻ വേണ്ടിയാണ് ഈ പ്രദേശത്തെ ജനങ്ങൾ ബേലം ഗുഹ ഉപയോഗിച്ചിരുന്നത്. പിന്നീട് ഗുഹയുടെ ചരിത്രപ്രാധാന്യം മനസിലാക്കിയ ആന്ധ്രാപ്രദേശ് സർക്കാർ മുൻകൈയെടുത്ത് ഗുഹ വൃത്തിയാക്കി. ഗുഹയുടെ പ്രാധാന്യം മനസിലാക്കി ബേലം കേവിനെ ഇന്ന് കാണുന്ന രീതിയിലാക്കി മാറ്റിയ വ്യക്തികളുടെ പേരുകളും ഗുഹയിൽ ആലേഖനം ചെയ്തിട്ടുണ്ട്. 2002ലാണ് ബേലം ഗുഹ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.
വർഷങ്ങൾക്ക് മുമ്പ് ജൈന-ബുദ്ധ സന്യാസിമാർ ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഇവിടെ നിന്ന് ബിസി 4500 വരെ പഴക്കമുള്ള കളിമൺ പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഗുഹയ്ക്കുള്ളിൽ മൂന്നര കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഒന്നര കിലോമീറ്റർ മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. ഫോട്ടോഗ്രാഫർമാർക്ക് പ്രിയങ്കിരമായ കാഴ്ചകളാണ് ഗുഹയ്ക്കുള്ളിൽ. ഗുഹയ്ക്കുള്ളിൽ ഇരുട്ടാണെങ്കിലും ആവശ്യത്തിനുള്ള പ്രകാശം ഒരുക്കിയിട്ടുണ്ട്.
ഓരോ വശത്തേക്കും പോകാനായി പടികളും കൈവരികളും നിർമിച്ചിട്ടുണ്ട്. ഉള്ളിലേയ്ക്ക് പോകുമ്പോൾ ഓക്സിജൻ വിതരണം ചെയ്യാനുള്ള ചിലയിടങ്ങളിൽ എക്സ്ഹോസ്റ്റ് ഫാനുകളും ഘടിപ്പിട്ടിട്ടുണ്ട്. സിംഹത്തിന്റെ തലയോടിനോട് സാദൃശ്യമുള്ള കവാടം, ചുണ്ണാമ്പുകല്ലാൽ രൂപപ്പെട്ട ശിവലിംഗം, ബുദ്ധസന്യാസികൾ ധ്യാനത്തിൽ ഇരുന്ന സ്ഥലങ്ങൾ തുടങ്ങി നിരവധി കാഴ്ചകളാണ് ഗുഹയ്ക്കുള്ളിലുള്ളത്.
ഗുഹയ്ക്കുള്ളിൽ ഒരു ചെറിയ നീർച്ചാലുണ്ട് 'പാതാള ഗംഗ' എന്നാണ് ഇത് അറിയപ്പെടുന്നത്. ഗുഹയ്ക്കുള്ളിലൂടെ ഒഴുകുന്ന പാതാള ഗംഗ ബേലം ഗ്രാമത്തിലെ ഒരു കിണറിൽ ഒഴുകിയെത്തുന്നു എന്നാണ് പറയപ്പെടുന്നത്. ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് ഗുഹ സന്ദർശിക്കാൻ അനുയോജ്യമായ സമയം. ഉള്ളിൽ ചൂട് കൂടുതലായതിനാൽ വേനൽക്കാലത്ത് പോകുന്നത് ഒഴിവാക്കുന്നതാണുചിതം. മുതിർന്നവർക്ക് 65രൂപയും കുട്ടികൾക്ക് 45രൂപയുമാണ് ടിക്കറ്റ് നിരക്ക്.