കോടനാട് അഭയാരണ്യം (കപ്രിക്കാട്) ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കഴിഞ്ഞ 16 മാസത്തിനുള്ളില്‍ സന്ദര്‍ശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം സഞ്ചാരികളാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
കോവിഡ് പശ്ചാത്തലത്തെ തുടര്‍ന്ന് അഭയാരണ്യം അടച്ചതിനുശേഷം 2021 ഫെബ്രുവരിയിലായിരുന്നു സഞ്ചാരികള്‍ക്കായി ഇവിടം തുറന്നത്. ഇക്കോ ടൂറിസം കേന്ദ്രം തുറന്നതോടെ കോവിഡ് പ്രതിസന്ധികളെല്ലാം അതിജീവിച്ച് സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകുകയായിരുന്നു.
എറണാകുളം ജില്ലയിലെ പ്രധാന പരിസ്ഥിതി ടൂറിസം കേന്ദ്രമായ അഭയാരണ്യത്തിലെ മുഖ്യ ആകർഷണങ്ങൾ ആന, മ്ലാവ്, പുള്ളിമാൻ, ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, പുഴയോട് ചേർന്നുള്ള നടപ്പാത, ഏറുമാടങ്ങൾ, കുട്ടികൾക്കുള്ള ചെറിയ പാർക്ക് എന്നിവയാണ്.
അട്ടപ്പാടിയിൽ ഏറെക്കാലം നാട്ടുകാരെ വിറപ്പിച്ചുനടന്ന് ഒടുവിൽ വനപാലകരുടെ പിടിയിലായ കാട്ടുകൊമ്പൻ പീലാണ്ടി (ചന്ദ്രു) ഉൾപ്പെടെ അഞ്ച് ആനകളെ ഇവിടെ പരിപാലിക്കുന്നുണ്ട്. എല്ലാം കാട്ടിൽനിന്ന് കിട്ടിയവ തന്നെ. നാട്ടാന പരിപാലനത്തെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമാണ് ഇവിടുത്തെ രീതികൾ.
തടിപിടുത്തം പോലുള്ള ജോലികളൊന്നുമില്ല. സംരക്ഷിതമേഖലയിലൂടെ നടന്നും പെരിയാറ്റിൽ നീരാടിയും ആവശ്യത്തിന് ഭക്ഷണം കഴിച്ചും ആനകൾ ആമോദത്തോടെ വസിക്കുന്ന കൊച്ചുകാടാണ് അഭയാരണ്യം. നൂറുകണക്കിന് മ്ലാവുകളെയും പുള്ളിമാൻകൂട്ടത്തേയും സംരക്ഷിക്കുന്നുണ്ട്.
പെരിയാറിന്റെ തീരത്ത് സംരക്ഷിക്കുന്ന 5 ഏക്കറിൽ സ്വാഭാവികവനമായ അഭയാരണ്യം വനംവകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയും വിദേശികൾക്ക് 250 രൂപയുമാണ് പ്രവേശന ഫീസ്.രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം. തിങ്കളാഴ്ച ദിവസം അവധിയായിരിക്കും. കോടനാട് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് അഭയാരണ്യം. പെരുമ്പാവൂരിൽ നിന്ന് 13 കിലോമീറ്ററാണ് ദൂരം. ബസ് സർവീസുമുണ്ട്.