ഇപ്പോൾ സോളോ യാത്ര ഒരു പുതിയ പ്രവണതയല്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. നല്ലതും ചീത്തയുമായ അവരുടെ യാത്രാനുഭവങ്ങളാൽ ഇന്റർനെറ്റ് ലോകം നിറയുന്നു. ഇപ്പോൾ അത്തരം യാത്രകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, യാത്രയും ലോകവും ഈ മാറ്റവുമായി പൊരുത്തപ്പെടുകയും ആളുകൾക്ക് മികച്ച സോളോ യാത്രാ അനുഭവങ്ങൾ നൽകാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ഈ വർഷം, ഒരു സോളോ ട്രിപ്പിനായി ആസൂത്രണം ചെയ്യുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളറിയാം
1. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വഴികൾ തെരഞ്ഞെടുക്കുക(റൂട്ട് മാപ്പ്). നിങ്ങൾ താമസിക്കാനാഗ്രഹിക്കുന്ന ഭൂപ്രകൃതി, കാലാവസ്ഥ ഇതൊക്കെ നിങ്ങളുടെ ആഗ്രഹത്തിന് ഉചിതമായ രീതിയിൽ തെരഞ്ഞെടുക്കാൻ റൂട്ട് മാപ്പ് സഹായിക്കും.
2. താമസിക്കേണ്ട സ്ഥലം മുൻകൂർ ഓൺലൈനായി ബുക്ക് ചെയ്യാം. Oyo, Make my trip തുടങ്ങി നിരവധി ഓൺലൈൻ സൈറ്റുകൾ ഇതിനായി ഇപ്പോൾ ലഭ്യമാണ്. ബജറ്റ് ക്രമീകരണത്തിന് മുൻകൂർ ബുക്കിംഗ് സഹായിക്കും.
3. ടെന്റ് കൊണ്ടുപോകുന്നവർ അനുബന്ധ സജ്ജീകരണങ്ങളും കരുതേണ്ടതാണ്. ക്യാംപിങിന് അനുമതിയുണ്ടോയെന്ന് പ്രാദേശികമായി അന്വേഷിച്ച ശേഷം മാത്രം ടെന്റ് ചെയ്യുക.
4. ചിലവ് ലഘൂകരിച്ചുള്ള യാത്ര പ്ലാൻ ചെയ്യാം. ഇതിനായി പൊതുഗതാഗതമാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഹിച്ച് ഹൈക്കിംഗ്, കൗച്ച് സർഫിംഗ് അന്താരാഷ്ട്ര യാത്രകൾക്ക് വിനിയോഗിക്കുന്നത് ഗുണകരമാണ്.
5. ബാക്ക്പാക്ക് ഭാരം കുറക്കുക. വസ്ത്രങ്ങളുടെ എണ്ണം കുറക്കാം, ആവശ്യസാധനങ്ങൾ മാത്രം കൈയ്യിൽ കരുതാം. ഇത് യാത്ര കൂടുതൽ ആയാസകരമാക്കും.
6. വസ്ത്രങ്ങൾ സൂക്ഷിക്കുന്ന വലിയ ബാഗിനെ കൂടാതെ ചെറിയ ഒരു ബാഗ് കൂടി കയ്യിൽ കരുതാം. പാസ്പോർട്ട് തുടങ്ങിയ രേഖകളും, പണവും, കാർഡുകളും ഇതിൽ സൂക്ഷിക്കാം. ഇവ പോക്കറ്റിലും സൂക്ഷിക്കാം.
7. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ എടുക്കണം. ആവശ്യമായി വന്നേക്കാവുന്ന മറ്റ് മരുന്നുകളും കയ്യിൽ കരുതാം. ഫസ്റ്റ് എയിഡ് കിറ്റ് ട്രക്കിംഗ് ചെയ്യുന്നവർ നിർബന്ധമായി കരുതേണ്ടതാണ്.
8. നിങ്ങളുടെ ഐഡന്റിറ്റി സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന രേഖകളുടെ കോപ്പികൾ എപ്പോഴും കയ്യിൽ കരുതുക. പ്രധാന ഫോൺ നമ്പറുകളും എഴുതി ബാഗിലും പോക്കറ്റിലും സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
9. യാത്രക്കിടയിൽ കണ്ട് മുട്ടുന്ന ആളുകളോട് സൗമ്യമായി പെരുമാറുക.
10. ലഭ്യാമാവുന്നതിൽ സുരക്ഷിതമായ താമസ സ്ഥലം തെരഞ്ഞെടുക്കുക. അപരിചിതരായവരോട് താമസ സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാതിരിക്കുക. ഷെയറിംഗ് ഡോർമെറ്ററികൾ തെരഞ്ഞെടുക്കുമ്പോൾ ലഗേജ് സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക.
11. യാത്രയ്ക്കായി പോകുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
12. അടുത്തുള്ള അവശ്യ സേവന ഓഫീസുകളുടെ മൊബൈൽ നമ്പർ സൂക്ഷിക്കുക. ഇതിൽ പൊലീസ്, വനിതാ സെൽ തുടങ്ങിയ നമ്പറുകൾ കരുതേണ്ടതാണ്.
13. ആത്മവിശ്വാസത്തോടെ യാത്ര ചെയ്യുക. ഭയമുണ്ടെങ്കിലും പുറത്ത് കാണിക്കാതിരിക്കുക