വിനോദസഞ്ചാരികളെ ആകർഷിക്കാൻ റോഡ് ഷോകൾ സംഘടിപ്പിക്കും; വിനോദ സഞ്ചാര മേഖലക്ക് ഉണർവേകാനൊരുങ്ങി ശ്രീലങ്ക

author-image
admin
New Update

publive-image

Advertisment

വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താൻ റോഡ് ഷോകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ശ്രീലങ്ക. ടൂറിസം മന്ത്രി ഹാറിൻ ഫെർനാഡോ ആണ് പുതിയ വിവരം പുറത്തുവിട്ടത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് അഞ്ച് പ്രധാന ഇന്ത്യൻ നഗരങ്ങളിലാണ് റോഡ് ഷോകൾ സംഘടിപ്പിക്കുക.

രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് പാചകവാതകം, പാൽപ്പൊടി, മരുന്ന് എന്നിവയുടെ ദൗർലഭ്യത്തിനൊപ്പം ഇന്ധനക്ഷാമവും രൂക്ഷമാണ്. കോവിഡ്, 2019ലെ ഈസ്റ്റർ ഭീകരാക്രമണം, 2019 അവസാനം നികുതി വെട്ടിക്കുറച്ചതുൾപ്പെടെയുള്ള പ്രധാന നയ മാറ്റങ്ങളാണ് സ്ഥിതി വഷളാക്കിയത്.

ശ്രീലങ്കയുടെ ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ 10 ശതമാനം വരുന്ന വിനോദസഞ്ചാര വ്യവസായത്തെ കോവിഡ് ഞെരുക്കി. വിദേശനാണയപ്രശ്‌നം കാരണം കാനഡ അടക്കം നിരവധി രാജ്യങ്ങൾ പൗരന്മാരോട് ശ്രീലങ്ക സന്ദർശിക്കരുതെന്ന് യാത്രാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.കെ, ഇന്ത്യ, റഷ്യ എന്നിവയാണ് വിനോദസഞ്ചാരത്തിന്റെ വലിയ മൂന്ന് ഉറവിടങ്ങൾ.

എന്നാൽ ഈ വർഷം ആവസാനത്തോടെ ഒരു ദശലക്ഷത്തോളം വിനോദ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ‘ ടൂറിസം മന്ത്രി പറഞ്ഞു. അതേസമയം രാജ്യത്തെ ഇന്ധനം ഉൾപ്പെടെ തീർന്നതിനാൽ ശ്രീലങ്കയിൽ ജീവനക്കാരോട് വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ സ്‌കൂളുകൾക്ക് നൽകിയ അവധിയും നീട്ടിയിരുന്നു. ഇതിൽ നിന്നെല്ലാം കരകയറാൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഓഗസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രഖ്യാപിക്കാനാണ് സാധ്യത.

Advertisment