നമ്മൾ കേട്ടറിഞ്ഞതു മാത്രമല്ല ഹംപി; ഇത് ലോക പൈത‍ൃക നഗരം, ഇതാ ഹംപിയുടെ വേറൊരു മുഖം

New Update

publive-image

ഹംപി എന്ന പേര് കേൾക്കുമ്പോഴേക്കും നമ്മൾ മലയാളികൾ ആദ്യം ഓർക്കുക ആനന്ദം എന്ന മലയാള സിനിമ ആയിരിക്കും. ഈ സിനിമ വരുന്നതിനു മുന്നേ ഹംപിയിൽ പോകുന്നവരും ഹംപിയെ കുറിച്ച് അറിയുന്നവരും കേരളത്തിൽ വളരെ കുറവായിരുന്നു. എന്നാൽ ആനന്ദം എന്ന സിനിമ ഇറങ്ങിയതോടെ ഒരുപാടാളുകൾ ഹംപി തേടി യാത്രയായി.

Advertisment

ഹംപി മറ്റൊരു ലോകമാണ്. ഒരിക്കലും ആഘോഷിക്കാനായി അങ്ങോട്ടു പോകരുത്. ഇന്ത്യൻ സംസ്കാരവും വിജയ നഗര സാമ്രാജ്യവും എന്തായിരുന്നു എന്ന് മനസ്സിൽ നിറഞ്ഞു നിൽക്കും. ഒരുപാട് കാര്യങ്ങൾ ചിന്തയിൽ വരും. പാറക്കൂട്ടങ്ങളിൽ ഒരു രാജ്യത്തെ തന്നെ കൊത്തിവെച്ച കാഴ്ചയാണ് ഹംപി യാത്ര നമ്മുക്ക് സമ്മാനിക്കുന്നത്. ഓരോ കല്ലിലും ഓരോ കൊത്തുപണിയിലും പുതിയ പുതിയ അർത്ഥങ്ങൾ കണ്ടെത്തുവാനും കണ്ണു നിറയെ കണ്ടു തീർക്കുവാനുമായി ഇവിടെ എത്തുന്ന സഞ്ചാരികൾക്കൊരു കണക്കില്ല.

വെറും ഒരു ദിവസം മുതൽ ആഴ്ചകളും മാസങ്ങളും എന്തിനധികം വർഷങ്ങളെടുത്തു വരെ ഹംപി കണ്ടു തീർക്കുന്നവരുണ്ട്. യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപി നൂറുകണക്കിന് ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പാറക്കൂട്ടങ്ങളും ഒക്കെ ചേർന്നു കിടക്കുന്ന ഇവിടം കണ്ടു തീർക്കുക അസാധ്യമെന്നു തന്നെ പറയാം.

ഹംപിയിലെ കാഴ്ചകൾ വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്നും തുടങ്ങാം. ക്ഷേത്രത്തിനകത്തെ കാഴ്ചകളും പുറത്തെ നിർമ്മാണ പ്രത്യേകതകളും ഒക്കെ കണ്ടിറങ്ങണമെങ്കിൽ ഏകദേശം ഒരു മണിക്കൂർ സമയം വേണ്ടി വരും. ഹംപി ബസാറിന്റെ പടിഞ്ഞാറേ അറ്റത്തായാണ് ക്ഷേത്രമുള്ളത്. യുനസ്കോയുടെ ലോക പൈതൃക സ്ഥാനമായ ഇവിടം തുഗഭദ്ര നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

ഉഗ്ര നരസിംഹ / ലക്ഷ്മി നരസിംഹ പ്രതിമ

publive-image

രാവിലെ 6.00-1.00 വരെയും വൈകിട്ട് 5.00-9.00 വരെയുമാണ് ഇവിടേക്കുള്ള പ്രവേശനം. ഹംപി ബസ്റ്റാൻഡ് ക്ഷേത്രത്തിൽ നിന്നും 400 മീറ്റർ അകലെയാണുള്ളത്. വിഷ്ണുവിന്റെ ഇരിപ്പിടമായ ഏഴുതലയുള്ള ആദിശേഷന്റെ പുറത്തിരിക്കുന്ന രൂപത്തിലുള്ള നരസിംഹന്റെ പ്രതിമയാണ് ഇവിടുത്തെ ആകർഷണം. പുലർച്ചെ 6.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടം സന്ദർശിക്കുവാനുള്ള സമയം. ഹംപി ബസ് സ്റ്റാൻഡിൽ നിന്നും 800 മീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

ശ്രീകൃഷ്ണ ക്ഷേത്രവും കടലേകലു ഗണേശ ക്ഷേത്രവും

publive-image

ഹംപി മെയിൻ റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന് ബാല കൃഷ്ണ ക്ഷേത്രം എന്നും പേരുണ്ട്. ഹംപിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ഹംപി ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ സഞ്ചരിക്കണം ക്ഷേത്രത്തിലേക്ക്. ഹേമകുണ്ഡ ഹിൽസിന്‍റെ ചെരുവിലായാണ് കടലേകലു ഗണേശ ക്ഷേത്രമുള്ളത്.ഹംപിയിലെ ഗണേശന്‍റെ ഏറ്റവും വലിയ പ്രതിമയാണ് ഇവിടെയുള്ളത്.

ഹേമകുണ്ഡ ഹിൽ ക്ഷേത്ര സമുച്ചയം

ഹംപി ബസ്റ്റാൻഡിൽ നിന്നും 600 മീറ്റർ അകലെയാണ് ഹേമകുണ്ഡ ഹിൽ ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായതും അല്ലാത്തതുമായ ഒട്ടേറെ ക്ഷേത്രങ്ങൾ ഇവിടെ കാണാം. വിരൂപാക്ഷ ക്ഷേത്രത്തിനോട് ചേർന്നുള്ള ഇവിടെ സൂര്യോദയവും അസ്തമയവും കാണുവാനും യോജിച്ച ഇടമാണ്.

ഹംപി ബസാർ

ഹംപി ബസ് സ്റ്റാൻഡിനോട് തൊട്ടടുത്തായാണ് ഹംപി ബസാർ സ്ഥിതി ചെയ്യുന്നത്. വിരൂപാക്ഷ ബസാർ എന്നും ഇതിനു പേരുണ്ട്. ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരത്തിൽ കിടക്കുന്ന ഇവിടെ പണ്ട് കൃഷ്ണ ദേവരായരുടെ കാലത്ത് സ്വർണ്ണവും രത്നങ്ങളുമൊക്കെ കച്ചവടം ചെയ്തിരുന്ന ഇടമായിരുന്നുവത്രെ.

അച്ചുതരായ ക്ഷേത്രം

ഹംപി ബസ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്ററും ഹംപി ബസാറിൽ നിന്നും അര കിലോമീറ്ററും അകലെയാണ് അച്ചുതരായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാതംഗ ഹിൽസിനും ഗന്ഝമദന ഹിൽസിനും ഇടയിലായാണ് ക്ഷേത്രമുള്ളത്. വിജയ നഗര സാമ്രാജ്യം ഇല്ലാതാകുന്നതിനു മുന്നേ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ നിർമ്മിതി കൂടിയാണിത്. വിജയ നഗര വാസ്തു വിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്നും വരുമ്പോള്‍ ഹംപിയിലേക്ക് നേരിട്ട് ട്രെയിനുകളും ബസുകളുമില്ല. ട്രെയിനിൽ യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർക്ക് മൈസൂരിൽ നിന്നും ഹംപി എക്സ്പ്രസിനു വരാം. മൈസൂരിൽ നിന്നും കയറിയാൽ ഹോസ്പേട്ടിൽ ഇറങ്ങാം. ബാംഗ്ലൂർ വഴിയാണ് യാത്ര. ഹോസ്പേട്ടിൽ നിന്നും ഹംപിയിലേത്ത് 12 കിലോമീറ്റർ ദൂരമുണ്ട്.

Advertisment