പിണറായിയുടെ മോദിസ്തുതിയുടെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചത്: കെസി വേണുഗോപാല്‍ എംപി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമം പിണറായിയുടെ മോദിസ്തുതിയാണെന്നു കെസി വേണുഗോപാല്‍ എംപി. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിനുനേരെ അക്രമം അഴിച്ചു വിട്ടു മോദിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്.മോദി നിര്‍ത്തിയിടത്ത് പിണറായി വിജയന്‍ തുടങ്ങിയിരിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ നിന്നും രക്ഷപെടാന്‍ മോദിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധിയോടുള്ള എതിര്‍പ്പ് മാര്‍ക്കറ്റ് ചെയ്യാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

ബിജെപിയെ പ്രീതിപ്പെടുത്തി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള സിപിഎമ്മിന്റെ വിഫലശ്രമം ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുകയാണ്. എസ് എഫ് ഐ ഗുണ്ടകള്‍ ഓഫീസില്‍ അതിക്രമിച്ചു കടക്കുകയും, തല്ലിത്തകര്‍ക്കുകയും ചെയ്തപ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയും, സംരക്ഷണം ഒരുക്കികൊടുക്കുകയും ചെയ്യുകയായിരുന്നു.

ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ നാണംകെട്ട അതിക്രമം അരങ്ങേറിയിരിക്കുന്നതെന്നു വേണുഗോപാല്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സമാധാനം പറഞ്ഞെ തീരൂ.

ഇ.ഡിയെ ഉപയോഗിച്ച് അഞ്ചു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത് രാഹുല്‍ മനോവീര്യം തളര്‍ത്താമെന്ന ബിജെപിയുടെ വ്യാമോഹം പരാജയപ്പെട്ടപ്പോള്‍, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്ത് മോദിയെ പ്രീതിപ്പെടുത്താന്‍ കേരളത്തിലെ ഇടതുപക്ഷം മത്സരിക്കുകയാണ്.

ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും, കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോടും രാഹുല്‍ ഗാന്ധി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടതിനും പിറകെയാണ്, ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന വിചിത്ര ന്യായത്തിന്റെ മറവില്‍ കല്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറുകയും, ഓഫീസില്‍ സ്റ്റാഫ് അടക്കമുള്ളവരെ എസ് എഫ് ഐ ക്രിമിനലുകള്‍ മര്‍ദിക്കുകയും, ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുള്ളത്.

ഈ പിന്നിലെ യഥാര്‍ത്ഥ ചേതോവികാരം ആരെ പ്രീതിപ്പെടുത്താനുള്ളതാണെന്നു വ്യക്തമാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര ഉന്നതാധികാര സമിതിക്കും, പരിസ്ഥിതി മന്ത്രാലയത്തിനും പരാതി നല്‍കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നു സുപ്രീം കോടതി വിധി തന്നെ ഉണ്ടായിരിക്കെ, മോദിയെ സംരക്ഷിച്ചു രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ബഫര്‍ സോണ്‍ അല്ലെന്നുള്ളത് വ്യക്തമാണ്.

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാതെ, എല്ലാകാര്യത്തിലും മോദിയെ സുഖിപ്പിക്കാനുള്ള സിപിഎമ്മിന്റെ അന്തര്‍നാടകമാണ് ഇന്ന് കല്‍പറ്റയില്‍ അരങ്ങേറിയത്. ഈ അക്രമം പാര്‍ട്ടി അംഗീകരിച്ച സമരമുറയാണോയെന്നു സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം.

അല്ലായെങ്കില്‍ ഈ അക്രമകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുമുള്ള ആര്‍ജവം യെച്ചൂരി കാണിക്കുമോയെന്നും വേണുഗോപാല്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ നടന്ന എസ് എഫ് ഐ അതിക്രമത്തെ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി അപലപിക്കുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

Advertisment