ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ മുസ്‌ലിം സംവരണ ക്വാട്ടയെ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം - വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവ്വീസിൽ 4 ശതമാനം ഭിന്ന ശേഷി സംവരണം നടപ്പാക്കാനായി തയ്യാറാക്കിയ നിർദ്ദേശം നടപ്പിലായാൽ മുസ്‌ലിം സംവരണത്തിൽ രണ്ട് ശതമാനം നഷ്ടമാകുമെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.

മുസ്‌ലിം സംവരണ ക്വാട്ടയെ അട്ടിമറിക്കാനുള്ള ഈ നീക്കം ഉപേക്ഷിക്കണമെന്നും നിലവിലെ പട്ടകജാതി-പട്ടിക വർഗ, പിന്നാക്ക സംവരണീയ സമുദായങ്ങളുടെ സംവരണ ക്വാട്ടയിൽ കുറവു വരുത്താതെ വേണം പിന്നാക്ക സംവരണം നൽകാനെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ഇപ്പോൾ സംവരണത്തിനായി പി.എസ്.സി കണ്ടെത്തിയ 1, 26, 51, 76 ടേണുകളിൽ 26 ഉം 76 ഉം ടേണുകൾ മുസ്‌ലിം സമുദായ ക്വാട്ടയാണ്. ഇതിന് പി.എസ്.സിയും സർക്കാരും അംഗീകാരം നൽകരുത്. മറ്റ് പിന്നാക്ക സംവരണ സമുദായങ്ങളുടെ ടേണുകളും അതിനായി മാറ്റരുത്. പിന്നാക്ക സമുദായങ്ങൾക്കൊന്നും ജനസംഖ്യാനുപാതിക പ്രാതിനിധ്യം സർക്കാർ സർവ്വീസിലില്ല എന്നിരിക്കെ അവരുടെ ക്വാട്ട എടുക്കുന്നത് തികഞ്ഞ അനീതിയാണ്. ഇതനുവദിക്കാനാവില്ല.

സർവ്വീസിൽ ജനസംഖ്യയെക്കാൾ പ്രാതിനിധ്യമുള്ള മുന്നാക്ക വിഭാഗങ്ങൾക്കായി മാത്രം നൽകുന്ന ഇ.ഡബ്യൂ.എസ് എന്ന പേരിലെ സവർണ സംവരണ ക്വാട്ടയിൽ നിന്നോ പൊതു ക്വാട്ടയിൽ നിന്നോ ആണ് ഭിന്ന ശേഷിക്കാർക്ക് സംവരണം നൽകാൻ എടുക്കേണ്ടത്.

സർക്കാർ സർവ്വീസിലെ സാമൂഹ്യ നീതി അട്ടിമറി നടത്തുന്ന 20 റൊട്ടേഷൻ സമ്പ്രദായം പരിഷ്കരിക്കണമെന്ന ആവശ്യത്തെ മുഖവിലക്കെടുക്കാൻ സർക്കാരോ പി.എസ്.സിയോ തയ്യാറാവാത്തത് മെറിറ്റിൽ അട്ടിമറി നടത്തി സംവരണ സമുദായങ്ങളുടെ ഉദ്യോഗ പങ്കാളിത്തം കുറയ്ക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണ്.

അതിന്റെ തുടർച്ചയാണ് ഇപ്പോൾ മുസ്‌ലിം സംവരണത്തിൽ കൈവെയ്ക്കാൻ തുനിയുന്നത്. ഇതിൽ നിന്ന് പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment