Advertisment

ഓർഡിനറി സർവ്വീസുകൾ നിർത്തലാക്കുന്നത് ജനദ്രോഹം: എംപ്ലോയീസ് സംഘ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഡീസൽ ക്ഷാമത്തിൻ്റെ പേരിൽ കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകൾ പൂർണ്ണമായും നിർത്തലാക്കാനുള്ള തീരുമാനം സർക്കാർ അടിയന്തിരമായി പിൻവലിക്കണം. ജീവനക്കാരുടെ ശമ്പളത്തിനായി തുക കണ്ടെത്താനായി പെട്രോളിയം കമ്പനികൾക്ക് കുടിശിക വരുത്തി ആസൂത്രിതമായി ഡീസൽ ക്ഷാമം സൃഷ്ടിക്കുന്ന നടപടി ദുരുദ്ദേശപരമാണ്.

ശമ്പള വിഷയത്തിൽ ജീവനക്കാരുടെ പ്രതിക്ഷേധ സമരങ്ങളെ പൊതു സമൂഹം ഒന്നടങ്കം പിന്തുണച്ചതിൻ്റെ പ്രതികാരമായി ഓർഡിനറി സർവ്വീസുകൾ വെട്ടിക്കുറക്കുകയോ, പൂർണ്ണമായി നിർത്തലാക്കുകയോ ചെയ്യുന്നത് ഒരു ജനകീയ സർക്കാരിനും ഭൂഷണമല്ല.

ഒന്നുകിൽ തൊഴിലാളി വിരുദ്ധം, അല്ലെങ്കിൽ ജനദ്രോഹം എന്ന നയം തിരുത്താൻ സർക്കാർ തയ്യാറാവണം. കഴിഞ്ഞ മാസങ്ങളിലെല്ലാം ശമ്പളത്തിനും, ഡീസലിനും സ്ഥാപനത്തിൻ്റെ മറ്റു പ്രവർത്തന ചെലവുകൾക്കും അധികമായ തുക വരുമാനമുണ്ടായിട്ടും ജൂലൈ മാസത്തെ ശമ്പളം ഇതേ വരെ നൽകാത്തത് നീതിയല്ല.

ശമ്പള വിഷയത്തിൽ കോടതി പരാമർശങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സർവ്വീസുകൾ നിർത്തലാക്കിക്കൊണ്ട് സർക്കാർ സ്വീകരിക്കുന്നത്. ഒന്നുകിൽ ശമ്പളം അല്ലെങ്കിൽ ഡീസൽ എന്ന സമീപനത്തിലൂടെ യാത്രക്കാരെ ജീവനക്കാർക്ക് എതിരാക്കാനുള്ള തന്ത്രം വിലപ്പോവില്ല.

പൊതുഗതാഗതം ഇല്ലാതാക്കി പൊതുജനത്തെ ബന്ദിയാക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആവശ്യത്തിന് വരുമാനമുണ്ടായിട്ടും ശമ്പളം നൽകാത്തതിൻ്റെ പേരിൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാതിരുന്നിട്ടും, സർവീസുകൾ ഏകപക്ഷീയമായി നിർത്തിവച്ച് സ്ഥാപനത്തെ നിശ്ചലമാക്കാനുള്ള സർക്കാർ നയം അംഗീകരിക്കാനാവില്ല.

ഓർഡിനറി സർവ്വീസുകൾ വെട്ടിക്കുറക്കുന്നത് കെ എസ് ആർ ടി സിയുടെ റൂട്ട് കച്ചവടത്തിൻ്റെ മുന്നോടിയാണെന്ന സംശയം ബലപ്പെടുകയാണ്. ഇടതുപക്ഷം പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം നടപ്പിലാക്കി കെ എസ് ആർ ടി സിയുടെ 3170 കോടി രൂപയുടെ കടം ഏറ്റെടുക്കാനും, കെഎസ്ആർടിസി വാഹനങ്ങളിൽ നിറക്കുന്ന ഡീസലിന് നികുതി ഒഴിവാക്കിയും, അടിയന്തിര സഹായമായി 400 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചും കെഎസ്ആർടിസിയെ നിലനിർത്തി പൊതുഗതാഗത സൗകര്യം പാവപ്പെട്ട ജനങ്ങൾക്ക് തുടർന്നും ലഭ്യമാകാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം.

ഡീസൽ ക്ഷാമത്തിൻ്റെ പേരിൽ ഓർഡിനറി സർവ്വീസുകൾ നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം അടിയന്തിരമായി വിതരണം ചെയ്യണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെടുന്നു.

Advertisment