/sathyam/media/post_attachments/qYWqgWMg8POeBhbnzuCq.jpg)
തിരുവനന്തപുരം: റൂട്ടു നാഷണലൈസേഷനിലെ സർക്കാർ നടപടികളുടെ കാലതാമസം മറയാക്കി, 140 കിലോമീറ്ററിലധികം ദൈർഘ്യമുള്ള സ്വകാര്യ ബസ് പെർമിറ്റ് അപേക്ഷകൾ അനുവദിക്കാനുള്ള ഗതാഗത വകുപ്പിന്റെ തീരുമാനം സുപ്രീം കോടതി ഉത്തരവിനും, ആര്‍ടിസി ആക്ടിനും വിരുദ്ധമായതിനാൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ടി എംപ്ലോയിസ് സംഘ് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജുവിന് നിവേദനം നല്‍കി.
പൊതുമേഖലയുടെ സംരക്ഷകരെന്ന് സ്വയം പ്രചരിപ്പിക്കുന്ന ഇടതു സർക്കാർ, സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സിയെ തകർക്കുന്ന സമീപനമാണ് തുടർച്ചയായി സ്വീകരിച്ചു വരുന്നത്. സ്വകാര്യ മേഖലയിലേക്ക് കടന്നു കയറി കൂടുതൽ സർവീസ് നടത്താനാണ് സ്വിഫ്റ്റ് രൂപീകരണം എന്നത് പാഴ് വാക്കായി. പകരം, കെ എസ് ആർ ടി സിയുടെ കുത്തകയായിരുന്ന ദേശസാൽകൃത റൂട്ടുകളിൽ കെഎസ്ആര്‍ടിസിക്ക് പകരമാണ് സർവ്വീസ് നടത്തുന്നത്.
ഇപ്പോൾ, സുപ്രീം കോടതി വിധിയെപ്പോലും അവഗണിച്ചാണ് സ്വകാര്യ ബസ്സുകളുടെ 140 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പെർമിറ്റ് അപേക്ഷകൾ അംഗീകരിക്കാനുള്ള തീരുമാനം. ടേക്ക് ഓവർ സർവീസുകൾ, സ്വകാര്യ ബസ്സിന്റെ കാലാവധി കഴിഞ്ഞ മുറയ്ക്ക് കെഎസ്ആർടിസി ഏറ്റെടുത്ത് സർവീസ് നടത്തണം.
അതോടൊപ്പം, സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് നീട്ടിക്കൊടുക്കാനുള്ള 31.10.2022 ലെ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം, പൊതുജന പിന്തുണയോടെ പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും എംപ്ലോയീസ് സംഘ് അറിയിച്ചു.