/sathyam/media/post_attachments/kNzPNfDYnpzRBW18cmul.jpg)
പാലക്കാടൻ പ്രവാസികളുടെ ആഗോള കൂട്ടായ്മയായ പാലക്കാട് പ്രവാസി സെന്റർ വിപുലമായ കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുന്നൂറോളം കുടുംബങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച "ഓണവരമ്പ്" പരിപാടിയിൽ പങ്കെടുത്തു.
പ്രവാസി സെന്റർ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടനസമ്മേളനത്തിൽ മുൻ ഡയറക്റ്റർ ജനറൽ ഓഫ് പോലീസ് വേണുഗോപാലൻ നായർ, മുൻ ഇന്ത്യൻ അംബാസഡർ ശ്രീകുമാർ മേനോൻ എന്നിവർ വിശിഷ്ട അതിഥികളായി യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
/sathyam/media/post_attachments/MT64it8JmpPITwYXgXMs.jpg)
പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ വീഡിയോ വഴി ഓണസന്ദേശം നൽകി. സെക്രട്ടറി പ്രദീപ് നെമ്മാറ, വൈസ് പ്രസിഡണ്ട് (അഡ്മിൻ) ശശികുമാർ ചിറ്റൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് (പ്രോഗ്രാം) രവിശങ്കർ പരുത്തിപ്പുള്ളി സ്വാഗതവും ജോ.സെക്രട്ടറി എം വി ആർ മേനോൻ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/post_attachments/KGQ3EKe0t9g5Xuaen7cv.jpg)
നാലു മണിക്കൂറിലധികം നീണ്ടുനിന്ന വൈവിധ്യമാർന്ന കലാപരിപാടികളിൽ പ്രവാസി സെൻററിൻറെ പാലക്കാട്, മുംബൈ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, പെറു തുടങ്ങിയ ഘടകങ്ങൾ ചെണ്ടമേളം, തിരുവാതിരകളി, മഹാബലി എഴുന്നള്ളത്ത്, പൂക്കളം, ഓണക്കഥ, മോഹിനിയാട്ടം, ശാസ്ത്രീയ, അർദ്ധശാസ്ത്രീയ, സിനിമാറ്റിക്, നാടോടി നൃത്തങ്ങൾ, പാവക്കഥകളി, ചരടുപിന്നിക്കളി, ഓണപ്പാട്ടുകൾ, മിമിക്രി, മോണോആക്ട് എന്നിവ അവതരിപ്പിച്ചു.
/sathyam/media/post_attachments/wgxLopvACMds7GIShNXy.jpg)
ഗൃഹാതുര സ്മരണകൾ ഉണർത്തിയ പരിപാടികളിൽ നിരവധി കുട്ടികളും പങ്കുചേർന്നു. പാലക്കാടിന്റെ പ്രശസ്ത പിന്നണിഗായകൻ പ്രണവം ശശി അവതരിപ്പിച്ച നാടൻപാട്ടുകളും 'ഓണവരമ്പിന്' കൊഴുപ്പേകി.
മേതിൽ സതീശൻ, സംഗീത ശ്രീകാന്ത് എന്നിവർ പരിപാടിയുടെ അവതാരകരായി. പ്രദീപ് മേനോൻ, സേത്നാ കൃഷ്ണൻ, ദേവിക തുടങ്ങിയവർ സംഗമത്തിന്റെ സാങ്കേതിക നിയന്ത്രണം നിർവഹിച്ചു.