കവയിത്രി ബീനാ റോയിയുടെ ആദ്യ നോവൽ 'സമയദലങ്ങൾ' ആസ്വാദക ഹൃദയങ്ങളിലേക്ക്...

New Update

publive-image

ഷാര്‍ജ: ശ്രദ്ധേയയായ കവയിത്രി ബീനാ റോയിയുടെ ആദ്യ നോവൽ "സമയദലങ്ങൾ" ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽവച്ച് നവംബർ ഏഴാം തിയതി പ്രകാശനം ചെയ്തു. എഴുത്തുകാരൻ എൻ.പി ഹാഫിസ് മുഹമ്മദാണ് പ്രകാശനം നിർവ്വഹിച്ചത്. എഴുത്തുകാരനും നറേറ്ററുമായ ബെന്ന ചേന്ദമംഗല്ലൂർ പുസ്തകം ഏറ്റുവാങ്ങി. മലയാളത്തിലെ മുൻനിര പബ്ളിഷേഴ്സായ കൈരളി ബുക്സാണ് ഈ നോവലിന്റെ പ്രസാധകർ.

Advertisment

ഇംഗ്ലണ്ടിന്റെ പ്രശ്ചാത്തലത്തിൽ എഴുതപ്പെട്ട മനോഹരമായ ജീവിതമുഹൂർത്തങ്ങളിലൂടെ ഈ നോവലിന്റെ ഗദ്യഭാഷ കാവ്യാത്മക രൂപത്തിൽ വായനക്കാരെ അഭിരമിപ്പിക്കുന്നു. ജീവിതാവസ്ഥകളെ കയ്യടക്കത്തോടെ ഒരുക്കിയിരിക്കുന്ന "സമയദലങ്ങൾ" അനുവാചകരിലേക്ക് കാലാതിവർത്തിയായി ലയിപ്പിക്കുവാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.

സർഗ്ഗാത്മകതയുടെ സാഫല്യം നന്മയെന്ന് തിരിച്ചറിഞ്ഞ് വായനക്കാരെ ആ സുഖശീതളിമയിലേക്ക് കൊണ്ടു പോകുന്ന ഗുണാത്മക നോവലാണ് സമയദലങ്ങൾ എന്ന് എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ.

publive-image

ചിന്തനീയമായ ആദ്യ രണ്ട് കവിതാ സമാഹാരങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് യു.കെ. നിവാസിയായ ബീനാ റോയ്. "ക്രോകസിന്റെ നിയോഗങ്ങൾ" എന്ന ആദ്യസമാഹാരം ലണ്ടൻ മലയാള സാഹിത്യവേദിയാണ് പ്രസിദ്ധീകരിച്ചത്.

മാനവികതയുടെ സർഗ്ഗാത്മകത തുളുമ്പുന്ന കവിതകൾ എന്ന് ശ്രീ പി.കെ ഗോപി അടയാളപ്പെടുത്തിയ രണ്ടാമത്തെ സമാഹാരമായ "പെട്രോഗ്രാദ് പാടുന്നു" കൈരളി ബുക്സ് പ്രസിദ്ധീകരിച്ചു.

മികവുറ്റ രചനാവൈഭവം കൈമുതലായുള്ള ഈ എഴുത്തുകാരി, രണ്ട് സംഗീത ആൽബങ്ങളിലായി പത്ത് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 2018-ൽ പുറത്തിറങ്ങിയ ''ബൃന്ദാവനി" യും, 2020ൽ റിലീസ് ചെയ്ത ''ഇന്ദീവരം'' എന്ന രണ്ടാമത്തെ ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദീവരത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്. ഗർഷോം ടിവിയാണ് രണ്ട് ആൽബങ്ങളും റിലീസ് ചെയ്തത്.

Advertisment