യുഎഇയിലെ ഒന്നാം നിര പ്രവാസി സംഘടനയായ അക്കാഫിന്‍റെ 'ശ്രാവണ പൗര്‍ണമി' ഓണാഘോഷം ഗാന്ധിജയന്തി ദിനത്തില്‍ ദുബായില്‍. അയ്യായിരത്തിലേറെപ്പേര്‍ പങ്കെടുക്കുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വമ്പന്‍ താര നിര. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

New Update

publive-image

യുഎഇ: യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സംഘടനകളിലൊന്നായ ഓള്‍ കേരള കോളേജസ് അലുംനി ഫോറ (എകെസിഎഎഫ്) ത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 'അക്കാഫ് ശ്രാവണി പൗര്‍ണമി' ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ദുബായ് അല്‍ നാസര്‍ ലെഷര്‍ലാന്‍ഡില്‍ നടക്കും.

Advertisment

അക്കാഫ് ശ്രാവണി പൗര്‍ണമിക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വിപുലമായ ഒരുക്കങ്ങളാണ് ദുബായില്‍ നടക്കുന്നത്. അയ്യായിരത്തോളം പ്രവാസികള്‍ പരിപാടികളില്‍ അണിനിരക്കും.


കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഐടി സ്റ്റാര്‍ട്ടപ് കമ്പനികളിലൊന്നായ ടാല്‍റോപ് ആണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍. സത്യം ഓണ്‍ലൈന്‍, ഗള്‍ഫ് മാധ്യമം, ഖലീജ് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ മീഡിയ പാര്‍ട്ട്ണര്‍മാരാണ്.

ആഘോഷങ്ങള്‍ ഓണത്തനിമയില്‍

അക്കാഫ് ഓണം ഇവന്‍റിനോടനുബന്ധിച്ച് രണ്ടാം തീയതി രാവിലെ 8 മുതല്‍ മലയാളത്തനിമ വിളിച്ചോതുന്ന നിരവധി മല്‍സരങ്ങള്‍ക്ക് ദുബായ് വേദിയാകും. നൂറുകണക്കിനാളുകളാണ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

രാവിലെ 8 -ന് അത്തപ്പൂക്കളം, തിരുവാതിര, ഗ്രൂപ്പ് ഡാന്‍സ് എന്നിവ നടക്കും. പായസ മല്‍സരം നടക്കുക രാവിലെ 9 നാണ്. 10.30 -നാണ് അക്കാഫ് താരജോഡികളുടെ മല്‍സരം. ആരാകും ഇത്തവണത്തെ അക്കാഫ് താരജോഡികളെന്നറിയാന്‍ ഏറെ കൗതുകത്തോടെയാണ് മലയാളി ലോകം കാത്തിരിക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ താരോദയമുള്ള നേതാവ് ഡോ. ശശി തരൂര്‍ എംപി, പ്രവാസി വ്യവസായി പ്രമുഖന്‍ എംഎ യൂസഫലി, നടി ഷീല, ദേശീയ അവാര്‍ഡ് ജേതാവായ ഗായിക നഞ്ചിയമ്മ, അക്കാഫ് ഭാരവാഹികള്‍ തുടങ്ങി മലയാളി സാമൂഹ്യ-സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകള്‍ ആഘോഷ പരിപാടികളോടനുബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കും.


ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ കൂടി സഹകരണത്തോടെ നടക്കുന്ന ഓണസദ്യ കേരളത്തനിമയുടെ രുചിഭേദങ്ങള്‍ക്ക് മാറ്റുകൂട്ടും.


യുഎഇയിലെ 80000 ത്തോളം പ്രവാസി മലയാളികള്‍ അംഗങ്ങളായ സംഘടനയാണ് അക്കാഫ്. കേരളത്തിലെ എല്ലാ കോളേജുകളുടെയും അലുംനി അസോസിയേഷനുകളുടെ സംയുക്ത ഫോറമാണിത്.

Advertisment