മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ഓണാഘോഷവും എൻഎച്എസ് അവാർഡ് വിതരണവും ഓഗസ്റ്റ് 28 ന്

New Update

publive-image

മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ(എംഎംഎ) ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 28 ന് നടക്കും. കോവിഡ് മഹാമാരിയ്ക്കു ശേഷം നടത്തപ്പെടുന്ന ആദ്യ പ്രോഗ്രാം എന്ന നിലയിൽ അതീവ താല്പര്യത്തോടുകൂടിയാണ് അസോസിയേഷനിലെ മുഴുവൻ അംഗങ്ങളും ഈ ആഘോഷപരിപാടിയുടെ ഭാഗമാകുന്നത്. 'പൊന്നോണം - 21' എന്ന പേരിൽ അണിയിച്ചൊരുക്കുന്ന ഓണാഘോഷം കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളാൽ സമ്പുഷ്ടമാണ്.

Advertisment

എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ ഹാളിൽ ഉച്ചക്ക് 12 മണിയോടുകൂടി ആരംഭിക്കുന്ന തിരുവോണ സദ്യയ്ക്ക് ശേഷം നടക്കുന്ന പൊതുയോഗത്തിൽ പ്രസിഡന്റ് രാജി കുര്യൻ അധ്യക്ഷത വഹിക്കും.

ലണ്ടൻ ന്യൂഹാം കൗൺസിൽ മെമ്പറും ലേബർ പാർട്ടി നേതാവുമായ സുഗതൻ തെക്കേപ്പുര ആഘോഷങ്ങളുടെ ഔപചാരികമായ ഉദഘാടനം നിർവഹിക്കും. പൊതുയോഗത്തിനു ശേഷം അസോസിയേഷനിലെ അംഗങ്ങൾക്കായി നടത്തപ്പെടുന്ന മലയാളി മങ്ക, കേരള പുരുഷൻ മത്സരങ്ങൾ നടത്തപ്പെടും. തുടർന്ന് എംഎംഎയുടെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികളും സ്റ്റേജിൽ അരങ്ങേറും.

ആതുര ശുശ്രൂഷാരംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച ആരോഗ്യപ്രവർത്തകരെ ആദരിക്കുവാൻ എംഎംഎ ഏർപ്പെടുത്തിയിരിക്കുന്ന 'സർവീസ് അവാർഡുകൾ' ഓണാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യും. എൻഎച്എസിൽ 20 വർഷം പൂർത്തിയാക്കിയവർക്കായിരിക്കും ഈ വർഷം അവാർഡുകൾ വിതരണം ചെയ്യുന്നത്.

ഓണത്തോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നടത്തിയ ട്വൻറ്റി ട്വൻറ്റി ക്രിക്കറ്റ് ടൂർണമെന്റ്, വടം വലി മത്സരം, ബാഡ്മിന്റൺ ടൂർണമെന്റ്, ഫുട്‍ബോൾ ടൂർണമെന്റ്, കാരംസ് ടൂർണമെന്റ്, ചീട്ടുകളി മത്സരം മറ്റ് സ്പോർട്സ് ഇനങ്ങൾ എന്നിവയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

അത്തപ്പൂക്കളം, ചെണ്ടമേളം, മഹാബലി എഴുന്നള്ളത്ത്, മോഹിനിയാട്ടം, തിരുവാതിരകളി തുടങ്ങിയവ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ആകർഷകങ്ങളായ സമ്മാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭാഗ്യസമ്മാന നറുക്കെടുപ്പും ഓണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ഏറെ ആകാംക്ഷയോടും അതീവതാല്പര്യത്തോടും കൂടിയാണ് ഈ വർഷത്തെ ഓണാഘോഷം എംഎംഎ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവാസിമലയാളികളുടെ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഓണാഘോഷത്തിലേക്കും രുചികരമായ തിരുവോണ സദ്യയിലേക്കും തുടർന്ന് നടക്കുന്ന കലാസാംസ്കാരിക പരിപാടികളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോ-ഓർഡിനേറ്റർ ബൈജു ഡാനിയേൽ അറിയിച്ചു.

-ആന്റണി മിലൻ സേവ്യർ

uk news
Advertisment