Advertisment

മഞ്ജു - നേത്ര ടീമിൻ്റെ വെൽക്കം ഡാൻസ്, ടോണിയും ആനിയും ചേർന്നൊരുക്കുന്ന ബോളിവുഡ് ഡാൻസ്, ജി.എം.എ മെഗാ തിരുവാതിര, റിഥം ഓഫ് വാറിംഗ്ടൺ ചെണ്ടമേളം, ഇ.വൈ സി.ഒ യുടെ ഫ്യൂഷൻ ഫിയസ്റ്റ, യൂത്ത് മ്യൂസിക്ക് നോട്ടിംങ്ഹാമിൻ്റെ തകർപ്പൻ പ്രകടനം; സെപ്റ്റംബർ 26 ന് യുക്മ - മലയാള മനോരമ ഓണവസന്തം അവിസ്മരണീയമാകും...

New Update

publive-image

Advertisment

യുകെ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി "ഓണവസന്തം 2021" സെപ്റ്റംബർ 26 ഞായർ 2 പിഎമ്മിന് ഓൺലൈനിൽ പ്ളാറ്റ്ഫോമിൽ നടക്കുമ്പോൾ അവിസ്മരണീയമാക്കാൻ മഞ്ജു- നേത്ര ടീമിൻ്റെ വെൽക്കം ഡാൻസ്, ടോണിയും ആനിയും ചേർന്നൊരുക്കുന്ന ബോളിവുഡ് ഡാൻസ്, ജി.എം.എ മെഗാ തിരുവാതിര, റിഥം ഓഫ് വാറിംഗ്ടൺ ചെണ്ടമേളം, ഇ.വൈ സി.ഒ യുടെ ഫ്യൂഷൻ ഫിയസ്റ്റ, യൂത്ത് മ്യൂസിക്ക് നോട്ടിംങ്ഹാമിൻ്റെ തകർപ്പൻ പ്രകടനം എന്നിവയെല്ലാം അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി.

ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓണവസന്തം 2021 ഉത്ഘാടനം ചെയ്യും. യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിക്കും. കേരള മന്ത്രിസഭയിലെ ഈ പുതുമുഖം ജനപ്രിയങ്ങളായ നിരവധി പരിപാടികളിലൂടെ ഇതിനോടകം ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.

യുക്മ നേതൃത്വവുമായി അടുത്ത സൌഹൃദമുള്ള മന്ത്രി റോഷി അഗസ്റ്റിന് യു കെ യിൽ ഒട്ടേറെ സുഹൃത്തുക്കളുമുണ്ട്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന റോഷി അഗസ്റ്റിൻ, യുക്മ - മലയാള മനോരമ ഓണവസന്തം 2021 ഉദ്ഘാടനം ചെയ്യാനെത്തുന്നതിൽ യുക്മ സഹചാരികളും യു കെ മലയാളികളും ഏറെ സന്തോഷത്തിലാണ്.

മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയിൽ, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.

മഞ്ജു സുനിൽ - നേത്ര വിവേക് ടീം അവതരിപ്പിക്കുന്ന വെൽക്കം ഡാൻസോടെയാണ് ഓണവസന്തം 2021 ഓണാഘോഷം ആരംഭിക്കുന്നത്. യു കെ യിലെ ഏറെ പ്രശസ്തയായ മോഹിനിയാട്ടം നർത്തകിയാണ് മഞ്ജു സുനിൽ. ബ്രിട്ടീഷ് പാർലിമെന്റ്, ഇന്ത്യൻ എംബസ്സി, നെഹ്റു സെന്റർ തുടങ്ങി യുക്മ വേദികളിലേയും സ്ഥിര സാന്നിധ്യമാണ് ഈ അനുഗ്രഹീത കലാകാരി.

കഴിഞ്ഞ ഇരുപത് വർഷമായി നൃത്തരംഗത്ത് തുടരുന്ന മഞ്ജു മോണോ ആക്ട്, കഥാപ്രസംഗം, ചാക്യാർ കൂത്ത് എന്നിവയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. നേത്ര വിവേക് ഇന്ത്യയ്ക്കകത്തും പുറത്തും ഏറെ പ്രശസ്തയായ ഒരു മോഹിനിയാട്ടം നർത്തകിയാണ്. നൂറ് കണക്കിന് വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ള നേത്ര തന്റെ ജോലിയോടൊപ്പം നൃത്ത പരിപാടികളും പരിശീലനവും തുടരുകയാണ്.

ഗ്ളോസ്റ്റർഷെയർ മലയാളി അസ്സോസ്സിയേഷൻ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയാണ് ഓണാഘോഷത്തിലെ പ്രധാനപ്പെട്ട ഒരിനം. യുക്മ റീജിയണൽ, നാഷണൽ കലാമേളകളിൽ കലാതിലകമായിരുന്ന ബിന്ദു സോമൻ കോറിയോഗ്രാഫിയും കോർഡിനേഷനും നിർവ്വഹിച്ച് അറുപതിലേറെ മലയാളി മങ്കമാർ അണിനിരക്കുന്ന മെഗാ തിരുവാതിര ഓണവസന്തം 2021 നെ കൂടുതൽ ആകർഷണീയമാക്കും. യുക്മയിലെ പ്രമുഖ റീജിയണുകളിലൊന്നായ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രബല അസ്സോസ്സിയേഷനുകളിൽ ഒന്നാണ് ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷൻ.

ഓണവസന്തം 2021 ലെ മറ്റൊരു നൃത്തരൂപമായ ഫ്യൂഷൻ ഫിയസ്റ്റയുമായി എത്തുന്നത് EYCO ഹള്ളിലെ പതിനെട്ടോളം അനുഗ്രഹീത കലാപ്രതിഭകളാണ്. കലാഭവൻ നൈസ് അണിയിച്ചൊരുക്കുന്ന ഈ നൃത്തശില്പം പ്രേക്ഷകരുടെ കണ്ണുകൾക്ക് ഒരു വിരുന്നായിരിക്കും. യുക്മ യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണിലെ പ്രധാന അസ്സോസ്സിയേഷനുകളിൽ ഒന്നാണ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ.

മലയാളിയുടെ ഏത് ആഘോഷത്തിനും ഒഴിവാക്കാനാവാത്ത ഒരു കാര്യമാണ് ചെണ്ടമേളം. ഓണവസന്തം 2021 ന് മേളക്കൊഴുപ്പേകാൻ എത്തുന്നത് റിഥം ഓഫ് വാറിംഗ്ടണാണ്. യു കെ യിലെ പ്രശസ്തനായ മേള വിദ്വാൻ ശ്രീ. രാധേഷ് നായരുടെ ശിക്ഷണത്തിൽ രൂപം കൊണ്ട റിഥം ഓഫ് വാറിംഗ്ടൺ യൂകെയിലെമ്പാടും അറിയപ്പെടുന്ന ടീമായി മാറിക്കഴിഞ്ഞു.

യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ പ്രധാന അസ്സോസ്സിയേഷനുകളിൽ ഒന്നായ വാറിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ പ്രവർത്തകരാണ് റിഥം ഓഫ് വാറിംഗ്ടൺ ടീം അംഗങ്ങൾ.

ഓണവസന്തം 2021 ഷോയിൽ വാദ്യ സംഗീതത്തിന്റെ മായിക നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ എത്തുന്നത് യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിലെ പത്ത് കൗമാര പ്രതിഭകളാണ്. യുക്മ ഫേസ്ബുക്ക് ലൈവിലൂടെ അരങ്ങേറ്റം കുറിച്ച യൂത്ത് മ്യൂസിക് ആദ്യ ഷോയിൽ തന്നെ ആയിരക്കണക്കിന് പ്രേക്ഷകരുടെ പ്രശംസകൾ നേടി. ഡ്രംസ്, ഓർഗൻ, ഫ്ളൂട്ട് എന്നീ സംഗീതോപകരണങ്ങളിൽ സർഗ്ഗസംഗീതം പൊഴിക്കുവാനെത്തുന്ന കുട്ടികൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടും.

യുക്മ കലാമേളകളുടെ ചരിത്രത്തിലാദ്യമായി കലാപ്രതിഭ - കലാതിലകപ്പട്ടങ്ങൾക്ക് അർഹരായ സഹോദരങ്ങൾ ആനി അലോഷ്യസും ടോണി അലോഷ്യസും ചേർന്ന് അവതരിപ്പിക്കുന്ന മനോഹരമായ നൃത്തരൂപമാണ് ഓണവസന്തം 2021 ലെ മറ്റൊരു ആകർഷണീയത.

നൃത്തത്തിലും സംഗീതത്തിലും പഠനത്തിലും ഒരു പോലെ മികവ് പുലർത്തുന്ന ആനി യുക്മ വേദികളിലെ ഒരു സജീവ സാന്നിദ്ധ്യമാണ്.

യുക്മ റീജിയണൽ, നാഷണൽ കലാമേളകളിലെ കലാതിലകമായ ആനി യു കെ മലയാളികൾക്ക് സുപരിചിതയാണ്. തുടർച്ചയായി രണ്ടാം തവണയും കലാപ്രതിഭ പട്ടം നേടിയ സഹോദരൻ ടോണി അലോഷ്യസും കലാ കായിക രംഗങ്ങളിലും പഠനത്തിലും ഒരു പോലെ മികവ് പുലർത്തുന്നു.

യു കെ മലയാളികൾക്ക് സുപരിചിതനായ ടോണി യുക്മ വേദികളിലെ സ്ഥിര സാന്നിദ്ധ്യമാണ്. യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ പ്രധാന അസ്സോസ്സിയേഷനുകളിൽ ഒന്നായ ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷനിലെ അംഗങ്ങളാണ് ആനിയും ടോണിയും.

സംഘാടന മികവിന്റെ നിരവധി മുഹൂർത്തങ്ങൾ യു കെ മലയാളികൾക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവർത്തന പന്ഥാവിൽ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവർത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്.

മനോജ് കുമാർ പിള്ള നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയും, റീജിയണൽ സമിതികളും, അംഗ അസ്സോസ്സിയേഷനുകളും കോവിഡ് ലോക്ഡൌൺ സമയത്ത് പോലും നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.

യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ: എബി സെബാസ്റ്റ്യൻ ഇവന്റ് കോർഡിനേറ്ററും, യുക്മ സാംസ്കാരികവേദി കോർഡിനേറ്റർ കുര്യൻ ജോർജ്ജ്, യു കെ പ്രോഗ്രാം ഓർഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്പോൺസർമാർ കോൺഫിഡന്റ് ഗ്രൂപ്പ്, യു കെ യിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനമായ പോൾ ജോൺ & കമ്പനി, പ്രമുഖ ഇൻഷ്വറൻസ് മോർട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.

അംഗ അസ്സോസ്സിയേഷനുകളിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 19 വരെ സംഘടിപ്പിച്ചിരുന്നതിനാലാണ് യുക്മ - മലയാള മനോരമ "ഓണവസന്തം 2021" സെപ്റ്റംബർ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.

-അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി)

uk news
Advertisment