യുക്മ കേരളപൂരം വള്ളംകളി - 2022 ൻ്റെ ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. ഇന്നലെ രാവിലെ 10 മണിക്ക് വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ച് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ സമിതിയുടെ ആദ്യ യോഗം ചേർന്നു. അടുത്ത രണ്ട് വർഷക്കാലത്തേക്കുള്ള പ്രവർത്തനങ്ങളുടെ നയപ്രഖ്യാപനവും ദേശീയ സമിതി യോഗത്തിൽ ചർച്ച ചെയ്തു.
ആഗസ്റ്റ് 27 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിച്ചിരിക്കുന്ന യുക്മയുടെ ഏറ്റവും വലിയ പരിപാടിയായ വള്ളംകളിയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് യോഗത്തിൽ വിലയിരുത്തും. വള്ളംകളിയുമായി ബന്ധപ്പെട്ട് ഇനിയും പൂർത്തീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ തീരുമാനമെടുക്കും. ഈ വർഷത്തെ വള്ളംകളിയും അതിനോടനുബന്ധിച്ചുള്ള കലാപരിപാടികളും ഉജ്ജലവിജയമാക്കുവാൻ യുക്മ ദേശീയ സമിതി കഠിന പരിശ്രമത്തിലാണ്.
യുക്മ ദേശീയ സമിതി യോഗത്തിന് ശേഷം വൈകുന്നേരം 4 ന് യുക്മ കേരളപൂരം വള്ളംകളി - 2022 ൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരുടെ യോഗം നടന്നു. യോഗത്തിൽ വച്ച് വള്ളംകളിയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വള്ളംകളി സംബന്ധിച്ചുള്ള പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ ഇവൻ്റ് കോർഡിനേറ്റർ അഡ്വ.എബി സെബാസ്റ്റ്യൻ, രജിസ്ട്രേഷൻ ചുമതലയുള്ള ദേശീയ സമിതിയംഗം ജയകുമാർ നായർ എന്നിവർ നൽകി. തുടർന്ന് വള്ളംകളിയുടെ ഹീറ്റ്സുകളുടെ നറുക്കെടുപ്പും നടക്കുന്നതായിരിക്കും. വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടെയും ക്യാപ്റ്റൻമാരും യോഗത്തിൽ പങ്കെടുത്തു.
യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൻ്റെ ഒരുക്കങ്ങൾ ചിട്ടയായിട്ടാണ് പുരോഗമിച്ചു വരുന്നത്. ആഗസ്റ്റ് 27 ന് നടക്കുന്ന വള്ളംകളിയും കാർണിവലും ചരിത്ര സംഭവമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജിൻ്റേയും നേതൃത്വത്തിൽ യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഈ വർഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരൻമാരും പരിപാടികൾ അവതരിപ്പിക്കും.
മനോജ് കുമാർ പിള്ള നേതൃത്വം കൊടുത്ത സ്ഥാനമൊഴിഞ്ഞ ദേശീയ സമിതി വള്ളംകളിയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ആഗസ്റ്റ് 27ന് (27/8/22) ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിലാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും വള്ളംകളി മത്സരം നടക്കുന്നത്. കോവിഡിന് മുൻപ് 2019 - ൽ നടന്ന അവസാന വള്ളംകളി മത്സരവും പ്രകൃതി രമണീയമായതും കൂടുതൽ സൗകര്യപ്രദവുമായ മാൻവേഴ്സ് തടാകത്തിൽ തന്നെയായിരുന്നു.
കാണികളായി ഈ വർഷം കൂടുതൽ പേർ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. |, KI ദേശീയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിൻ്റെ ചുമതല നാഷണൽ വൈസ് പ്രസിഡൻ്റ് ഷീജാേ വർഗീസിനായിരിക്കും. അവസാന വർഷം വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകൾ കാണികളായി എത്തിച്ചേർന്നിരുന്നു. ഇപ്രാവശ്യം പതിനായിരത്തോളം പേരെങ്കിലും വള്ളംകളി കാണുന്നതിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാർണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്ളാദിച്ചുല്ലസിക്കുവാൻ വേണ്ടി നിരവധി അസോസിയേഷനുകളും മറ്റ് സംഘടനകളും ഏകദിന വിനോദയാത്രകൾ മാൻവേഴ്സ് തടാകത്തിലേക്ക് സംഘടിപ്പിക്കുകയാണ്.
മാൻവേഴ്സ് തടാകവും അനുബന്ധ പാർക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിൻ്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ് ഭക്ഷണശാലകൾ എന്നിവ ചുറ്റുമുള്ള പുൽത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരവുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകൾക്കും, കോച്ചുകൾക്ക് പ്രത്യേകവും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സര ദിവസം ഒരുക്കുന്നത്.
"യുക്മ കേരളാ പൂരം വള്ളംകളി - 2022" മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് മാൻവേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.
യുക്മ കേരളപൂരം വള്ളംകളി - 2022 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-
ഡോ.ബിജു പെരിങ്ങത്തറ - 07904785565
കുര്യൻ ജോർജ് - 07877348602
ഷീജോ വർഗീസ് - 07852931287