നോർത്ത് ഈസ്റ്റിലെ ഏറ്റവും വലുതും, യുകെയിലെ പ്രമുഖ മലയാളി കൂട്ടായ്മയുമായ മലയാളി അസോസിയേഷൻ സണ്ടർലാൻഡ് (MAS) സംഘടിപ്പിക്കുന്ന ദേശീയ കായികമേളയുടെയും വടംവലി മത്സരത്തിൻ്റെയും ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് പതിമൂന്ന് ശനിയാഴ്ച്ചയാണ് മത്സരം നടക്കുന്നത്. യുകെയുടെ നാനാഭാഗത്തു നിന്നും വടം വലി മൽസരത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവു കാരണം രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി ഓഗസ്റ്റ് 10 ബുധനാഴ്ച വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.
2022 ഓഗസ്റ്റ് 13 ശനിയാഴ്ച, സണ്ടർലാൻഡിലെ സിൽക്‌സ്‌വർത്ത് സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 9 മണിക്ക് മത്സരത്തിൻ്റെ ഉദ്ഘാടനം നടക്കും. തുടർന്ന് കായിക മേളയുടെ പ്രധാന ഇനമായ വടംവലി മത്സരം ആരംഭിക്കും. അതിനോട് അനുബന്ധിച്ച് മറ്റ് കായിക മത്സരങ്ങളും നടക്കും. വൈകുന്നേരം 4 മണിക്ക് സമാപന ചടങ്ങുകളോടു കൂടി മേള സമാപിക്കും മൽസരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള നിയമാവലികൾ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുമ്പോൾ വായിക്കുവാൻ സാധിക്കും. എല്ലാ മൽസര വിഭാഗത്തിലും റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.
യുകെയുടെ നാനാഭാഗത്തുനിന്നുമുള്ള രജിസ്ട്രേഷനുകളും അന്വേഷണങ്ങളും പുരോഗമിക്കുമ്പോൾ സണ്ടർലാൻറും അതിലുപരി നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടും ആവേശത്തിമിർപ്പിൽ. ഇതിനോടകം തന്നെ യുകെയുടെ നാനാഭാഗത്തുനിന്നും കായികമേളക്കും വടം വലിക്കുമുള്ള രജിസ്ട്രേഷനുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട് നിലവാരമുള്ള സിന്തറ്റിക് ട്രാക്കിലായിരിക്കും മൽസരങ്ങൾ നടക്കുക.
മാസ്സ് പ്രസിഡൻ്റ് റജി തോമസിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ സംഘാടക മികവും അസോസിയേഷൻ മെമ്പർമാരുടേയും കുടുംബങ്ങളുടേയും കൂട്ടായ പ്രവർത്തനങ്ങളും മറ്റു കൂട്ടായ്മകൾക്കു മാതൃകയും, കാണികൾക്കും, മൽസരാർഥികൾക്കും മൽസര വേദി വേറിട്ടൊരു അനുഭൂതിയുമായിരിക്കുമെന്നതിൽ തർക്കമില്ല. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ദേശീയ വടംവലി മൽസരം സണ്ടർലാൻറിനെ ഒരു ഉൽസവപ്രതീതിയിലെത്തിച്ചിരിക്കുകയാണ്.
വേദിയിൽ ഒരുക്കുന്ന രുചികരമായ നാടൻ ഭക്ഷണ കൗണ്ടർ മേളയുടെ മറ്റൊരു ആകർഷകമാണ്.