എംഎംഎ യൂത്ത് ഫുട്‍ബോൾ ടൂർണ്ണമെന്റ് ആഗസ്റ്റ് 27 ന് മെയ്ഡ്സ്റ്റോണിൽ

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

മെയ്ഡ്സ്റ്റോൺ:കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ യൂത്ത് ഫുട്ബോൾ ടൂർണ്ണമെന്റ് ആഗസ്റ്റ് 27 ശനിയാഴ്ച മെയ്ഡ്സ്റ്റോണിൽ അരങ്ങേറും. നിരവധി മികച്ച പരിപാടികൾ വിജയകരമായി നടപ്പിലാക്കിവരുന്ന എംഎംഎയുടെ ഏറ്റവും നൂതനമായ ആശയമാണ് കൗമാരക്കാരെ അണിനിരത്തിക്കൊണ്ടുള്ള യൂത്ത് ഫുട്‍ബോൾ ടൂർണ്ണമെന്റ്. എംഎംഎയുടെ യൂത്ത് വിംഗായ എംഎംഎ യൂത്ത് ക്ലബാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.

Advertisment

വളർന്നുവരുന്ന കായിക പ്രതിഭകളെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ടൂർണ്ണമെന്റിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 8 ടീമുകൾ പങ്കെടുക്കും. മെയ്ഡ്സ്റ്റോൺ സെന്റ് അഗസ്റ്റിൻ ഫുട്‍ബോൾ ഗ്രൗണ്ടിൽ ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റിൽ ആതിഥേയരായ എംഎംഎ യൂത്ത് ഫുട്ബോൾ ക്ലബും കെന്റിലെ മറ്റു അസോസിയേഷനുകളിൽ നിന്നുമുള്ള ഫുട്ബോൾ ക്ലബുകളും മാറ്റുരക്കും.

വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ സമ്മാനങ്ങളും ട്രോഫികളുമാണ്. ചാംപ്യൻമാരാകുന്ന ടീമിന് 301 പൗണ്ടും എംഎംഎ എവർ റോളിങ്ങ് ‌ ട്രോഫിയും ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കും.

മത്സരം കാണാനെത്തുന്നവർക്കും ടീമംഗങ്ങൾക്കുമായി വിശാലമായ പാർക്കിങ് സൗകര്യവും, മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളും ക്രമീകരിച്ചിട്ടുണ്ട്. യുവതലമുറയുടെ വീറും വാശിയും നിറഞ്ഞ പോരാട്ടവീര്യം കണ്ടാസ്വദിക്കുവാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡ്സ്റ്റോൺ സെന്റ് അഗസ്റ്റിൻസ് ഫുട്ബോൾ മൈതാനത്തേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി എംഎംഎ സ്പോർട്സ് കോ-ഓർഡിനേറ്റർ അജിത്ത് പീതാംബരൻ അറിയിച്ചു.

Advertisment