/sathyam/media/post_attachments/WHZ9sSUeHmwf4sUTphWK.jpg)
മെയ്ഡ്സ്റ്റോണ്‍: പിങ്ക് നിറമണിഞ്ഞ മെയ്ഡ്‌സ്റ്റോണ്‍ പട്ടണവും മോട്ട് പാർക്കും സാക്ഷിയായി ഇക്കഴിഞ്ഞ ഞായറാഴ്ച മെയ്ഡ്സ്റ്റോണ്‍ മലയാളി അസ്സോസിയേഷന്‍ അംഗങ്ങള്‍ 10 കി. മീറ്ററും 5 കി. മീറ്ററും ഓടിയെത്തിയപ്പോള്‍ സുമനസ്സുകള്‍ അവര്‍ക്ക് സമ്മാനിച്ചത് 9000 ത്തോളം പണ്ട്.
'റേസ് ഫോര്‍ ലൈഫ്' എന്ന് പേരിട്ട ചാരിറ്റി സംരംഭം സംഘടിപ്പിച്ചത് കാന്‍സര്‍ റിസര്‍ച്ച് യുകെ എന്ന സന്നദ്ധ സംഘടന. ക്യാന്‍സര്‍ റിസേര്‍ച്ചിനു വേണ്ടി ജൂലൈ മാസം രണ്ടാം തിയതി ആയിരങ്ങള്‍ പങ്കെടുത്ത ഈ മഹാ സംരംഭത്തില്‍ മെയ്ഡ്സ്റ്റോണ്‍ മലയാളി അസ്സോസിയേഷന്‍ (എംഎംഎ) അംഗങ്ങള്‍ ഗ്രൂപ്പായി പങ്കു ചേരുകയായിരുന്നു.
എംഎംഎ കമ്മിറ്റി നേതൃത്വം നല്‍കിയ ഈ കൂട്ടയോട്ടത്തില്‍ വ്യക്തികളായും കുടുംബങ്ങളായും അണി ചേര്‍ന്നത് എംഎംഎയിലെ 57 അംഗങ്ങള്‍. ഓരോ അംഗങ്ങളും നിശ്ചിത ഫീസ് നല്‍കി രജിസ്റ്റര്‍ ചെയ്തതിനു ശേഷം സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ബന്ധുമിത്രാദികളോടും സംഭാവനകള്‍ ക്ഷണിക്കുകയായിരുന്നു.
സംഘടനാ പ്രവര്‍ത്തനത്തില്‍ എന്നും നവ മാതൃകകള്‍ തീര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള എംഎംഎ ഇക്കുറിയും പതിവു തെറ്റിച്ചില്ല എന്ന് മാത്രമല്ല, ഒരുമിച്ചുള്ള മുന്നേറ്റത്തിലൂടെ സമൂഹത്തിനു നന്മ ചെയ്യുന്നതിനും മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി കാട്ടുന്നതിനും സാധിക്കുമെന്ന് വളരുന്ന പുത്തന്‍ തലമുറയ്ക്ക് മാർഗ ദര്‍ശനം നല്‍കുന്ന സംരംഭമാക്കി 'റേസ് ഫോര്‍ ലൈഫ്' മാറ്റി. കുട്ടികളുടെയും സ്ത്രീകളുടെയും വന്‍ പങ്കാളിത്തം ഇത് അടിവരയിടുന്നു.
/sathyam/media/post_attachments/KnZ9y1xf8OEIUK2z9Poe.jpg)
നമ്മള്‍ ജീവിക്കുന്ന ഈ രാജ്യത്തിന്റെ ചിന്താധാരയോടും സാംസ്‌കാരികതയോടും ചേര്‍ന്ന് നില്‍ക്കേണ്ടതിന്റെ ആവശ്യകതയെയും 'റേസ്
ഫോര്‍ ലൈഫ്' സ്വാഗതം ചെയ്യുന്നു.
ഓട്ടത്തില്‍ പങ്കു ചേര്‍ന്ന് വന്‍ തുകകള്‍ സമാഹരിച്ച രഞ്ജിഷ് നാരായണന്‍, ജൂബി ബൈജു, മിനി ശങ്കരനാരായണന്‍, ബെറ്റി റോയ്, അന്ന രഞ്ജു എന്നിവരെ വേദിയില്‍ തന്നെ എംഎംഎ പ്രസിഡന്റ് ബൈജു ഡാനിയേല്‍, സെക്രട്ടറി ബൈജു തങ്കച്ചന്‍ എന്നിവര്‍ അഭിനന്ദിക്കുകയും പങ്കെടുത്ത് വിജയിപ്പിച്ച ഓരോ അംഗങ്ങള്‍ക്കും സംഭാവന നല്‍കിയ ഓരോ വ്യക്തികള്‍ക്കും നന്ദി പറയുകയും ചെയ്തു.
എംഎംഎ - 'കാന്‍സര്‍ റിസര്‍ച്ച് യുകെ' കോ-ഓര്‍ഡിനേഷന്‍ ഭംഗിയായി നിര്‍വഹിച്ച ജിസ്ന എബിയെയും മറ്റു കമ്മിറ്റി അംഗങ്ങളെയും
ഭാരവാഹികളും അംഗങ്ങളും അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us