Advertisment

അന്തരിച്ച വിഖ്യാത സഞ്ചാരസാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചനവും നടത്തി

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

publive-image

Advertisment

ഹ്യൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചന യോഗവും വെർച്ച്വൽ, സും, പ്ലാറ്റ്ഫോമിൽ ജൂൺ 5, ഞായർ വൈകുന്നേരം 8 മണിക്ക് സംഘടിപ്പിച്ചു.

ലോകത്തെമ്പാടും, തലങ്ങും വിലങ്ങും നിരവധി യാത്രകൾ നടത്തി, അനുഭവങ്ങളും വിസ്മയകാഴ്ചകളുമായി അനവധി യാത്രാവിവരണങ്ങളും ഗ്രന്ഥങ്ങളും രചിച്ചു വായനക്കാരുടെയും

അനുവാചകരുടെയും മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടിയ ചാക്കോ മണ്ണാർക്കാട്, എന്ന സഞ്ചാരസാഹിത്യ പ്രതിഭയുടെ, ജീവിതവും, യാത്രയും കൃതികളെയും സഞ്ചാര

പഥങ്ങളേയും ആധാരമാക്കി പങ്കെടുത്ത സാഹിത്യകാരന്മാരും സാഹിത്യകാരികളും

സുഹൃത്തുക്കളും വായനക്കാരും സംസാരിച്ചു.

ചാക്കോ മണ്ണാർക്കാട് സഞ്ചാര സാഹിത്യ കൃതികളുടെ വെളിച്ചത്തിൽ സഞ്ചാര സാഹിത്യ ശാഖയെ കുറിച്ച് സമയോചിതമായി അവലോകനം ചെയ്തു.

ഈ അനുസ്മരണ യോഗത്തിൽ ശ്രീ.ചാക്കോയുടെ മക്കളും മറ്റു ബന്ധുക്കളും അനുഭവങ്ങൾ പങ്കുവച്ചു. ചാക്കോ സാറിൻറെ ധർമ്മപത്നി അന്നമ്മ ടീച്ചറും, മക്കളും കുടുംബാംഗങ്ങളുമായ ബിനു ജോസഫ്, ടോമി പീടികയിൽ, ബിനോയ് ചാക്കോ, ബീന പടവത്തിയിൽ, ബിന്ദു ജോയ്, സജു ജോയ്, ബിനു ചാക്കോ സണ്ണി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ സാഹിത്യ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായി മണ്ണാർക്കാട് സാറിന് അഭേദ്യമായ ബന്ധമാണുള്ളത്. പാക്കിസ്ഥാൻ ക്യൂബ, ഉസ്ബകിസ്ഥാൻ, യുക്രൈൻ, ആഫ്രിക്കൻ വനാന്തരങ്ങൾ, ചൈന, റഷ്യ, അഫ്ഘാനിസ്ഥാൻ, ടർക്കി, ഗ്രീസ്, റോം ഇറ്റലി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് നാടുകൾ, തുടങ്ങിയ ദേശങ്ങളിലൂടെ അതിസാഹസികമായ ഒരു യാത്രയാണ് അദ്ദേഹം നടത്തിയത്.

അദ്ദേഹം സന്ദർശിച്ച ഇടങ്ങളിലെ ചുരുക്കമായ ചരിത്രങ്ങളും അദ്ദേഹത്തിൻറെ കൃതികളിൽ

രേഖപ്പെടുത്തിയിട്ടുണ്ട്. കേരള ലിറ്റററി ഫോറം യുഎസ് ആണ് അദ്ദേഹത്തെ ആദ്യമായി അമേരിക്കയിലെ എസ് കെ പൊറ്റക്കാട് എന്ന് സംബോധന ചെയ്തത് എന്ന് തോന്നുന്നു.

കോട്ടയം ജില്ലയിൽ നീണ്ടൂർ മണ്ണാർക്കാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായി അദ്ദേഹം ജനിച്ചു. കേരളത്തിൽ പൊതുമരാമത്ത് വകുപ്പിൽ വർക്ക് സൂപ്രണ്ടായി അദ്ദേഹം കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്.

1989 ഇൽ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. ന്യൂയോർക്കിലെ യോങ്കേഴ്സിൽ ആയിരുന്നു താമസം. അവിടത്തെ 10 വർഷത്തെ ജോലിക്ക് ശേഷം അദ്ദേഹം റിട്ടയർ ചെയ്തു. പിന്നീടങ്ങോട്ട് ലോകത്തിലെ വിവിധ ദേശങ്ങളിലേക്ക് തൻറെ സഞ്ചാരം ആരംഭിച്ചു.

അദ്ദേഹത്തിൻറെ സഞ്ചാര അനുഭവങ്ങൾ, പോയ രാജ്യങ്ങളിലെ, നഗരങ്ങളിലെ ഗ്രാമങ്ങളിലെ ലഘുവായ ചരിത്രവും കൗതുക കാഴ്ചകളും അദ്ദേഹത്തിൻറെ സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളിൽ നിറഞ്ഞുനിന്നു.

അമേരിക്ക സ്വാതന്ത്ര്യ നാട്, കാനഡ ഭൂമിയുടെ ധാന്യപ്പുര, മെക്സിക്കോ ചരിത്രമുറങ്ങുന്ന ഭൂമി, ഹവായി അഗ്നിപർവ്വതങ്ങളുടെ നാട്, ഇസ്രായേൽ യാത്ര, ക്യൂബൻ യാത്ര, ഒരു സഞ്ചാരിയുടെ ജീവിത വഴികൾ തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ മുഖ്യ യാത്രാവിവരണ പുസ്തകങ്ങൾ.

കൂടാതെ അമേരിക്കയിൽ നിന്നും, നാട്ടിൽ നിന്നും ഇറങ്ങിയിരുന്ന ആനുകാലികങ്ങളിൽ ചാക്കോയുടെ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ സഞ്ചാരിയുടെ ചില യാത്രകളിൽ അന്തരിച്ച നർമ്മ സാഹിത്യകാരനായ ഡോക്ടർ പോൾസൺ ജോസഫ് ഒപ്പമുണ്ടായിരുന്നു.

ജോർജ്ജ് മണ്ണിക്കരോട്ട്, ജോൺ മാത്യു, ജോൺ ഇളമത, എ. സി. ജോർജ്, ഷീല ചെറു, സജി കരിമ്പന്നൂർ, തോമസ് ഒലിയാൻകുന്നേൽ, സാം നിലം പള്ളി, പ്രൊഫസർ മാത്യു പ്രാലേൽ, ജോയി ലൂക്കോസ്, തോമസ് വർക്കി, സണ്ണി ജോസഫ്, ഐ. ടി. ഗോപാലകൃഷ്ണപിള്ള, കുഞ്ഞമ്മ മാത്യു, രത്നമ്മ നായർ, മേഴ്സി ജോർജ്, മേരിപോൾ തുടങ്ങിയ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംഘടനാ നേതാക്കളും വായനക്കാരും ആയ ഒട്ടേറെ പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു പരേതന് ആദരാജ്ഞലികൾ അർപ്പിച്ചു. കേരള ലിറ്റററി ഫോറം പ്രവർത്തകനായ എ സി ജോർജ് മോഡറേറ്ററായി പ്രവർത്തിച്ചു.

Advertisment