മണിപ്പൂരിനു വേണ്ടി മനമുരുകി പ്രാർത്ഥിച്ച് അവർ ഒത്തു ചേർന്നു; ഹൂസ്റ്റൺ മലങ്കര പള്ളിയിൽ മാനവികതയുടെ ജപമാല പ്രദക്ഷിണം

author-image
ജൂലി
Updated On
New Update
publive-image
ഹ്യൂസ്റ്റൺ: മണിപ്പൂർ ജനതയുടെ വേദനകൾക്ക് ശാശ്വത പരിഹാരം തേടി അവർ ഒത്തുകൂടി. മെഴുതിരി നാളത്തിൽ ജപമാല പ്രദക്ഷിണം നടത്തി അവർ ഉള്ളുരുകി പ്രാർത്ഥിച്ചു.  സെൻറ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നത് സമാനതകളില്ലാത്ത മനുഷ്യ സ്നേഹത്തിൻറെ അപൂർവ നിമിഷങ്ങൾ. മണിപ്പൂരിൽ സമാധാനം പുലരുന്നതിനായി പള്ളി വികാരി ഫാ. ബിന്നി ഫിലിപ്പിന്റെ നേതൃത്വത്തിൽ നൂറു കണക്കിന് വിശ്വാസികൾ തിരുനാളിനോട് അനുബന്ധിച്ച് ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ്ലീഹായുടെ മാധ്യസ്ഥം തേടി മനമുരുകി പ്രാർത്ഥിച്ചു.
Advertisment
കഴിഞ്ഞ രണ്ട് മാസമായി വംശീയ കലാപം രൂക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനത്തിനായി പ്രാർത്ഥിക്കാനും ആക്രമണത്തിന് ഇരയാകുന്ന ക്രൈസ്തവ വിഭാഗങ്ങൾ അടകമുള്ളവരോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വിശ്വാസികൾ ഒത്തുചേരുകയായിരുന്നു.
ദൈവകൃപയും സമാധാനവും അഭ്യർത്ഥിച്ചായിരിന്നു പ്രാര്‍ത്ഥന. മണിപ്പൂരിലെ അക്രമത്തിൽ 100-ലധികം പേർ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം പേര്‍ ചിതറിക്കപ്പെടുകയും ചെയ്തതായി ഫാ.ബിന്നി ഫിലിപ്പ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലും മണിപ്പൂരിലും നടക്കുന്നത് വക്രബുദ്ധിയോടെ ആസൂത്രണം ചെയ്‌ത ദുഷ്‌കരമായ രാഷ്ട്രീയ നാടകത്തിന്റെ പരീക്ഷണം ആണെന്ന് അദ്ദേഹം പറഞ്ഞു.
സംഘർഷം ആരംഭിച്ചത് മുതൽ അക്രമവും തീവെപ്പും അനിയന്ത്രിതമായി തുടരുന്നു, പ്രത്യേകിച്ച് പ്രദേശത്തിന്റെ താഴ്‌വരയുടെ പുറം പ്രദേശങ്ങളിൽ; വീടുകളും ഗ്രാമങ്ങളും അഗ്നിക്കിരയാക്കുകയോ പൂർണ്ണമായും നശിപ്പിക്കപ്പെടുകയോ, വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും കൊള്ളയടിക്കുകയും, ആരാധനാലയങ്ങൾ അശുദ്ധമാക്കുകയും തീയിടുകയും ചെയ്തു. 50,000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ഭവനരഹിതരാകുകയും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും സ്വകാര്യ വസതികളിലും ദുരിതമനുഭവിക്കുകയുമാണ്.
നിരവധി ആളുകൾ നഗരം വിട്ടുപോയി. മണിപ്പൂരിൽ നിലംപൊത്തിയ ഇരുനൂറിലധികം പള്ളികൾ ഒരുനാൾ പുനർനിർമിക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും ക്രിസ്തുവിനെ പ്രതിരോധിക്കാൻ ചൊരിയപ്പെട്ട വിലയേറിയ രക്തം ഒരിക്കലും പാഴാകില്ലായെന്നും അച്ചൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
വ്യാഴാഴ്ച തുടങ്ങിയ പെരുന്നാളിനോട് അനുബന്ധിച്ച് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സുവിശേഷ പ്രഘോഷണത്തിന് ഫാ. ബെനഡിക്ട് കുര്യനും ഫാ ജോൺ എസ്. പുത്തൻവിളയും നേതൃത്വം നൽകി. ശനിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വിവിധ ഭക്ത സംഘടനകളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ഞായറാഴ്ച ദിവ്യബലിയോടു കൂടി പെരുന്നാളിന് സമാപനമാകും. പെരുന്നാളിനോട് അനുബന്ധിച്ച് വിശുദ്ധ കുർബാനയ്ക്കു ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കും. പരിപാടികൾക്ക് ഇടവക ഭരണസമിതി നേതൃത്വം നൽകി
Advertisment