നരേന്ദ്ര മോദിക്ക് ഇന്ത്യൻ പെൺകുട്ടികളുടെ കൈയ്യടി, കാലത്തിനൊത്ത് മാറാൻ തയ്യാറാകാത്ത പ്രസ്ഥാനങ്ങൾ തിരിച്ചടി നേരിടുകയും ക്രമേണ ഭൂപടത്തിൽ നിന്ന് മാഞ്ഞ് പോവുകയും ചെയ്യും.
ഓരോ മണിക്കൂറിലും ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ നമുക്ക് നമ്മുടെ വിരൽത്തുമ്പിലൂടെ അറിയുകയും ചെയ്യാം.
ഇന്നത്തെ യുവത കാലത്തിനൊത്ത് സഞ്ചരിക്കുന്നവരാണ്. അവരെ എവിടെയെങ്കിലും തളച്ചിടാൻ ശ്രമിക്കുന്നത് പാഴ് വേലയാണ്. ഇത് പറയാൻ കാരണം -ഇന്ത്യയിൽ ഇന്ന് ദേശീയ സ്വഭാവമുള്ള പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ബി.ജെ.പിയും കോൺഗ്രസും ഇടത്പക്ഷ പ്രസ്ഥാനങ്ങളുമാണ്. ഇവയിൽ കോൺഗ്രസും ഇടത് പക്ഷ പ്രസ്ഥാനങ്ങളും അപചയത്തിന്റെ പാതയിലാണ്. അതിന്റെ കാരണം മുൻപ് സൂചിപ്പിച്ചതാണ്. കാലത്തിനൊത്ത് മാറാൻ തയ്യാറല്ല.
ഇന്ത്യ മഹാരാജ്യം പടുത്തുയർത്തിയത് കോൺഗ്രസാണ്. സംശയമില്ല. നെഹ്റുവിന്റേയും ഇന്ദിരയുടേയും രാജീവിന്റേയും ദേശീയ, അന്തർദ്ദേശീയ കാഴ്ചപ്പാടും ശാസ്ത്ര സാങ്കേതിക ബോധവും പാവങ്ങളോടുള്ള കടപ്പാടുമാണ് കോൺഗ്രസിലേക്ക് ഇന്ത്യൻ ജനതയെ ചേർത്ത് നിർത്തിയത്. ഇവർ മൂവരും ദേശവിരുദ്ധ ശക്തികളെ ശക്തിയുക്തം എതിർത്തിരുന്നു. ഇവരാരും ഒരു പ്രത്യേക വിഭാഗത്തേയും പ്രീണിപ്പിച്ചിരുന്നില്ല. വിവിധ ജാതി മത വിഭാഗങ്ങളിൽ പെട്ടവർ എല്ലാവരും നെഹ്റുവിനേയും ഇന്ദിരയേയും രാജീവിനേയും വിശ്വസിച്ചിരുന്നു, സ്നേഹിച്ചിരുന്നു.
ഇവർ മൂവരും കാലത്തിന്റെ മാറ്റത്തിനൊത്ത് സഞ്ചരിച്ചവരായിരുന്നു. അന്നും ഇടത്പക്ഷ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രതിലോമ രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയിരുന്നു. ഇവർ കാലത്തിന്റെ യാത്രയുടെ ഗതി മനസ്സിലാക്കാതെ അന്ധമായി കോൺഗ്രസിനെ എതിർത്ത് പോന്നു. ഇത് ഇടത്പക്ഷ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. ഒരിക്കലും ദേശീയതക്കൊത്ത് ഉയരാൻ അവർ ശ്രമിച്ചില്ല. ഇത് അവരെ ഇന്ത്യൻ മണ്ണിൽ തളർത്തി.
പിന്നീട് വന്ന കോൺഗ്രസ് ഗവണ്മെന്റുകൾ എല്ലാം ദുരന്തമായിരുന്നു. ആഗോളവൽക്കരണത്തിന്റെ ഗുണഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. പുരോഗമനപരമായ പല കാര്യങ്ങളും നടപ്പാക്കിയെങ്കിലും അതൊന്നും ജനഹൃദയങ്ങളിൽ എത്തിക്കുവാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 1971 ൽ പാകിസ്ഥാനെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും രണ്ടായി വിഭജിച്ച് ബംഗ്ലാദേശിന് രൂപം നൽകുകയും ചെയ്തത് പാകിസ്ഥാനെ ചൊടിപ്പിച്ചു. പാകിസ്ഥാനിലെ രഹസ്യ അന്വേഷണ ഏജൻസിയായ ഐ.എസ്.ഐ മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇന്ത്യക്കെതിരെ ഒളിയുദ്ധം നടത്താൻ കാശ്മീരിലേക്ക് അയച്ച് തുടങ്ങി.
ഇതേ സമയം തന്നെ സിഖ് ഭീകര പ്രസ്ഥാനം ജർണയിൽ സിംഗ് ഭിന്ദ്രൻ വാലയുടെ നേതൃത്ത്വത്തിൽ നിലവിൽ വന്നു. ഇതെല്ലാം ഒരു പരിധി വരെ അടിച്ചമർത്താൻ കഴിഞ്ഞെങ്കിലും തുടച്ച് നീക്കാൻ സാധിച്ചില്ല. രാജീവ് ഗാന്ധിയുടെ മരണശേഷം സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി.
കോൺഗ്രസ് പ്രസിഡന്റ് നെഹ്റു കുടുംബത്തിൽ നിന്ന് വേണം എന്ന അലിഖിത നിയമം നടപ്പാക്കുകയായിരുന്നു. ഇന്ത്യയിൽ കോൺഗ്രസിന്റെ തകർച്ചയുടെ ആരംഭം തുടങ്ങിയത് ഇവിടെയാണ്. സോണിയയുടെ വിദേശ പൗരത്വം വിഷയമാക്കി ബി.ജെ.പി പ്രചരണം തുടങ്ങി. ഹൈന്ദവ സംഘടനകളും ഇത് ഏറ്റെടുത്തതോടെ ഹൈന്ദവ ഏകീകരണം എന്ന ലക്ഷ്യം സാധ്യമാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു.
രാമക്ഷേത്ര നിർമ്മാണം മുഖ്യ അജൻഡയാക്കിയതോടെ ഉത്തരേന്ത്യ ബി.ജെ.പി യുടെ കൈവെള്ളയിലായി. വി.പി.സിംഗ് നടപ്പാക്കിയ മണ്ഡൽ കമ്മീഷൻ ഉത്തരേന്ത്യയിൽ ജാതി രാഷ്ട്രീയത്തിന് വിത്ത് പാകിയതോടെ പരമ്പരാഗത വിഭാഗങ്ങൾ കോൺഗ്രസിൽ നിന്നകലുകയും ഉത്തരേന്ത്യയിൽ നിന്ന് കോൺഗ്രസ് തുടച്ച് നീക്കപ്പെടുകയും ചെയ്തു.
ഇതിനോടകം നരേന്ദ്ര ദാമോദർദാസ് മോദി എന്ന നേതാവിനെ വാജ്പേയ് വാർത്തെടുത്തു കഴിഞ്ഞിരുന്നു. ഗുജറാത്തിൽ മൂന്ന് ടേം പൂർത്തിയാക്കിയ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ബി.ജെ.പി ഉയർത്തിക്കൊണ്ടുവന്നു. ഇതോടെ രാഷ്ട്രീയ ബിംബങ്ങളെ വാർത്തെടുക്കുന്ന ജോലി പ്രഫഷണലുകളുടെ കൈയ്യിലേക്ക് എത്തിച്ചേർന്നു. മോദിയെ ഒരു അതികായനായി പ്രശാന്ത് കിഷോർ വളർത്തിയെടുത്തപ്പോഴേക്കും കോൺഗ്രസ് ബഹുദൂരം പിന്നിലായിക്കഴിഞ്ഞിരുന്നു.
തുടർച്ചയായി കോൺഗ്രസിന് ചുവടുകൾ പിഴയ്ക്കുന്നതാണ് പിന്നീട് ഇന്ത്യൻ രാഷ്ട്രീയം കണ്ടത്.
ഹിന്ദുക്കൾ പാർട്ടിയിൽ നിന്ന് അകന്നു എന്ന് മനസ്സിലാക്കിയ കോൺഗ്രസ് നേതൃത്ത്വം പതിയെ മുസ്ലീം പ്രീണനം ആരംഭിച്ചു. മുസ്ലീം ലീഗ് ശക്തമായ കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പോലും മുസ്ലീം ലീഗാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. ഇതാണ് കേരളത്തിൽ യു.ഡി.എഫ് തകരാൻ കാരണം. പരമ്പരാഗതമായി യു.ഡി.എഫിന് ലഭിച്ചു കൊണ്ടിരുന്ന ഹൈന്ദവ വോട്ടുകൾ ഇടത് മുന്നണിക്കും ബി.ജെ.പിക്കും വീതിക്കപ്പെട്ടു.
ഒരു കാലത്തും തിരികെ അധികാരത്തിൽ വരാൻ കഴിയാത്ത വിധം യു.ഡി.എഫിന്റെ അസ്ഥിവാരമിളകി. മറുവശത്ത് ഹൈന്ദവ വോട്ടുകൾ ഉറപ്പിച്ച് നിർത്തിയ മോദി മുസ്ലീം വിഭാഗങ്ങളെ കൈയ്യിലെടുക്കാൻ തന്ത്രപരമായ നീക്കങ്ങൾ തുടങ്ങി. മൂന്ന് തവണ മൊഴി ചൊല്ലിയാൽ ഭാര്യയെ ഉപേക്ഷിക്കാൻ അനുമതി നൽകുന്ന മുസ്ലീം നിയമമായ മുത്തലാഖ് മോദി അസാധുവാക്കി. യാഥാസ്ഥിതിക മുസ്ലീമുകൾ മോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ചെങ്കിലും മുസ്ലീം വനിതകൾ മാനസികമായി ഈ തീരുമാനത്തെ മനസ്സാലെ സ്വാഗതം ചെയ്തു.
കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്ത്വം മോദിയേയും ബി.ജെ.പി.യേയും കുറ്റം പറഞ്ഞ് കൊണ്ടിരുന്നു. കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞ മോദി പൗരത്വ ഭേദഗതി ബില്ലും കാർഷിക ബില്ലും അവതരിപ്പിച്ചു. ഇന്ത്യയിൽ കാലാനുസൃതമായ സാമൂഹിക മാറ്റം മോദി നടപ്പാക്കുന്നുവെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടായി. ഇന്ത്യൻ ജനത വീണ്ടും മോദിയെ അധികാരത്തിൽ എത്തിച്ചു. ഏറ്റവുമൊടുവിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തിയതോടെ മോദി ഇന്ത്യൻ പെൺകുട്ടികൾക്ക് പ്രിയപ്പെട്ടവനാകുന്ന കാഴ്ചയാണ് നാം കാണുന്നത്.
വിവാഹം ബിരുദ പഠനത്തിന് ശേഷം മതി എന്ന വിപ്ലവകരമായ നിയമം പെൺകുട്ടികൾക്ക് ഊർജം പകരുന്ന ഒന്നാണ്. 18 വയസ്സിൽ വിവാഹിതരായി, അമ്മയായി ജീവിതം ഹോമിക്കപ്പെടുന്ന പെൺകുട്ടികളെ സംബന്ധിച്ച് ഈ നിയമം പഠിക്കുവാനും ജോലി ലഭിക്കുവാനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ്. സ്ത്രീ ശാക്തീകരണത്തിന് നിലകൊള്ളുന്ന ഇടത് പാർട്ടികളും കാലത്തിന്റെ ഗതി മനസ്സിലാക്കാത്ത കോൺഗ്രസുകാരും ഇതിനെ എതിർക്കുന്നു.
സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി വാദിക്കുന്ന സി.പി.എം.പോളിറ്റ്ബ്യൂറോ മെമ്പർ വൃന്ദ കാരാട്ട് പോലും ഇതിനെ എതിർക്കുന്നുവെന്നത് അമ്പരിപ്പിക്കുന്ന വസ്തുതയാണ്. ഇവരുടെ ലക്ഷ്യവും മുസ്ലീം പ്രീണനം തന്നെ. എന്നാൽ മുസ്ലീം സ്ത്രീകളും പെൺകുട്ടികളും മോദിക്ക് പിന്നിൽ അണിനിരക്കുന്ന അപൂർവമായ സ്ഥിതിവിശേഷം ഇന്ത്യയിൽ സംജാതമായിരിക്കുന്നുവെന്നത് കോൺഗ്രസിന്റേയും ഇടത് പാർട്ടികളുടേയും കണ്ണ് തുറപ്പിക്കുന്നില്ല. മുസ്ലീം പ്രീണനം മുസ്ലീമുകൾ പോലും ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് ഇത്. കാലത്തിന്റെ ചുവരെഴുത്ത് ഇനിയും വായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇടത് പാർട്ടികളും കോൺഗ്രസുമെല്ലാം ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ നിന്ന് തുടച്ച് നീക്കപ്പെടുന്ന കാലം വിദൂരമല്ല.