പ്രതികരണം

കോളേജധ്യാപികക്ക് മാനസിക പീഡനം ! കോളേജിൽ വച്ച് കൈയ്യേറ്റം ചെയ്തു. പ്രിൻസിപ്പൽ ഉൾപ്പടെ ഏഴ് അധ്യാപകരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഏഴു പേരും ഇടതുപക്ഷ അധ്യാപക സംഘടനയായ എകെപിസിടിഎ അംഗങ്ങൾ !

സത്യം ഡെസ്ക്
Sunday, August 29, 2021

-തിരുമേനി

ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ യുവ ഇംഗ്ലീഷ് അധ്യാപികയുടെ പരാതിയിൽ കോളേജ് പ്രിൻസിപ്പൽ ഉൾപ്പടെ അതേ കോളേജിലെ ഏഴ് അധ്യാപകരെ പ്രതികളാക്കി ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടത് അധ്യാപക സംഘടനായ എകെപിസിടിഎയുടെ നേതാവും ഇക്കണോമിക്സ്‌ വിഭാഗം തലവനുമായ ഡോ.രാജീവ് എസ്.ആർ ആണ് ഒന്നാംപ്രതി. പ്രിൻസിപ്പൽ ഡോ. വിനോദ് പി. ഹരിദാസ് ആണ് രണ്ടാം പ്രതി.

മാനസിക പീഡനത്തിനും ശാരീരിക കൈയ്യേറ്റത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിന് ഡോ. രാജീവിനെതിരെ കൂടുതൽ വകുപ്പും ചുമത്തിയിട്ടുണ്ട്. എല്ലാ പ്രതികളും എകെപിസിടിഎയിൽ ഉള്ളവരാണ്.

മാസങ്ങളായി അധ്യാപികയ്ക്ക് നേരെ നടന്നു വന്നിരുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പീഡന പരമ്പരയുടെ പരിസമാപ്തിയാണ് ആഗസ്റ്റ് 16 ന് ടികെഎംഎം കോളേജിൽ അരങ്ങേറിയത്.
ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയമായതുകൊണ്ട് തിരുവനന്തപുരത്ത് വീട്ടിലായിരുന്ന അധ്യാപികയെ സ്റ്റാഫ് അസോസിയേഷൻ മീറ്റിങ്ങിന്റെ പേരിൽ വിളിച്ച് വരുത്തി പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

ചവിട്ടേറ്റ് വീണ അധ്യാപിക ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടറോട് പോലിസിന്റെ സഹായം ആവശ്യപ്പെട്ടു. വിവരമറിഞ്ഞ ദക്ഷിണ മേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി അധ്യാപികയ്ക്ക് സംരക്ഷണം നൽകുവാനും മൊഴി എടുക്കുവാനും ഹരിപ്പാട് പോലീസിന് അടിയന്തിര നിർദ്ദേശം നൽകുകയായിരുന്നു.

കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസ്സിലായ പ്രിൻസിപ്പലും സംഘടനാ നേതാക്കളും പാർട്ടി സഹായം തേടി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി പരാതി ഒത്തുതീർപ്പിൽ എത്തിക്കാൻ ഹരിപ്പാട് പോലീസിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയെങ്കിലും പോലീസും അധ്യാപികയും വഴങ്ങിയില്ല. വിദഗ്ദ്ധ ചികിത്സക്കായി അധ്യാപികയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ എസ്എൻ ട്രസ്റ്റിന്റെ ട്രഷറർ ഡോ. ജയദേവൻ ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് വഴി കേസ് ഷീറ്റ് തിരുത്താൻ ശ്രമിച്ചെങ്കിലും ഡോക്ടർ വഴങ്ങിയില്ല. സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം അധ്യാപിക വിശദമായ മൊഴി പോലീസിന് നൽകി. തുടർന്ന് കൈയ്യേറ്റം നടത്തിയ ഏഴ് പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു.

കേസെടുക്കാതിരിക്കുവാൻ ശക്തമായ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായെങ്കിലും പോലീസ് വഴങ്ങിയില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലാണ് കേസ് എടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.

കഴിഞ്ഞ കുറെ മാസങ്ങളായി അധ്യാപിക സഹപ്രവർത്തകരുടെ മാനസിക പീഡനം അനുഭവിച്ച് വരികയായിരുന്നു. കൊല്ലം എസ്എൻ കോളേജിൽ നിന്നും നങ്ങ്യാർകുളങ്ങരയിലേക്ക് മാറ്റം കിട്ടി വന്ന അധ്യാപികയോട് എകെപിസിടിഎ നേതാവായ ഡോ. രാജീവിനെ മുറിയിൽ പോയി കാണുവാൻ പ്രിൻസിപ്പൽ ഡോ. വിനോദ്. പി. ഹരിദാസ് ആവശ്യപ്പെട്ടിടത്താണ് സംഭവങ്ങളുടെ തുടക്കം.

ആവശ്യം നിരസിച്ച അധ്യാപികയെ വാട്സ് ആപ് ഗ്രൂപ്പിൽ നിരന്തരം അധിക്ഷേപിക്കുവാൻ തുടങ്ങി. ഇതിന് ശക്തമായ മറുപടി നൽകിയ അധ്യാപികയോട് നേതാവിനെ അധിക്ഷേപിച്ചു എന്നതിന്റെ പേരിൽ ഡോ. രാജീവിനോട് മാപ്പ് പറയാൻ പ്രിൻസിപ്പൽ നിർബ്ബന്ധിച്ചു.

ആവശ്യം നിരസിച്ച അധ്യാപികയ്ക്കെതിരെ ഡോ.രാജീവിന്റേയും പ്രിൻസിപ്പലിന്റേയും നേതൃത്ത്വത്തിൽ ഗൂഢാലോചന നടത്തി എസ്.എൻ. ട്രസ്റ്റിൽ പരാതി നൽകി. രക്ഷിതാക്കൾ എന്ന വ്യാജേനയാണ് പരാതി അയച്ചത്. അധ്യാപികയ്ക്കെതിരെ നടപടി എടുപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഇതിനിടെ പല പ്രാവശ്യം ഡോ. രാജീവ് അധ്യാപികയോട് മോശമായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. തുടർന്ന് അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും പ്രിൻസിപ്പൽ പരാതി അവഗണിച്ചു.

അധ്യാപികയുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് അന്വേഷണത്തിന് പ്രിൻസിപ്പൽ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു. എന്നാൽ അധ്യാപികയുടെ മൊഴി എടുക്കാതെ കമ്മിറ്റി അന്വേഷണം അവസാനിപ്പിച്ചു. പരാതിയിൽ കഴമ്പില്ല എന്നാണ് കമ്മിറ്റി വിലയിരുത്തിയത്. ഉന്നതങ്ങളിൽ പരാതി നൽകുമെന്ന് അറിയിച്ച അധ്യാപികയ്ക്ക് ഉടൻ തന്നെ മെമ്മോ നൽകി.

അധ്യാപികയെ ചെങ്ങന്നൂർ എസ്.എൻ.കോളേജിലേക്ക് മാറ്റുവാൻ പ്രിൻസിപ്പലും ട്രസ്റ്റ് ഭാരവാഹികളും രഹസ്യമായി തീരുമാനിക്കുകയും ആഗസ്റ്റ് 16 ന് കോളേജിൽ സ്റ്റാഫ് മീറ്റിങ്ങിനെത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ട്രാൻസ്ഫർ വിവരം അറിയാതെ കോളേജിൽ എത്തിയ അധ്യാപികയെ ട്രസ്റ്റിന്റെ ഒത്താശയോടു കൂടി ഒരു വിഭാഗം അധ്യാപകർ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അടുത്ത കാലത്ത് ഉണ്ടായ സമാനതകളില്ലാത്ത നെറികെട്ട സംഭവമാണ് ടികെഎംഎം കോളേജിൽ അരങ്ങേറിയത്. പ്രിൻസിപ്പൽ പ്രതിയായി എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരാണ് സഹപ്രവർത്തകയോട് ക്രൂരമായി പെരുമാറിയത് എന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ ശോചനീയമായ അവസ്ഥയെയാണ് കാണിക്കുന്നത്.

ഒരു വനിതാ അധ്യാപികയ്ക്ക് ഇത്രയും ക്രൂരമായ പീഡനം നേരിട്ടിട്ടും വനിതയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ വനിതാ കമ്മീഷനോ ഇതുവരെ ഒരു വാക്കും പറഞ്ഞിട്ടില്ല. എസ്എൻ ട്രസ്റ്റ് പ്രതികളായ അധ്യാപകർക്ക് മെമ്മോ പോലും നൽകിയിട്ടില്ല.

2016 ൽ പിണറായി വിജയൻ അധികാരത്തിൽ വന്നതു മുതൽ കേരളത്തിലെ എയ്ഡഡ് കോളേജുകളിൽ എകെപിസിടിഎയുടെ മൃഗീയമായ തേർവാഴ്ചയാണ് നടക്കുന്നത്.

×