ഗൂഡല്ലൂർ : ഓവേലിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ഓവേലി വാരത്തെ മുംതാസ് (40) ആണ് വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർത്താവ് കുഞ്ഞാലിക്കും പരിക്കേറ്റു.
മഞ്ചേശ്വരി തേയില പ്ലാന്റേഷനിൽ ഉൾപ്പെട്ട വാരം തേയില എസ്റ്റേറ്റിലെ തൊഴിലാളിയാണ് മുംതാസ്. ഭർത്താവ് കുഞ്ഞാലിയും ഇവിടെ തൊഴിലാളിയാണ്. കാടിനോട് ചേർന്ന കുന്നിൻമുകളിലാണ് ഇവരുടെ വീട്. വെള്ളിയാഴ്ച രാത്രി ഇരുവരും അയൽപ്പക്കത്തുനിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വീടിന് സമീപത്തെ ചെങ്കുത്തായ കയറ്റത്തിൽനിന്ന് പെട്ടെന്നിറങ്ങിവന്ന കാട്ടാന ഇവരെ ആക്രമിച്ചെന്നാണ് കരുതുന്നത്.
കാട്ടാനയുടെ ചവിട്ടേറ്റ് മുംതാസിന്റെ മുഖം തകർന്നിരുന്നു. ഗൂഡല്ലൂർ-ഓവേലി മെയിൻറോഡിൽനിന്ന് 200 മീറ്റർ മാറിയാണ് സംഭവം നടന്നത്. കൂട്ടക്കരച്ചിൽ കേട്ട് നാട്ടുകാർ ടോർച്ചും പന്തവുമായി ഓടിയെത്തുമ്പോഴേക്കും കാട്ടാന കാട്ടിലേക്ക് ഓടിമറഞ്ഞെന്ന് സമീപവാസികൾ പറഞ്ഞു.ബുധനാഴ്ച ഇവിടെനിന്ന് എട്ടുകിലോമീറ്റർ അകലെ ആറാട്ടുപാറയിലെ ഗോവിന്ദൻ കടയ്ക്ക് സമീപം വെച്ചാണ് ചായക്കട നടത്തുകയായിരുന്ന ആനന്ദരാജ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണ് ഓവേലിമേഖലയിൽ ഉണ്ടാകുന്നത്.