/sathyam/media/post_attachments/T9c4f2S0xPiHZIqo0wEt.jpg)
കല്‍പ്പറ്റ: 1090 ക്വിന്റല്‍ കുരുമുളക് മുംബൈയിലേക്ക് കടത്തി തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി പൊലീസ് പിടിയില്‍. മുംബൈ സ്വദേശി മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാണ് പിടിയിലായത്. വയനാട് വെള്ളമുണ്ട പൊലീസ് ഇയാളെ മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട്ടിലെ വിവിധ വ്യാപാരികളില്‍ നിന്ന് ഉടന്‍ പണം നല്‍കാമെന്ന് പറഞ്ഞാണ് 1090 ക്വിന്റല്‍ കുരുമുളക് തട്ടിയത്. മൂന്ന് കോടിയോളം വിലവരുന്ന കുരുമുളകാണ് വയനാട്ടില്‍ നിന്ന് ഇയാള്‍ മുംബൈയിലേക്ക് കൊണ്ടുപോയത്.
അതിനുശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കുറിച്ച് ഒരുവിവരവും ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ കണ്ടെത്തുകയെന്നത് പൊലീസിന് ഏറെ പ്രയാസകരമായിരുന്നു.
തുടർന്ന്, കഴിഞ്ഞദിവസം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളുമുണ്ട പൊലീസ് മുംബൈയില്‍ എത്തി പ്രതി മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.