/sathyam/media/post_attachments/Ur2nzhaMo9ZyHDVf8nSi.jpg)
വയനാട്: ജില്ലയിൽ കനത്ത മഴയ്ക്ക് ശമനം. എവിടെയും ഇപ്പോൾ മഴപെയ്യുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി ടൗൺ, ചീരാൽ വെള്ളച്ചാൽ കോളനി എന്നിവിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി.
പാമ്പുകുനി കോളനിയിൽ ഒഴുക്കിൽപെട്ട് കാണാതായ 33 വയസുകാരൻ വിനോദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്‌സ് ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ രാവിലെ വീണ്ടും തുടങ്ങും. കഴിഞ്ഞ ദിവസം രാത്രി മേപ്പാടി, വൈത്തിരി, മാനന്തവാടി, ബത്തേരി, മുത്തങ്ങ മേഖലകളിലാണ് കനത്ത മഴ പെയ്തത്.
എന്നാൽ ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കൂടുതൽ അളവിൽ മഴപെയ്യാതിരുന്നത് ആശ്വാസമായി. ഡാമിലെ ജലനിരപ്പിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വയനാട്ടിൽ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി അൻപതോളം കുടുംബങ്ങളെയാണ് നിലവിൽ മാറ്റിപാർപ്പിച്ചത്. ഉരുൾ പൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.