വയനാട്: പീസ് വില്ലേജിൽ നിന്ന് മക്കളുടെ സ്നേഹത്തണലിലേക്ക് ജോസഫ് യാത്രയായി. ഒന്നര വർഷത്തിന് ശേഷം മക്കളെ കണ്ട് മുട്ടിയപ്പോൾ നഷ്ടപ്പെട്ട നിധി തിരികെ കിട്ടിയ സന്തോഷത്തിലായിരുന്നു ജോസഫ്. രണ്ടു വർഷം മുമ്പ് മക്കളുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ തമിഴ്നാട് നീലഗിരി സ്വദേശി ജോസഫ് സുൽത്താൻബത്തേരിയിലാണ് എത്തപ്പെട്ടത്.
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഗറ്റീവ് ആയതിന് ശേഷം പോകാൻ വീടോ, മറ്റു ബന്ധുക്കളോ ഇല്ലാത്തതിനെ തുടർന്ന് ജോസഫിനെ വയനാട് പീസ് വില്ലേജ് ഏറ്റെടുത്തു. ഒരു വർഷം മുമ്പാണ് ജോസഫ് പീസ് വില്ലേജിലെത്തിയത്. മക്കളുണ്ടെന്ന് അറിഞ്ഞാൽ ലഭിച്ച അഭയ കേന്ദ്രം നഷ്ടപ്പെടുമെന്ന പേടിയിൽ അക്കാര്യം ജോസഫ് മറച്ച് വെച്ചു.
പീസ് വില്ലേജിലെത്തി ഒരു വർഷം പിന്നിട്ടപ്പോളാണ് ജോസഫ് തന്റെ കുടുംബത്തെപ്പറ്റി മനസ്സ് തുറന്നത്. ജോസഫ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മക്കളെത്തേടിയിറങ്ങിയ പീസ് വില്ലജ് അസിസ്റ്റന്റ് പി.ആർ.ഒ പി. അബ്ദുല്ല തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ശെൽവപുരത്ത് നേരിട്ട് ചെന്ന് അന്വേഷിച്ച് ജോസഫിൻ്റെ വീട് കണ്ടെത്തുകയായിരുന്നു. അച്ചൻ ജോസഫ് പീസ് വില്ലേജിലുണ്ടെന്ന വിവരം, മൂത്ത മകൻ തോമസിനെ അറിയിച്ചപ്പോൾ, 'നിങ്ങൾ ഒരു നിധിയുമായിട്ടാണ് എത്തിയത്' എന്ന് പറഞ്ഞാണ് പീസ് വില്ലേജ് പ്രതിനിധിയെ സ്വീകരിച്ചത്.
ഒന്നര വർഷമായി പിതാവിനെ കണ്ടുകിട്ടാൻ പ്രാർത്ഥനയും വഴിപാടുമായി കഴിയുകയായിരുന്നു തോമസ്. വിവരം അറിഞ്ഞ അന്ന് വൈകുന്നേരം തോമസും സഹോദരൻ അന്തോണിയും പിതാവിനെ കൂട്ടികൊണ്ട് പോകാനായി പീസ് വില്ലേജിലെത്തി. ഒന്നര വർഷത്തിന് ശേഷം മക്കളെ കണ്ടുമുട്ടിയപ്പോൾ,സന്തോഷം കൊണ്ട് ജോസഫിന്റെ കണ്ണുകൾ നിറഞ്ഞു. ഒരു കുടുംബത്തിൻ്റെ പുനസമാഗമത്തിന് പീസ് വില്ലേജ് വേദിയായി.
ഇനി ഒരിക്കലും മക്കളുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോകില്ലെന്ന് ഉറപ്പ് നൽകിയാണ് ജോസഫ് മക്കൾക്കൊപ്പം തിരികെ യാത്രയായത്.