സുൽത്താൻ ബത്തേരി: നാട്ടിലിറങ്ങുന്ന വന്യജീവി ആക്രമണഭീതി ഭയന്ന് വനാതിർത്തികളോട് ചേർന്ന ജനവാസ മേഖലകളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വനിതാ കോൺഗ്രസ്സ് എം സംസ്ഥാന ജനറൽ സെക്രട്ടറി അംബികാ ഗോപാലകൃഷ്ണൻ.
സ്ത്രീകൾക്ക് ജോലിക്ക് പോകാനോ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാനോ കഴിയുന്നില്ല. വനത്തിന് ഉൾക്കൊള്ളാനാവാത്തവിധം വന്യജീവികൾ പെരുകിയിരിക്കുന്നു. ഇങ്ങനെ പെരുകിയിരിക്കുന്ന വന്യമൃഗങ്ങളെ രാജ്യത്തെ മറ്റ് വനങ്ങളിലേക്കോ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കോ മാറ്റാൻ നിയമഭേദഗതി ശ്രമിക്കണം.
ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കണ്ടാലുടൻ വെടിവച്ചു കൊല്ലാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും അംബികാ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വനിതാ കോൺഗ്രസ് എം വയനാട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ജയശ്രീ പി.എം ന്റെ അധ്യക്ഷതയിൽ കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ . ദേവസ്യ മുഖ്യ പ്രഭാഷണം നടത്തി. ജോസഫ് മാണിശേരി, കുര്യൻ ജോസഫ്, ജോസ് തോമസ്, കാതറിൻ ടീച്ചർ, അഡ്വ.റെജി മോൾ, ഷീജ.കെ.പി, അന്നമ്മ.കെ.ടി, സി.കെ.സാവിത്രി, മാത്യു എടക്കാട്ട്, റെജി ഒലിക്കാരോട്ട് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.