കൽപറ്റ: കഞ്ചാവ് കേസിൽ പ്രതിക്കെതിരെ നടപടിയെടുത്ത് കോടതി. പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ കൂടാളി നാരങ്ങോലി വീട്ടിലെ നീരജി(26)നെയാണ് കോടതി ശിക്ഷിച്ചത്. എൻ.ഡി.പി.എസ് സ്പെഷൽ കോടതി (രണ്ട് ) ജഡ്ജി അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്.
2018 ജൂണിൽ തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെച്ച് 31 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസിലെ പ്രതികളിലൊരാളാണ് നീരജ്. അന്നത്തെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന എം.കെ. സുനിലും സംഘവും ചേർന്നാണ് പിടികൂടിയത്.
സർക്കാറിന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി. രണ്ടാം പ്രതി യാസർ അറഫത്തിന്റെ വിധി വരും ദിവസങ്ങളിൽ കോടതി പ്രഖ്യാപിക്കും.