വയനാട്: കാട്ടാനയിറങ്ങിയതിനെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
4, 6, 9, 10, 15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് പുലര്‍ച്ചയോടെ അക്രമാസക്തമായിരുന്നു. സുൽത്താൻ ബത്തേരി നഗരമധ്യത്തിൽ ഇന്നു രാവിലെയാണ് കാട്ടാനയിറങ്ങിയത്. ഇരളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്തു നിന്നാണ് കാട്ടാനയെത്തിയതെന്നാണ് സൂചന.
നഗരമധ്യത്തിൽ ഏറെ നേരം ചുറ്റിത്തിരിഞ്ഞ കാട്ടാന ചുറ്റും ഭീതി പരത്തി. നടപ്പാതയിലൂടെ നടന്നു പോകുകയായിരുന്ന വൃദ്ധന് നേരെ കാട്ടാന പാഞ്ഞെത്തി. തലനാഴിരയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. വീണുപോയ വൃദ്ധനെ ആന ചവിട്ടാൻ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസമായതുകൊണ്ടു നടന്നില്ല. വീഴ്ചയിൽ പരുക്കേറ്റ ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാത്രമല്ല, ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും കാട്ടാന ഓടി. ഒരുമണിക്കൂറോളം നഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ നാട്ടുകാരും വനപാലകരും ചേർന്നാണ് കാട്ടിലേക്ക് തുരത്തിയത്.
സമീപത്തെ കാട്ടിലേക്ക് കയറിയ ആന ഏതു സമയത്തും ജനവാസ മേഖലയില്‍ ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.
ഗൂഡല്ലൂരില്‍ ഒരുമാസം മുമ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുകൊണ്ട് ഉള്‍ക്കാട്ടിലേക്ക് വിട്ട കാട്ടാനയാണിത്. ഗൂഡല്ലൂരില്‍ നേരത്തെ രണ്ട് പേരെ കൊലപ്പെടുത്തിയ ആന 50 വീടുകളും തകര്‍ത്തിരുന്നു.