നാണക്കേടുകൊണ്ട് തല കുനിയുകയാണ്... ചെന്നൈ മേയർക്കെതിരെ നടൻ വിശാൽ

നിങ്ങളുടെ വീടുകളിലേക്ക് വെള്ളം കയറിയിട്ടില്ലെന്നും വൈദ്യുതിയും ആവശ്യത്തിന് ഭക്ഷണവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുള്ള അതേ അവസ്ഥയിലല്ല മറ്റുള്ളവരെന്ന് ഇതേ നഗരത്തില്‍ ജീവിക്കുന്ന പൗരനായ വോട്ടറെന്ന നിലയില്‍ പറയുകയാണെന്നും വിശാല്‍ പറയുന്നു. 

New Update
vishal chennai flood.jpg

ചെന്നൈ; മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ ഉണ്ടായ കനത്തമഴയിലും വെള്ളക്കെട്ടിലും നട്ടംതിരിയുകയാണ് ജനങ്ങള്‍. മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. ഒരു അപ്പാര്‍ട്‌മെന്റിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കില്‍പെട്ടു പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇപ്പോഴിതാ ചെന്നൈയുടെ ദുരവസ്ഥയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ വിശാല്‍. ഇങ്ങനെ വെള്ളം കയറുന്നത് വളരെ മോശവും സങ്കടകരമായ കാര്യവുമാണെന്ന് അദ്ദേഹം എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. ചെന്നൈ മേയര്‍ പ്രിയാ രാജന്‍, കമ്മീഷണര്‍ അടക്കമുള്ള ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ എടുത്തുപറഞ്ഞുകൊണ്ടാണ് വിശാല്‍ കുറിപ്പും വീഡിയോയും പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

Advertisment

ചെന്നൈ മേയര്‍ പ്രിയാ രാജന്‍, കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെല്ലാവരും കുടുംബങ്ങള്‍ക്കൊപ്പം സുരക്ഷിതസ്ഥാനത്തായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിശാല്‍ കുറിപ്പ് തുടങ്ങുന്നത്. നിങ്ങളുടെ വീടുകളിലേക്ക് വെള്ളം കയറിയിട്ടില്ലെന്നും വൈദ്യുതിയും ആവശ്യത്തിന് ഭക്ഷണവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുള്ള അതേ അവസ്ഥയിലല്ല മറ്റുള്ളവരെന്ന് ഇതേ നഗരത്തില്‍ ജീവിക്കുന്ന പൗരനായ വോട്ടറെന്ന നിലയില്‍ പറയുകയാണെന്നും വിശാല്‍ പറയുന്നു. 

'എല്ലാവര്‍ക്കും അറിയുന്ന വിഷയമാണ്. മഴ പെയ്താല്‍ ആദ്യം കറന്റ് പോകും. പിന്നാലെ പതിയെപ്പതിയെ റോഡിലെല്ലാം വെള്ളംകയറാന്‍ തുടങ്ങും. ശേഷം വെള്ളം വീടിനുള്ളിലേക്ക് കയറും. താന്‍ താമസിക്കുന്ന അണ്ണാനഗറിലെ വീടിനുള്ളില്‍ ഒരടിയിലേറെ വെള്ളം കയറിയിട്ടുണ്ട്. അണ്ണാനഗറില്‍ ഇങ്ങനെയാണെങ്കില്‍ മറ്റുള്ള ഭാഗത്തെല്ലാം എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ചുനോക്കൂ. 2015-ല്‍ ചെന്നൈ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. എട്ടുവര്‍ഷങ്ങള്‍ക്കുശേഷം അതിലും മോശമായ അവസ്ഥയാണ്.'- വിശാല്‍ പറഞ്ഞു. 

സ്റ്റോം വാട്ടര്‍ ഡ്രെയിന്‍ പ്രോജക്റ്റ് എവിടെപ്പോയെന്നും വിശാല്‍ ചോദിക്കുന്നു. പ്രശ്‌നപരിഹാരത്തിന് എം.എല്‍.എമാര്‍ മുന്നിട്ടിറങ്ങിയാല്‍ പൊതുജനങ്ങള്‍ക്ക് അതൊരു സഹായമായിരിക്കും. എല്ലായിടത്തും വെള്ളംകയറുക എന്നുപറയുന്നത് സങ്കടകരവും മോശവുമാണ്. ഇങ്ങനെയൊരു കത്തെഴുതേണ്ടിവന്നതില്‍ നാണക്കേടുകൊണ്ട് തല കുനിയുകയാണ്. പൗരന്മാരോടുള്ള കടമ ചെയ്യുമെന്നല്ലാതെ അദ്ഭുതമൊന്നും അധികാരികളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.

Chennai latest news
Advertisment