ഗഗൻയാൻ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന. 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിവാഹകാര്യം ലെന വെളിപ്പെടുത്തിയത്. ഭർത്താവ്, വളരെ രഹസ്യമായ ദേശീയ പദ്ധതിയുടെ ഭാഗമായതുകൊണ്ടാണ് വിവാഹക്കാര്യം വെളിപ്പെടുത്താൻ കഴിയാതിരുന്നതെന്ന് ലെന പറഞ്ഞു.
തികച്ചും അറേഞ്ച്ഡായ വിവാഹം പരമ്പരാഗത ചടങ്ങിലൂടെയായിരുന്നുവെന്ന് ലെന പറഞ്ഞു. ''ഫെബ്രുവരി 27 ന്, പ്രധാനമന്ത്രി മോദി ജി, ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്,'' ലെന പറഞ്ഞു.
വ്യോമസേനയിൽ സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെന്മാറ സ്വദേശിയാണ്. കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് നാഷണൽ ഡിഫൻസ് അക്കാദമി(എൻഡിഎ)യിലെ പഠനത്തിനുശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.