എയര്‍ ഇന്ത്യ - വിസ്താര ലയനം പൂര്‍ത്തിയായി

ഏകീകൃത എയര്‍ ഇന്ത്യ ഗ്രൂപ്പ് ഇപ്പോള്‍ 300 വിമാനങ്ങളുമായി നൂറിലധികം ആഭ്യന്തര, അന്തര്‍ദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 312 റൂട്ടുകളിലായി ആഴ്ചയില്‍ 8,300 ലധികം സര്‍വീസുകള്‍ നടത്തും.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Air-India-A350_New-Aircraft-Livery_1

കൊച്ചി : എയര്‍ ഇന്ത്യ ഗ്രൂപ്പ്, അതിന്റെ സ്വകാര്യവല്‍ക്കരണാനന്തര പരിവര്‍ത്തന യാത്രയില്‍ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട് എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള പ്രവര്‍ത്തന സംയോജനവും നിയമപരമായ ലയനവും പൂര്‍ത്തിയാക്കി. 2024 ഒക്ടോബര്‍ 1-ന് ഗ്രൂപ്പിന്റെ ലോ കോസ്റ്റ്  എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐഎക്‌സ് കണക്റ്റ് (മുമ്പ് എയര്‍ ഏഷ്യ ഇന്ത്യ) എന്നിവയുടെ ലയനം പൂര്‍ത്തിയായിരുന്നു.

Advertisment

പുതിയ ഫുള്‍ സര്‍വീസ് എയര്‍ലൈനായ എയര്‍ ഇന്ത്യ 208 വിമാനങ്ങളുമായി 90 ലധികം ആഭ്യന്തര, അന്തര്‍ദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയില്‍ 5,600 ലധികം സര്‍വീസുകള്‍ നടത്തും. 


എയര്‍ലൈനിന് പ്രതിദിനം 120,000-ത്തിലധികം യാത്രക്കാരുണ്ടാകും. കൂടാതെ 75-ലധികം കോഡ്ഷെയര്‍, ഇന്റര്‍ലൈന്‍ പങ്കാളികള്‍ വഴി ലോകത്തെമ്പാടുമായുള്ള 800 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിപുലമായ കണക്റ്റിവിറ്റി ലഭ്യമാക്കാനും കഴിയും.

പൂര്‍ണ്ണ സേവന ലയനത്തിനുള്ള തയ്യാറെടുപ്പ് രണ്ട് വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. വിസ്താരയില്‍ നിന്ന് 6,000 ത്തിലധികം ജീവനക്കാരെ പുതിയ ഓര്‍ഗനൈസേഷന്‍ ഘടനയിലേക്ക് ചേര്‍ത്തു. 


4,000 ലധികം വെണ്ടര്‍ കരാറുകള്‍ ഏകീകരിക്കുകയും 270,000 ഉപഭോക്തൃ ബുക്കിംഗുകള്‍ മൈഗ്രേറ്റ് ചെയ്യുകയും 4.5 ദശലക്ഷം ക്ലബ് വിസ്താര ഫ്രീക്വന്റ് ഫ്‌ലൈയര്‍ അക്കൗണ്ടുകള്‍ എയര്‍ ഇന്ത്യയുടെ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രീക്വന്റ് ഫ്‌ലൈയര്‍ പ്രോഗ്രാമായ മഹാരാജ ക്ലബില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ലയനങ്ങളുടെ അഭൂതപൂര്‍വമായ സ്വഭാവവും സങ്കീര്‍ണ്ണതകള്‍ക്കുമൊപ്പം ഗ്രൂപ്പിന്റെ വിപുലീകരണവും പരിവര്‍ത്തന പരിപാടികളും പരിഗണിച്ച്, ഈ മുഴുവന്‍ പ്രക്രിയയെയും  പിന്തുണയ്ക്കുകയും നിരീക്ഷിക്കുകയും ചെയ്ത ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു. 

ലയനത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ഒന്നിലധികം അന്താരാഷ്ട്ര റെഗുലേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന പങ്കാളികള്‍ എന്നിവരില്‍ നിന്നും പിന്തുണ ലഭിച്ചു.

എയര്‍ ഇന്ത്യയുടെയും വിസ്താരയുടെയും ലയനം എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ സ്വകാര്യവല്‍ക്കരണാനന്തര പരിവര്‍ത്തന യാത്രയുടെ ഏകീകരണവും പുനര്‍നിര്‍മ്മാണ ഘട്ടവും പൂര്‍ത്തിയാക്കുന്നുവെന്നും അതിനാല്‍ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.


 കഴിഞ്ഞ രണ്ട് വര്‍ഷമായി, ആളുകള്‍, ആസ്തികള്‍, പ്രവര്‍ത്തനങ്ങള്‍, ഏറ്റവും പ്രധാനമായി, ഉപഭോക്താക്കള്‍ എന്നിവയുടെ പരിവര്‍ത്തനം കഴിയുന്നത്ര തടസ്സരഹിതമാണെന്ന് ഉറപ്പാക്കാന്‍ നാല് എയര്‍ലൈനുകളിലുടനീളമുള്ള ടീമുകള്‍ ഒരുമിച്ചും മറ്റ് പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സമഗ്രമായ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും നൂറിലധികം അധിക വിമാനങ്ങള്‍ ഓപ്പറേറ്റിംഗ് ഫ്‌ലീറ്റിലേക്ക് ചേര്‍ക്കാന്‍ പിന്തുണയ്ക്കുകയും ചെയ്ത ഞങ്ങളുടെ സ്റ്റാഫിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.

 ഞങ്ങളുടെ ഉപഭോക്താക്കളുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നു. ഒപ്പം ഒരു ഇന്ത്യന്‍ ഹൃദയമുള്ള ലോകോത്തര ആഗോള എയര്‍ലൈന്‍ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത ഫുള്‍ സര്‍വീസ് എയര്‍ലൈന്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ 'എഐ' എന്ന എയര്‍ലൈന്‍ കോഡ് ഉപയോഗിച്ച് സര്‍വീസ് നടത്തും.  ലയനത്തിന് ശേഷം വിസ്താര വിമാനങ്ങള്‍ വിസ്താര ക്രൂവും സേവനങ്ങളുമായി  എയര്‍ ഇന്ത്യ പ്രവര്‍ത്തിപ്പിക്കും. 

വിസ്താര വിമാനങ്ങള്‍  '2' എന്ന അക്കത്തില്‍ ആരംഭിക്കുന്ന നാല് അക്ക ഫ്‌ലൈറ്റ് നമ്പര്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ കഴിയും (ഉദാഹരണത്തിന് യുകെ 955 എഐ 2955 ആയി മാറും).

വിസ്താരയില്‍ 49 ശതമാനം ഓഹരി കൈവശം വച്ചിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ലയനത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഗ്രൂപ്പില്‍ 25.1 ശതമാനം  ഓഹരികളുടെ ഉടമയായി മാറും.

Advertisment