/sathyam/media/media_files/UrRVOlLEmQvLZjvk6PqK.webp)
മണ്ണഞ്ചേരി: ആലപ്പുഴ ജില്ലയിലെ കലവൂരില്‍ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. ആലപ്പുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അസം ലക്കിംപ്പൂര്‍ സ്വദേശി രാഹുല്‍ എന്ന് വിളിക്കുന്ന നാച്ചി തൈ ആണ് പിടിയിലായത് ഇയാളില്‍ നിന്ന് 3.184 കി ലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കലവൂര്‍ മാരന്‍കുളങ്ങര ജംഗ്ഷന് വടക്കുവശം വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്.
വീടിനോട് ചേര്‍ന്നു കുഴിച്ചിട്ട നിലയിലായിരുന്നു പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മൂന്നുവര്‍ഷം മുന്‍പ് ഇതേ വീട്ടില്‍ ഇയാള്‍ താമസിച്ചു കഞ്ചാവ് കച്ചവടം ചെയ്തു വന്നിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ആയിരുന്ന പ്രതി അസമിലേക്ക് കടന്നു കളഞ്ഞശേഷം കഴിഞ്ഞവര്‍ഷം അവസാനമാണ് കലവൂരില്‍ തിരിച്ചുവന്നത്.
നാച്ചി തൈ തിരിച്ചെത്തി വീണ്ടും കഞ്ചാവ് കച്ചവടം തുടങ്ങിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ വീട് എക്സൈസ് നീരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടാന്‍ ഇത്തവണ വന്‍ പദ്ധതിയാണ് എക്‌സൈസ് സംഘം ഒരുക്കിയത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകയായി വനിത സിവില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ചെന്ന് പ്രതി വീട്ടില്‍ ഉണ്ടെന്നു ഉറപ്പാക്കി.
പിന്നാലെ വീട് വളഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. ഈ വീട് കേന്ദ്രികരിച്ചു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചു വന്നിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us