ചൈനയിലെ വൈറസ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകി

രാജസ്ഥാനിലെ മെഡിക്കല്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരോട് ജാഗ്രത പാലിക്കാനും റാപിഡ് റെസ്‌പോണ്‍സ് ടീമുകളെ രൂപീകരിക്കാനും നിര്‍ദ്ദേശിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

New Update
china

ന്യൂഡല്‍ഹി: ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പ്രത്യേകിച്ച് കുട്ടികളില്‍, വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. കുട്ടികളിലെ ശ്വാസകോശ രോഗങ്ങള്‍ നിരീക്ഷിക്കണമെന്നും ആശങ്കയില്ലെങ്കിലും കരുതല്‍ വേണമെന്നും നിര്‍ദേശമുണ്ട്.

Advertisment

രാജസ്ഥാനിലെ മെഡിക്കല്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരോട് ജാഗ്രത പാലിക്കാനും റാപിഡ് റെസ്‌പോണ്‍സ് ടീമുകളെ രൂപീകരിക്കാനും നിര്‍ദ്ദേശിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമല്ലെന്നും എന്നാല്‍ സംസ്ഥാനത്തുടനീളമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് നിര്‍ദേശം നല്‍കി.

രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി മൂന്ന് ദിവസത്തിനകം കര്‍മ്മ പദ്ധതി തയ്യാറാക്കണം. ജില്ലാ, മെഡിക്കല്‍ കോളജ് തലങ്ങളില്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും ഡിവിഷന്‍, ജില്ലാ തലങ്ങളില്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിനെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ.ആര്‍.രാജേഷ് കുമാര്‍ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളില്‍ ന്യുമോണിയയുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും ലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ അദ്ദേഹം മെഡിക്കല്‍ ടീമുകളോട് ആവശ്യപ്പെട്ടു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം എന്ന് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വൈറസിന്റെ സാഹചര്യത്തില്‍ ആശുപത്രികള്‍ സജ്ജമാക്കിയതായി അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ രാകേഷ് ജോഷി പറഞ്ഞു.

തമിഴ്നാട് ഡയറക്ടര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കായി നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നല്‍കി. നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനൊപ്പം രോഗികള്‍ക്കായുള്ള ചികിത്സാ സൗകര്യങ്ങള്‍ ശക്തമാക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയില്‍ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള 'നിഗൂഢ ന്യുമോണിയ' ചൈനയിലെ സ്‌കൂള്‍ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്‌കൂള്‍ കുട്ടികളില്‍ രോഗം പടരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

latest news china
Advertisment