തെരഞ്ഞെടുപ്പിന്റെ ഭാഗമായി തോക്കുകള്‍ എല്ലാം സറണ്ടര്‍ ചെയ്തു.. നാട്ടില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ തുരത്താന്‍ മാര്‍ഗമില്ല. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി ശല്യത്തില്‍ വലഞ്ഞു ജനങ്ങള്‍. തോക്ക് കൈവശം വെക്കുന്നതില്‍ ഇളവ് വേണമെന്ന് ആവശ്യം

New Update
wild pig

കോട്ടയം: തെരഞ്ഞെടുപ്പിന്റെ ഭാഗമായി തോക്കുകള്‍ എല്ലാം സറണ്ടര്‍ ചെയ്തു. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെക്കാന്‍ വഴിയില്ല. ഇതോടെ നാട്ടില്‍ ഇറങ്ങുന്ന കാട്ടുപന്നികളുടെ എണ്ണം വര്‍ധിച്ചു.

Advertisment

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പേര്‍ക്കു നേരെ കാട്ടുപന്നി ആക്രമണം കോട്ടയം ജില്ലയില്‍ ഉണ്ടായിരുന്നു. മറ്റിടങ്ങളിലും സമാന രീതിയില്‍ കാട്ടുപന്നി ശല്യം വര്‍ധച്ചു.  കാട്ടുപന്നിക്കൂട്ടം കണ്ണില്‍കണ്ടതെല്ലാം നശിപ്പിക്കുകയാണ്. കൃഷിയിടത്തിലെ സര്‍വതും കുത്തിമറിയ്ക്കും. ആളുകള്‍ക്കു നേരെ പാഞ്ഞടുക്കും.

wild-boar

കപ്പ, വാഴ, ചേന, എന്നിവയ്ക്കു പുറമെ ഇപ്പോള്‍ റബര്‍ മരങ്ങളും നശിപ്പിക്കുകയാണ്. റബര്‍ മരങ്ങളുടെ ചുവട്ടില്‍ കുത്തിയും റബര്‍ തൊലി പൊളിച്ചുകളഞ്ഞുമാണു പരാക്രമം. പുലര്‍ച്ചെ ജോലിക്കിറങ്ങുന്ന ടാപ്പിങ് തൊഴിലാളികള്‍ക്കു നേരെയും കാട്ടുപന്നിക്കൂട്ടം പാഞ്ഞടുക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രമാണിച്ചു തോക്കുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയതിനാല്‍ തോക്കുകള്‍ ആരുടെയും കൈവശമില്ല. ഇതോടെ കാട്ടുപന്നികളെ തുരത്താന്‍ കാവല്‍ ഇരുന്നു പടക്കം പൊട്ടിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍, ഇവ വീണ്ടും മടങ്ങിയെത്തി കൃഷി നശിപ്പിക്കും.

നാട്ടില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ അനുവാദം ഉണ്ടായിരുന്നു. എന്നാല്‍, പല പഞ്ചായത്തുകളും ഇതില്‍ വലിയ വീഴ്ച വരുത്തി. ഷൂട്ടര്‍മാരെ കിട്ടാനില്ലെന്നാണ് പഞ്ചായത്തുകള്‍ ന്യായം പറഞ്ഞത്. എന്നാല്‍, ഈ വര്‍ഷം തദ്ദേശ തെരഞ്ഞടുപ്പ് നടക്കുന്നതുകൊണ്ടു മാത്രം കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത് സജീവമായിരുന്നു.

ELECTION

തോക്കുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയതോടെ ഇതും നിലച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് തോക്ക് കൈവശം വെക്കുന്നതില്‍ ഇളവ് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Advertisment