കൊച്ചി: 'അമ്മ' പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ജഗദീഷ് പിന്മാറുന്നതായി റിപ്പോര്‍ട്ട്. വനിതാ പ്രസിഡന്റ് വരണമെന്ന പൊതുധാരണയുടെ പേരിലാണ് ഈ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരം. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചെന്നും ജഗദീഷ് വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ വരാന്‍ സാധ്യത കൂടുകയാണ്. വര്‍ഷങ്ങളായി പുരുഷന്മാര്‍ നേതൃത്വം നല്‍കിയിരുന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നു വരവ് ചരിത്രത്തില്‍ ആദ്യമാകും.
ഏഴ് വര്‍ഷത്തെ അസോസിയേഷന്‍ തലപ്പത്ത് തുടര്‍ന്ന ശേഷം മോഹന്‍ലാല്‍ രാജിവച്ചതോടെ, നടന്മാരായ ജഗദീഷ്, ശ്വേത മേനോന്‍ തുടങ്ങി നാല് പേര്‍ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് (അമ്മ) പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.
ആഗസ്റ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ വര്‍ഷം സിനിമയിലെ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും മോശം സമീപനങ്ങളും വെളിപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ചിരുന്നു.