കോട്ടയം: വേളൂര്‍ ഇല്ലിക്കല്‍ റോഡില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. വേളൂര്‍ ഷനൂജ് മന്‍സിലില്‍ ഷംസുദീനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഐഷ പരുക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. വേളൂര്‍ - ഇല്ലിക്കല്‍ റോഡിലേക്കു പ്രവേശിച്ച ദമ്പതികൾ സ്‌കൂട്ടറില്‍ എതിര്‍ വശത്തു നിന്നും വന്ന ബൈക്ക് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡില്‍ വീണു. സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്കു ഹെല്‍മറ്റ് ഉണ്ടായിരുന്നെങ്കിലും ഇത് തെറിച്ചു പോയിരുന്നു. ഇതേ തുടര്‍ന്നാണു രണ്ട് പേര്‍ക്കും ഗുരുതരമായി പരുക്കേറ്റത്.
രണ്ട് ദിവസമായി രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഷംസുദീന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു. ഷംസുദീന്റെ സംസ്‌കാരം പിന്നീട്. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.