/sathyam/media/media_files/q5HhlX6XALAH5QprWCer.jpg)
ആലപ്പുഴ: പുണ്യമാസത്തില്‍ അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹവും കടപ്പാടുമായാണ് സുബൈദ ആലപ്പുഴയില്‍ ട്രെയിന്‍ ഇറങ്ങിയത്... കൂടെ ഇളയമകന്‍ അര്‍ഷാദും ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാന്‍ തുക നല്‍കിയത് സുബൈദയാണ്. തനിയ്ക്കും കുടുംബത്തിനും നീതി വാങ്ങിത്തന്ന കെസി വേണുഗോപാല്‍ എന്ന മനുഷ്യസ്‌നേഹിയായ നേതാവിനെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നതിന് മുന്നേ നേരില്‍ കണ്ട് അനുഗ്രഹാശിസ്സുകള്‍ ചൊരിയണമെന്നത് ഈ ഉമ്മയുടെ ആഗ്രഹമായിരുന്നു... രാജസ്ഥാനില്‍ കൊലചെയ്യപ്പെട്ട സുബൈദയുടെ മൂത്തമകന്‍ അസ്ബാഖിന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷവാങ്ങി നല്‍കുന്നതിനായി അശ്രാന്തം പരിശ്രമിച്ച കെസി എന്ന മകനുവേണ്ടിയുള്ള പ്രാര്‍ത്ഥന കൂടിയായിമാറി പത്രികാ സമര്‍പ്പണവേളയിലെ ഉമ്മയുടെ സന്ദര്‍ശനം.
ബൈക്ക് റൈഡില്‍ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ അസ്ബാഖ് 2018 ഓഗസ്റ്റില്‍ രാജസ്ഥാനിലെ ജയ്‌സല്‍മേറില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. അപകടമരണമെന്നാണ് ആദ്യം ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും വീട്ടുകാരെ അറിയിക്കുന്നത്. മരണത്തില്‍ സംശയമില്ലെന്ന് ഭാര്യ പോലീസിനും മൊഴി നല്‍കി. സംശയം തോന്നിയ അസ്ബാഖിന്റെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ മരണശേഷം ഭാര്യ 62 ലക്ഷം രൂപ അസ്ബാഖിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തി. അതോടെ സംശയം ബലപ്പെട്ടു. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും വേണ്ടത്ര സഹായം ലഭിച്ചില്ല. അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നിലച്ച് പ്രതീക്ഷ നഷ്ടപ്പെട്ട സമയത്താണ് ദൈവദൂതനെ പോലെ കെസിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്.
2020ല്‍ കണ്ണൂരിലെ മാതമംഗലത്തെ കുടുംബവീട്ടില്‍ അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു കെസി. അപ്പോഴാണ് പെരിങ്ങാടി മങ്ങാട്ടെ കക്രന്റെവിട ടി.കെ. സുബൈദയും കുടുംബവും കെസി വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞ് കാണാന്‍ വരുന്നത്. അമ്മ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നില്‍ക്കുന്ന കെ.സി വേണുഗോപാലിനോളം സ്വന്തം മകനെ നഷ്ടപ്പെട്ട ഒരുമ്മയുടെ കണ്ണീരും വേദനയും ഉള്‍ക്കൊള്ളാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും എഡിജിപി ബിജു ജോര്‍ജ്ജ് ജോസഫിനെയും വിളിച്ച് കെസി സംസാരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ അന്വേഷണസംഘം സര്‍ക്കാര്‍ രൂപീകരിച്ചു. അന്വേഷണഘട്ടത്തിലെല്ലാം തന്നെ കെസിയുടെ ഇടപെടല്‍ ഉണ്ടായി. കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതോടെ അസ്ബാഖിന്റെ ഭാര്യയും മൂന്ന് സുഹൃത്തുക്കളും പിടിയിലാവുകയും ചെയ്തു.
അപകടമരണമായി അവസാനിയ്‌ക്കേണ്ട കേസില്‍ നീതി നടപ്പിലാക്കിയത് വേണുഗോപാല്‍ ആണെന്ന് സുബൈദ ഉറച്ച് വിശ്വസിയ്ക്കുന്നു... കെസിയ്ക്കു വേണ്ടി എന്നും താന്‍ ദുവ ചെയ്യുമെന്നും ചെയ്തു തന്ന ഉപകാരം മരണം വരെ മറക്കില്ലെന്നും സുബൈദ പറഞ്ഞു. എന്നാല്‍ ജനപ്രതിനിധി എന്ന നിലയില്‍ താന്‍ തന്റെ കടമ മാത്രമാണ് ചെയ്തതെന്ന് കെ.സി വേണുഗോപാല്‍ ഉമ്മയ്ക്ക് മറുപടി നല്‍കി... എന്ത് സഹായത്തിനും എപ്പോഴും താന്‍ ഉണ്ടാകുമെന്നും അമ്മ നഷ്ടപ്പെട്ട താന്‍ അമ്മയുടെ സ്ഥാനത്താണ് ഉമ്മയെ കാണുന്നതെന്നും പറഞ്ഞ് അനുഗ്രഹം വാങ്ങിച്ചാണ് കെസി നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ കളക്‌ട്രേറ്റിലേയ്ക്ക് പോയത്.
https://fb.watch/rezKgIkX9l/
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us