/sathyam/media/media_files/2024/12/18/8QymgOrVS0Gc2eY74LEl.jpg)
തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം-2024' പുഷ്പമേളയ്ക്കും ദീപാലങ്കാരത്തിനും ക്രിസ്മസ് ദിനത്തില്‍ തുടക്കമാകും.
ജനുവരി 3 വരെയാണ് മേള. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നത്. വ്യത്യസ്തവും അപൂര്‍വ്വവുമായ പൂക്കളുടെ ശേഖരം ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് വസന്തോത്സവം സന്ദര്‍ശകരെ വരവേല്‍ക്കുക.
/sathyam/media/media_files/2024/12/18/Cej44eClYMuDMY3K9G9T.jpg)
കനകക്കുന്നിലെ ഉത്സവച്ഛായക്ക് കൂടുതല്‍ ഉണര്‍വേകുന്ന വിധത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രവേശന കവാടത്തില്‍ ദീപാലങ്കാരത്തിനൊപ്പം പ്രത്യേക ആശയം അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റലേഷനും ഉണ്ടായിരിക്കും. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്‍റെ ഭാഗമാകും.
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ദീപാലങ്കാരവും ഇന്‍സ്റ്റലേഷനുകളും ഉത്സവചാരുത പകരുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വന്‍കിട നഗരങ്ങളില്‍ സംഘടിപ്പിക്കുന്നതിന് സമാനമായ വൈവിധ്യപൂര്‍ണവും വര്‍ണ്ണാഭവുമായ ദീപാലങ്കാരമാണ് ടൂറിസം വകുപ്പ് ഇക്കുറിയും ഒരുക്കുന്നത്.
ലോകത്തിലെ ട്രെന്‍ഡിംഗ് ആയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു. നഗരത്തില്‍ ആളുകള്‍ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വസന്തോത്സവവും ദീപാലങ്കാരവും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുഷ്പമേളയ്ക്കു പുറമേ വ്യാപാര മേള, ഔഷധസസ്യ പ്രദര്‍ശനം, ബയോ ഡൈവേഴ്സിറ്റി എക്സിബിഷന്‍, ഭക്ഷ്യമേള, അമ്യൂസ്മെന്‍റ് പാര്‍ക്ക്, കലാ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയും വസന്തോത്സവത്തിന്‍റെ ഭാഗമാണ്.
/sathyam/media/media_files/2024/12/18/hhfdtEiXYFBkZ2S4RFRx.jpg)
വസന്തോത്സവത്തിന്‍റെ നടത്തിപ്പിനായി മന്ത്രി പി.എ മുഹമ്മദ് റിയാസ് ചെയര്‍മാനും പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഓഫീസിലോ കനകക്കുന്നിലെ ഫെസ്റ്റിവെല്‍ ഓഫീസിലോ രജിസ്റ്റര്‍ ചെയ്യാം. കനകക്കുന്നിലെ ഫെസ്റ്റിവെല്‍ ഓഫീസ് 19 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
/sathyam/media/media_files/2024/12/18/sK2kI3zxzJImnnRC0q9W.jpg)
വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത സംഘടനകള്‍, നഴ്സറികള്‍ എന്നിവയുടെ പുഷ്പാലങ്കാര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രജിസ്ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് 81295 77496, 94000 55397
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us