Advertisment

മലപ്പുറത്തെ CAA വിരുദ്ധ റാലി: മീനച്ചൂടിനെ വകവെക്കാതെ ജനം ഒഴുകിയെത്തി

author-image
ഇ.എം റഷീദ്
Updated On
New Update
pinarayi malappuram.jpg

മലപ്പുറം:  മലപ്പുറത്തെ CAA വിരുദ്ധ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും ചൂടിനെ വകവെക്കാതെ ആയിരങ്ങളാണ് രാവിലെ പത്തരയോടെ മലപ്പുറം ബൈപ്പാസിനടുത്തുള്ള ഗ്രൗണ്ടിലൊരുക്കിയ പന്തലിലേക്ക് ഒഴുകിയെത്തിയത്. നാനാജാതിമതസ്ഥരെ കൊണ്ട് നിറഞ്ഞ സദസ്സ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉൽഘാടനം ചെയ്തു. CAA യെ രാഷ്ട്രീയമായും നിയമപരമായും ഭരണപരമായും നേരിടുമെന്ന് അദ്ദേഹം സംശയലേശമന്യെ വ്യക്തമാക്കി. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വ സങ്കൽപ്പത്തിന് എതിരാണ് മതം നോക്കി പൗരത്വം നൽകുന്ന നിയമം. ഭരണാധികാരികളുടെ പല നിയമങ്ങളും ജനങ്ങളെ അണിനിരത്തി തോൽപ്പിച്ച ചരിത്രമുള്ള നാടാണ് ഇന്ത്യ. അത് മറന്ന് കൊണ്ടാണ് കേന്ദ്രം ഒരു നിയമം പാസ്സാക്കിയാൽ അത് സംസ്ഥാനങ്ങൾ അനുസരിച്ചേ മതിയാകൂ എന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. 

Advertisment

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ കരിനിയമങ്ങൾ സമരം ചെയ്ത് പിൻവലിപ്പിച്ച ദേശീയ പ്രസ്ഥാനത്തിൻ്റെ പാരമ്പര്യം പോലും ഇവർ മറന്നുപോയത് എങ്ങിനെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യയിൽ കേരള സർക്കാർ മാത്രമാണ് സി.എ.എക്കെതിരായി സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. കേരളം അവസാനശ്വാസം വരെ ബഹുജനങ്ങളെ അണിനിരത്തി ഭരണഘടനാ നിയമത്തെ ചെറുക്കും. ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ മനസ്സിൽ തീകോരിയിട്ട കരിനിയമത്തിനെതിരെ നിലപാട് ചോദിച്ച പത്രക്കാരോട്, കോൺഗ്രസ്സ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും കെ.സി വേണുഗോപാലും ആലോചിച്ച് പറയാം എന്നാണ് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞത്. ഭയന്ന് നിൽക്കുന്ന ഒരു ജനതയെ അവഹേളിക്കാനേ ആ ചിരി ഉതകൂ. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും മുസ്ലിങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് ആട്ടിയോടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതീവഗൗരവമുള്ള ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് പറയാതെ ഒഴിഞ്ഞുമാറുന്നത് അവരുടെ ഇരട്ടമുഖമാണ് വ്യക്തമാക്കുന്നത്. ഇടതുപക്ഷം മാത്രമാണ് ആദ്യം മുതൽ ഈ നിമിഷംവരെയും CAA വിരുദ്ധ സമീപനം മറയില്ലാതെ പ്രകടിപ്പിച്ചിട്ടുള്ളത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഏത് പ്രതിസന്ധിഘട്ടത്തിലും മുസ്ലിം ജനതക്കൊപ്പം ഇടതുപക്ഷ കക്ഷികളും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് പിണറായി വിജയൻ തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്. ഹാർഷാരവത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തിങ്ങിനിറഞ്ഞ സദസ്സ് എതിരേറ്റത്.

തുടർന്ന് സംസാരിച്ച അഡ്വ: സെബാസ്റ്റ്യൻ പോൾ നാട്ടിൽ വർഗ്ഗീയ സംഘർഷം ഉണ്ടാക്കാൻ മാത്രമേ പുതിയ നിയമം ഉപകരിക്കൂ എന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ ഒരു നിയമം പാസ്സാക്കാൻ ഒരു പാർലമെൻ്റിനും നിയമനിർമ്മാണ സഭകൾക്കും അധികാരമില്ലെന്നായിരുന്നു സുപ്രീംകോടതിയിലെ സീനിയർ ലോയറും റോഹിംഗ്യ മുസ്ലിങ്ങൾക്കുവേണ്ടി കേസ് നടത്തുന്ന അഭിഭാഷകനുമായ അഡ്വ: പി.വി ദിനേശിൻ്റെ പക്ഷം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര രംഗത്തുള്ളവർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കേരള മുസ്ലിം ജമാഅത്തിൻ്റെ സംസ്ഥാന ഉപാദ്ധ്യക്ഷൻ സി മുഹമ്മദ് ഫൈസി പറഞ്ഞു. നിയമപരമായി മാത്രമല്ല ജനങ്ങളെ അണിനിരത്തിയും, ഭരണസ്വാധീനം ഉപയോഗിച്ചും പൗരത്വ നിയമത്തെ ചെറുക്കണമെന്നാണ്, സമസ്തയുടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിർദ്ദേശപ്രകാരം റാലിയിൽ പങ്കെടുത്ത സുന്നി യുവജന സംഘം നേതാവ് സലാഹുദ്ദീൻ ഫൈസി പറഞ്ഞത്. മുസ്ലിം സമുദായത്തിൻ്റെ വേദനയുടെ കൂടെനിൽക്കുന്നവരുടെ കൂടെ സമസ്തയുണ്ടാകും. അദ്ദേഹം ശബ്ദമുയർത്തി പറഞ്ഞുവെച്ചു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നവരെയും അവർക്ക് കൂട്ട് നിൽക്കുന്നവരെയും വോട്ട് ചെയ്ത് പരാജയപ്പെടുത്തണമെന്ന് മർക്കസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി സൂചിപ്പിച്ചു. രാജ്യത്തെ വെട്ടിമുറിക്കുന്നതിന് തുല്യമാണ് ജനങ്ങളെ മത്തിൻ്റെ പേരിൽ വെട്ടിമുറിക്കുന്നതുമെന്നാണ് കേരള നദ്വവത്തുൽ മുജാഹിദ്ദീൻ പ്രതിനിധി ആദിൽ അതീഫ് സൂചിപ്പിച്ചത്. ലോകത്തൊരിടത്തും മതം നോക്കി പൗരത്വം തീരുമാനിക്കുന്ന ഏർപ്പാട് നിലവിലില്ലെന്നിരിക്കെ ഇന്ത്യ എന്തടിസ്ഥാനത്തിലാണ് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നതെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ: ഫസൽ ഗഫൂർ ചോദിച്ചു. ജനിച്ച മണ്ണിൽ നിന്ന് രേഖകൾ ചിക്കിച്ചികഞ്ഞ് എൻ്റെ സ്നേഹിതൻ മുഹമ്മദിനെ പുറത്താക്കിയാൽ മുഹമ്മദിൻ്റെ കൂടെ താനും പോകുമെന്നാണ് കവി ആലങ്കോട് ലീലാകൃഷ്ണൻ സമാപന സംസാരത്തിൽ കലർപ്പില്ലാതെ പറഞ്ഞത്.

മുൻമന്ത്രി പാലൊളി മുഹമ്മദ്കുട്ടി, മന്ത്രി വി അബ്ദുറഹിമാൻ, മുൻ മന്ത്രി അഹമദ് ദേവർകോവിൽ എം.എൽ.എ, നന്ദകുമാർ എം.എൽ.എ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രൊ. എ.പി അബ്ദുൽ വഹാബ്, ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, സബാഹ് പുൽപറ്റ, ജോണി പുല്ലന്താണി, പീറ്റർ, വി.പി അനിൽ, എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ആനിരാജയും, വി വസീഫും, കെ.എസ് ഹംസയും റാലിയുടെ ഭാഗമായി. 

എം സ്വരാജ് ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുത്തു. സദസ്സ് മുഴുവൻ എഴുന്നേറ്റുനിന്ന് അതേറ്റുചൊല്ലിയാണ് സി.എ.എ വിരുദ്ധ സമ്മേളനം മലപ്പുറത്ത് ആരംഭിച്ചത്. ഭരണഘടനാ സംരക്ഷണ സമിതിയുടെ കൺവീനർ ഇ.എൻ മോഹൻദാസ് സ്വാഗതം പറഞ്ഞു. സമിതിയുടെ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു.

Advertisment